അന്നത്തെ ഭംഗിയൊക്കെ പോയിരുന്നു

Posted on

എടീ അന്റാളതാ വര്ണ്!” ഷമീനയുടെ സ്ഥിരം കളിയാക്കൽ കേട്ട് മടുത്തു. പലപ്പോഴും ഇവളെ മാറ്റി മറ്റൊരു കൂട്ടുകാരിയെ നോക്കിയാലോ എന്നാലോചിക്കാതിരുന്നില്ല സൗമ്യ. എന്ത്‌ വെറുപ്പിക്കലാണിവൾ…

ഏതോ നരകത്തിലെ വണ്ടിയാണെന്ന് തോന്നുന്നു. എന്നും സൗമ്യ സ്കൂളിൽ പോകാൻ ബസ്സ് കാത്തുനിൽക്കുന്നിടത്ത് വന്ന് രണ്ടു കുരയും പൊട്ടിച്ചീറ്റലും പതിവാണ്. അത് കഴിഞ്ഞ് മുന്നിലെ ടയർ പൊക്കി കുതിരയെപ്പോലൊരു ചാട്ടമുണ്ടവന്‌. അവന്റെ ഇളിഞ്ഞ നോട്ടവും കൂളിംഗ് ഗ്ലാസുമൊക്കെക്കൂടി ജഗപൊക ലുക്കാണ്. ഫ്രീക്കനെന്ന് പറഞ്ഞാൽ ഇങ്ങിനെയുമുണ്ടോ?ഒറ്റക്കോലിന്റെ ലുക്ക്! നീർക്കോലി രാജു! മുടിയാണെങ്കിൽ വാനിലുയർന്ന് കുറ്റിച്ചൂലിനെപ്പോലെ ഇങ്കുലാബ് വിളിച്ച് വെറുപ്പിച്ചു നിൽക്കുന്നു.
എങ്ങിനെയാണിവനോട് സ്നേഹം തോന്നുക?
എന്തെങ്കിലുമൊരു മേന്മയുണ്ടായിരുന്നെങ്കിൽ ഒരിഷ്ടമൊക്കെ തോന്നാമായിരുന്നു. ഒരു ജാഡയുമില്ലാതെ തിരിച്ചും ഇഷ്ടമെന്ന് പറയാമായിരുന്നു. മറ്റൊന്നും കൊണ്ടല്ല; അവളും അത്രവല്യ സ്വപ്നസുന്ദരിയൊന്നുമല്ല. ആരെങ്കിലും ഇഷ്ടമെന്ന് പറഞ്ഞാൽ അടുത്ത സെക്കന്റിൽ അവനെ അമ്പരപ്പിക്കാനായി കൊതിച്ച സാധാരണ പെൺകുട്ടി മാത്രമാണ് സൗമ്യ.
അതിന് ഈ വൃത്തികെട്ടവൻ പിറകിൽ നിന്ന് മാറിയിട്ട് വേണ്ടെ മറ്റൊരുത്തന് എന്തെങ്കിലുമൊക്കെ തോന്നാൻ. വല്ലാത്തൊരു കഷ്ടം തന്നെ. ഈ ജന്മത്തിൽ ഇനിയൊരു പ്രണയസൗഭാഗ്യം ഉണ്ടാവില്ലെന്ന് തോന്നുന്നു… നികൃഷ്ടജന്തു! അവളവനെ പ്രാകി സങ്കടമൊതുക്കി.

അതൊക്കെ സഹിക്കാം, ഇന്നാട്ടില് കുറേ ചെത്ത് പയ്യന്മാരുണ്ട്. ആരെങ്കിലും ഒന്ന് പുറകേ വന്നാൽ മതി, അപ്പോൾ തന്നെ ഇവന്മാർ വന്നത് മുടക്കും. നീർക്കോലിടെ പെണ്ണാത്രേ! ഇവന്മാർക്കൊക്കെ ഇത്ര സ്നേഹം തോന്നാൻ എന്ത് സത്യാഗ്രഹമാണ് രാജുവേട്ടൻ ചെയ്തിട്ടുണ്ടാവുക?
ഏ..ഹേ രാജുവേട്ടൻ! കോപ്പ്. നീർക്കോലി രാജു, അതുമതി. വല്ല്യ ഡെക്കറേഷനൊന്നും വേണ്ട. അടങ്ങി നിന്നോ നീ. അവൾക്ക് സ്വയം തിരുത്തിയേ തീരൂ. സൗമ്യയുടെ സ്വപ്നങ്ങളുടെ ഏഴയലത്ത് വരാതിരുന്ന രാജു ഇപ്പോൾ ചിന്തകൾക്കിടയിൽ വലിഞ്ഞുകേറി വന്ന് സ്വയമങ്ങ് ഏട്ടൻ പരിവേഷം ചാർത്താൻ തുടങ്ങിയിരിക്കുന്നു.

അതല്ല രസം, ഇന്നാള് രാജു മോർണിംഗ് ഷോയ്ക്കിടയിൽ എന്നത്തെയും പോലെ കുതിരച്ചാട്ടം നടത്തിയപ്പോൾ ബൈക്ക് പിടുത്തം വിട്ട് വട്ടംകറങ്ങിയുയർന്ന് പള്ളിമതിലിൽ മരണച്ചാർത്തായിരുന്നു. ആ വീഴ്ച്ചയുടെ പരിഭ്രമത്തിൽ അവൾ “രാജ്വേട്ടാാാ…”എന്ന് നീട്ടിവിളിച്ചെന്നും പറഞ്ഞ് കൊല്ലാക്കൊല ചെയ്യുന്നു പയ്യന്മാർ.

എട്ടായി വീണ നീർക്കോലിയുടെ അന്ത്യകൂദാശ അന്നേ നടക്കേണ്ടതായിരുന്നു. എന്തായാലും അന്നുമുതൽ ആലോചിക്കുന്നതാണ്. ഇവനൊന്ന് നന്നായിക്കൂടെ?
മനുഷ്യന്റെ പോലെ നടന്നുകൂടെ ഇവന്?
അതുമാത്രം മതിയവൾക്ക്, ഇഷ്ടം തുറന്നുപറയാൻ.

വലിയ സ്വപ്നമൊന്നുമില്ല. ചെറിയ വീടും നിറയെ കുഞ്ഞുങ്ങളും പിന്നെയൊരു ബൈക്കും, അത്രയും മതി. അതിന് ഇവൻ വഴിക്ക് വരണ്ടേ.

ആയിടയ്ക്ക് അടുത്ത വീട്ടിലെ കല്യാണത്തിന് മണവാട്ടിയ്ക്കൊപ്പം‌ വിരുന്ന് പോയപ്പോഴാണ് മണ്ഡപത്തിനടുത്ത് വീട്ടിനു മുൻപിൽ നീർക്കോലിയുടെ വസ്ത്രം ഉണക്കാനിട്ടിരിക്കുന്നത് കണ്ടത്. ങേ, ഒന്ന് കറുപ്പും മറ്റൊന്ന് നീലയും പിന്നൊരു ചുവപ്പും.അത്രയുമേ ഉള്ളൂ അതവൾക്കുമറിയാം. അകത്തൊരു മുത്തശ്ശിയെ കാണുന്നുണ്ട്
എന്തും വരട്ടെ
” ടീ ഷമീനാ ദാ നീർക്കോലിടെ വീടാന്ന് തോന്ന്ണ്. വാ നമ്മക്കൊന്ന് പോയോക്കാം” ഷമീന പിന്നെ എല്ലാത്തിനും എന്നും റെഡിയായിരുന്നു.
അങ്ങനെ അവരവന്റെ മുറ്റത്തേയ്ക്ക് കടന്നു. നല്ല രസമായിരുന്നു. ചെക്കന്റെ പോലല്ല വീട്ടുകാര്. അവിടെയാകെ വളരെ മനോഹരമായിരുന്നു. കുഞ്ഞുമുറ്റമാണെങ്കിലും കാലെടുത്ത് വെക്കുമ്പോൾ തന്നെ മനസ്സിലൊരു കുളിരായിരുന്നു അവർക്ക്.
അവരെ വരവേൽക്കാനെന്നോണം എങ്ങുനിന്നോ ഒരു കുഞ്ഞിക്കാറ്റ് കാതിൽ‌ കുസൃതിയോതി‌ കടന്ന് പോയത് ഓർക്കുമ്പോളിന്നൊരു വിങ്ങലാണ് മനസ്സിൽ.

വീട്ടിൽ രാജു ഇല്ലാതിരിക്കണേ. ഒന്നുമല്ല, ആ മോന്ത കണ്ടാൽ‌ ആ സുഖവും കുളിരുമൊക്കെയങ്ങ് പോയിക്കിട്ടും.
ഇറയത്ത് ചാരിനിർത്തിയ കുതിരവണ്ടിയിലേയ്ക്ക് ദ്രവിച്ച ഓലത്തുറുമ്പ് പൊടിഞ്ഞുവീണത് ഷമീനയറിയാതെ ചുരിദാറിന്റെ ഷാളെടുത്ത് ഒന്ന് തട്ടിക്കളയാൻ തോന്നി. എന്തോ ആ ബൈക്ക് സ്വന്തമാണെന്നോ, ആവുമെന്നോ ഉള്ളിലെവിടെയോ എഴുതിച്ചേർത്തതു പോലൊരു തോന്നൽ.

പുറത്തെ നാലുമണിപ്പൂക്കളും, വാടാമല്ലിയുമൊക്കെ വല്ലാതെ കൊതിപ്പിക്കുന്നു. കുറച്ചു സമയം അതിനിടയിലിരുന്ന് അവർ വീടിന്റെ ഉമ്മറത്തേയ്ക്ക് കയറി. പുറത്തെ ചൂടിൽ നിന്ന് രക്ഷനേടാൻ ഓലമേഞ്ഞ വീടിനോളം വരില്ല ഒന്നും.

“ആരാ, എവ്ടുന്നാ?” പ്രായമായ സ്ത്രീയുടെ ഇടർച്ചയുള്ള ശബ്ദമാണത്. രാജുവിന് അച്ഛനും അമ്മയുമില്ലെന്നറിയാം. പിന്നാരാണ്?

“ഹാ ഞങ്ങളിവ്ട്ത്തെ സുനിതടെ സ്കൂളീ പഠിക്ക്ണോരാ. ഇവിടെ കല്ല്യാണത്തിന് വന്നതാ. രാജൂന്റെ മുത്തശ്ശ്യാ?” ഷമീനയാണതിന് മറുപടി കൊടുത്തത്.

“അങ്ങിനേം പറയാം. സുനിത ദേ മണ്ഡപത്തില്ണ്ടാവൂല്ലോ.
രാജു ഇവിടിണ്ട്, കുളിക്ക്യാ. മക്കളിരിക്ക്”

കുളിക്ക്യേ! രാജ്വോ! കണ്ടാൽ തോന്നില്ല. അവൾക്ക് വിശ്വസിക്കാൻ‌ പ്രയാസം തോന്നി. എന്നും കുളിക്കുന്ന രാജു! അങ്ങനെ മേന്മ ഒന്നായി. ഇനിയും ഉണ്ടാവുമായിരിക്കും.

അപ്പോഴാണ് അടുക്കളയിലൂടൊരു ചൂളം വിളിയുമായി ഒന്നരക്കാലിൽ‌ നൃത്തംചവിട്ടി നീർക്കോലി കുളികഴിഞ്ഞെത്തിയത്! കൈകൾ ചിറകുപോലെ വിരിച്ച് ചാടിച്ചാടി വന്നവൻ അവരെ കണ്ടതും സ്തബ്ധനായി. “ഇന്റള്ളോ സൗമ്യ!” എന്നും പറഞ്ഞ് ഓവർസ്പീഡായിരുന്ന വണ്ടി ബ്രേക്ക് ചവിട്ടിയെങ്കിലും വഴുതിപ്പോയി. ദേ കിടക്കുന്നു ചാന്തിട്ട തറയിൽ! ആ വീഴ്ചയിൽ തോർത്തഴിഞ്ഞവന്റെ ഉള്ളിലിരിപ്പ് പുറത്ത് വന്നു! മുത്തശ്ശിയൊന്ന് നിലവിളിക്കാതിരുന്നില്ല.
അല്ല, ആരായാലും നിലവിളിച്ചു പോകും.
ശബ്ദം കേട്ട് ദേ രണ്ടാമതൊരു മുത്തശ്ശി‌ കൂടി പുറത്തുവന്നു. പക്ഷേ ആ മുത്തശ്ശി എന്നും രാമനാമം ജപിക്കുന്നത് കൊണ്ടാവണം, അവർ വരുന്നതിനു മുൻപേ രാജു‌ തോർത്ത് ചുറ്റി സടകുടഞ്ഞെണീറ്റിരുന്നു.

ആ സീനെല്ലാം‌ കഴിഞ്ഞ് രണ്ടുപേരും സുനിതയെ തിരക്കിയിറങ്ങി.

ഒന്ന് കേൾക്കെടോ ശ്ശെന്തൊരു കഷ്ടാണ്ത്…എന്നൊക്കെ പറഞ്ഞ് പലവട്ടം പിറകെ നടന്നിട്ടും ഒന്നിനും നിന്നു തരാതിരുന്ന സൗമ്യ തന്നെ തിരക്കി വന്നതിൽ അത്ഭുതം തോന്നാതിരുന്നില്ല സുനിതയ്ക്ക്. ഏട്ടനെക്കുറിച്ച് ചോദിക്കാനാവണേ ഈശ്വരാ എന്നാശിക്കുന്നതിനു മുൻപേ സൗമ്യ വലിയ അടുപ്പമൊന്നും ഭാവിക്കാതെ ചോദിച്ചു:
“ആരാ വീട്ടില് രണ്ട് വയ്സായോര്?”

“അതാരും ഇല്ലാത്തോരാ. ഏട്ടന് വല്ല്യ ഇഷ്ടായിട്ട് കൂട്ടിക്കൊട്ന്നതാ” അവൾക്ക് വല്ല്യ താത്പര്യമില്ലായിരുന്നു മറുപടി പറയാൻ… പ്രതീക്ഷിച്ച ചോദ്യമല്ലല്ലോ അതുകൊണ്ടാവും.

പക്ഷേ, ഇതുകേട്ട സൗമ്യയുടെ കണ്ണുകൾ വിടർന്നു. അവൾ സൗമ്യഭാവമൊക്കെ വിട്ട് ചോദിച്ചു.

” അന്റെ ഏട്ടന് ഇന്നോടെന്തോ പറയാണ്ട്ന്ന് പറഞ്ഞിലേ ഇയ്യ് പറയ്”

“അത്…അത് പിന്നെ പറയാം. അല്ലെങ്കീ…അല്ലെങ്കി നേര്ട്ട് ചോയ്ക്കോ?”
അവൾ പതറിപ്പോയിരുന്നു. സൗമ്യയുടെ പെട്ടെന്നുള്ള ചോദ്യവും അതിലേറെ, ആഴമേറും ആഴിനിറക്കണ്ണുകളേയും അവൾക്ക് പ്രതിരോധിക്കാനായില്ല.

“എന്തേര്ന്ന് ഓളൊര് ഇത്. ഇത്രക്കൊള്ളൂ ഇയ്യി? ഇന്നാ പൊയ്ക്കോട്ടാ.” ഷമീനയവളെ ഒന്ന് കളിയാക്കി. അത് കേട്ട സുനിത പെട്ടെന്നവിടുന്ന് തടിതപ്പി.

വല്ലാത്തൊരു സൗന്ദര്യമായിരുന്നു സൗമ്യയുടെ മിഴികൾക്കപ്പോൾ…
മൊഴിയിൽ കിലുങ്ങും കൊലുസ്സായിരുന്നു…
അന്ന് എല്ലാമൊന്ന് ഏട്ടനോട് പറയാനായി അവൾ ഓടി വീട്ടിൽ കയറിയതും, രാജുവിന്റെ കാതിൽ മൊഴിയുന്നതും, രാജു തങ്ങൾ പോകുന്നത് വരെ നോക്കി നിന്നതുമൊക്കെ ഇന്നും വേദനയോടെയല്ലാതെ സൗമ്യക്ക് ഓർത്തെടുക്കാനാവില്ല.

പിറ്റേന്ന് രാജുവിനെ, അല്ല…രാജുവേട്ടനെ ബൈക്കുമായി കാണാഞ്ഞ് സൗമ്യ സങ്കടപ്പെട്ട് കൺമഷി കൈത്തണ്ടയിൽ പരന്നു. പിന്നീട് ബസ്സിലിരുന്ന് സങ്കടം പടർന്ന് കണ്ണീരൊഴുക്കിയത് കണ്ണീർക്കടലിൽ ചെന്നെത്തുമെന്ന് വിചാരിച്ചിരുന്നില്ല.
ഒടുവിലൊരു കുലുക്കത്തോടെ ബസ്സ് ഘോരശബ്ദത്തിലാ കാർ ഇടിച്ചു തെറിപ്പിച്ചപ്പോൾ നിർത്തിയിട്ട വാനിനും കാറിനുമിടയിൽ പെട്ടുപോയത് രാജുവേട്ടനാണെന്ന് ഷമീന പറഞ്ഞപ്പോഴും വിശ്വസിച്ചില്ല.
പക്ഷേ, ഓടിവന്നവർ വാൻ തള്ളിമാറ്റിയപ്പോൾ രാജുവിന്റെ വായിൽ നിന്നാണ് കുടംകണക്കേ രക്തമൊഴുകിയതെന്ന് മനസ്സിലായതും കണ്ണിലിരുട്ട് പരന്നു.
പിന്നെയൊന്നും ഓർമ്മയിലില്ല. അഴയിൽ നിന്നുതിർന്നൊരു തട്ടം പോലവൾ‌ ഒഴുകിവീണു.
പിന്നാരോ പറഞ്ഞു കേട്ടു ഒന്നു‌ പിടഞ്ഞു പോലുമില്ലെന്ന്… പക്ഷേ അന്ന് രാജു പിടഞ്ഞില്ലെങ്കിലും സൗമ്യ നിലവിട്ടൊഴുകിയ മനസ്സിന്റെ നിലയില്ലാക്കയത്തിൽ നിലതേടിപ്പിടഞ്ഞിരുന്നു.

പിന്നീട് ആരും കാണാതുള്ളം ചുടുകാട്ടിൽ കത്തിപ്പടർത്തി കെട്ടടക്കി.
അപ്പോഴും അടങ്ങാത്ത കനൽക്കല്ലുകൾ ബാക്കിയായിരുന്നുള്ളിൽ.

പിന്നൊരിക്കൽ ചെണ്ടുമല്ലിപ്പൂവിനും നാലുമണിപ്പൂവിനുമിടയിൽ നടന്നു കയറിയ സൗമ്യയ്ക്ക് വീണ്ടും സങ്കടമായി.
മുറ്റമാകെ മാറിയിരുന്നു.
അന്നത്തെ ഭംഗിയൊക്കെ പോയിരുന്നു.
വണ്ടിയുടെ ടയർ മണ്ണോട് പതിഞ്ഞ്‌ പോയിരുന്നത് കണ്ട് പിടിച്ച് നിൽക്കാനായില്ല സൗമ്യയ്ക്ക്.
പൂക്കൾക്കെല്ലാം ചോരച്ചുവപ്പ് നിറമായിരുന്നന്ന്.
വാടാമല്ലിയും വാടിത്തുടങ്ങി.
വിതുമ്പലൊതുക്കാൻ പാടുപെട്ട സൗമ്യയുടെ മിഴികളിലന്നത്തെ തീവ്രത കാണാഞ്ഞ് സുനിതയൊന്ന് ചിണുങ്ങാതിരുന്നില്ല.
എല്ലാം കഴിഞ്ഞ് യാത്രയാവുമ്പോൾ‌ മുത്തശ്ശിമാരുടെ ചുളിഞ്ഞ പാളികൾക്കിടയിലെ നാലു മണിപ്പൂങ്കണ്ണുകളിലും പ്രതീക്ഷയുടെ എല്ലാ തിരിവെട്ടവും കെട്ടുപോയിരുന്നു…
അവളുടെ ഉള്ളു പിടഞ്ഞതറിഞ്ഞാവണം, നേർത്തുനേർത്തൊരാ കുഞ്ഞിക്കാറ്റ് വീണ്ടും വന്ന് ചിണുങ്ങി വീശിയവളുടെ മിഴിനീരുണക്കാൻ കുഞ്ഞിനേപ്പോലെ വെറുതേ ശ്രമിക്കുന്നുണ്ടായിരുന്നു.
* * * * * * * * *

അകാലത്തിൽ പൊലിഞ്ഞ നന്മനക്ഷത്രം രാധാകൃഷ്ണേട്ടന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുൻപിൽ ശിരസ്സ് നമിക്കുന്നു.

16320cookie-checkഅന്നത്തെ ഭംഗിയൊക്കെ പോയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *