നിനക്കൊന്ന് സംസാരിച്ചൂടെ അശ്വതി ഹരിയേട്ടനോട്,ഇത്രക്ക് പാടില്ലാട്ടോ ഇത് കുറച്ച് കൂടുതലാ, എത്ര വട്ടം നിന്നോട് സംസാരിക്കാൻ ശ്രമിച്ചതാ ഹരിയേട്ടൻ, ഇത്രക്ക് ഗമ പാടില്ല..
അശ്വതി വേദനയോടെ വനജയെ നോക്കി
,തന്റെ എല്ലാ അവസ്ഥകളും അറിയുന്ന പ്രിയ കൂട്ടുകാരി നീയും ?
ദരിദ്രനായ അച്ഛന്റെ മൂന്ന് പെൺമക്കളിൽ മൂത്തവളായ തനിക്ക് കുബേര പുത്രനോട് പ്രണയം നിഷിദ്ധമല്ലേ,
വനജയെന്തേ അത് മനസ്സിലാകുന്നില്ല
വേദനയോടെ നിൽക്കുന്ന ഹരിയെ അവൾ നിസ്സഹായതയോടെ തിരിഞ്ഞു നോക്കി
..അതെ ആ മനുഷ്യൻ കാത്തു നിൽക്കുന്നത് നിനക്ക് വേണ്ടിയാണ് എന്നെങ്കിലും ഒരുനാൾ നീ അയാളെ ഇഷ്ടപ്പെടും എന്ന വിശ്വാസത്തിൽ, ഇഷ്ടമില്ലെങ്കിൽ അത് തുറന്നു പറ അല്ലാതെ ഇങ്ങനെ ഇട്ട് കുരങ്ങ് കളിപ്പിക്കരുത് അശ്വതി..
അശ്വതിയുടെ മനസ്സ് നീറി
ദുഃഖഭാരത്താൽ കണ്ണുകൾ നിറഞ്ഞു
..നിനക്ക് വേണ്ടി ഞാൻ സംസാരിക്കാം വനജേ. ഇതിന്റെ പേരിൽ നീ എന്നോട് പിണങ്ങാതിരിക്കാൻ വേണ്ടി മാത്രം..
ഉറച്ച കാൽ വെയ്പ്പോടെ അശ്വതി ഹരിയുടെ അടുത്തേക്ക് നടന്നു
.. ഹരിയേട്ടാ..
കുയിൽ നാദം പോലെയുള്ള അവളുടെ സ്വരം കുളിർ മഴയായി അവന്റെ മനസ്സിൽ പെയ്തിറങ്ങി
മിഴികൾ ഉയർത്താതെ അവൾ പറഞ്ഞു തുടങ്ങി
.. എന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഹരിയേട്ടൻ ഇവിടെ നിൽക്കുന്നത് എന്ന് എനിക്കറിയാം,
സ്നേഹത്തിന്റെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കാൻ എനിക്കാവില്ല, ഒരിക്കലും നമുക്ക് ഒന്നാവാനും കഴിയില്ല എന്ന് ഹരിയേട്ടന് അറിയാം, കാരണം പാവപ്പെട്ടവർക്കും പണക്കാർക്കും ഇടയിൽ വലിയൊരു മതിലുണ്ട്, ആ മതിലിനപ്പുറം പൊട്ടിപൊളിഞ്ഞ കൂരയിലാണ് എന്റെ ജീവിതം,
അത് കൊണ്ട് എന്നെ കാണാൻ ഹരിയേട്ടൻ ഇനി വരരുത്..
അവന്റെ മറുപടിക്കായി കാത്തു നിൽക്കാതെ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ നടന്നകന്നു
അവളുടെ വാക്കുകൾ കേട്ട് ഹരിക്ക് വേദനയോ വിഷമമോ അല്ല മറിച്ച് സന്തോഷമാണ് തോന്നിയത്
,,ഹരിയേട്ടാ,,എന്ന അവളുടെ വിളി പ്രതീക്ഷയുടെ വെളിച്ചം മനസ്സിൽ തെളിഞ്ഞ് അവന്റെ മുഖത്ത് പ്രകാശിച്ചു…….
..എന്താ ഹരി മുഖത്ത് പതിവില്ലാത്ത ഒരു തെളിച്ചം..
വീട്ടിലെത്തിയ മകന്റെ മുഖത്തെ പുഞ്ചിരി കണ്ട് ഗോവിന്ദൻ പിള്ള ചോദിച്ചു
..ഒന്നുല്ല അച്ഛാ..
..മ്മ്.. ഒന്നും ഇല്ലാതിരുന്നാൽ നല്ലത്..
ഒന്നിരുത്തി മൂളിയിട്ട് അയാളത് പറയുമ്പോൾ ചുണ്ടിൽ ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു
മുറിയിലേക്ക് കയറിയ ഹരി കട്ടിലിൽ കയറി ചാരി ഇരുന്ന് കണ്ണുകൾ മെല്ലെ അടച്ചു
ദീപാരാധന തൊഴാൻ അമ്പലത്തിൽ എത്തിയ അശ്വതിയുടെ മുഖം
,,ഹോ,, എന്തൊരു ഐശ്വര്യമാണാ മുഖത്ത്,,
,,കൂട്ടുകാരികളുമൊത്ത് ചിരിച്ചു വരുന്ന അവൾ തന്നെ കണ്ട മാത്രയിൽ മിഴികൾ താഴ്ത്തി നിശ്ശബ്ദയായത് എന്തിനാണ്?
..എന്താടാ പതിവില്ലാത്ത ഒരാലോചന?..
അച്ഛന്റെ ചോദ്യം കേട്ട് ഹരി എഴുന്നേറ്റിരുന്നു
കൂട്ടുകാരെ പോലെയാണ് അച്ഛനും മകനും പക്ഷെ ഈ കാര്യം പറയാൻ ഹരിക്ക് പേടി ആയിരുന്നു
മകന്റെ അടുത്തിരുന്ന് അയാൾ അവന്റെ മുഖത്തേക്ക് നോക്കി
..എന്ത് പറ്റിയെടാ നിനക്ക് അച്ഛനോട് പറ..
..അത്.. അച്ഛാ.. പിന്നെ.
അവൻ വാക്കുകൾ കിട്ടാതെ പരതി
..മ്മ് അപ്പൊ എന്തോ ഗൗരവമുള്ള കാര്യമാണ്..
..അച്ഛന് ഇഷ്ടമായില്ലെങ്കിലോ എന്ന പേടിയാണ് എനിക്ക്..
..കാര്യം എന്താണെന്ന് അറിയാതെ എങ്ങിനെയാടാ ഇഷ്ടവും ഇഷ്ടക്കേടും തീരുമാനിക്കുക..
അയാൾ അവന്റെ തോളത്ത് തട്ടി
.. എന്താണെങ്കിലും നീ പറ..
ഹരി കട്ടിലിൽ നിന്ന് എഴുന്നേറ്റു
.. ഞാൻ എന്തും അച്ഛനോട് പറഞ്ഞിട്ടേ ചെയ്തിട്ടുള്ളു പക്ഷെ,, ഇത്,, അച്ഛൻ അതെങ്ങിനെ എടുക്കും എന്നെനിക്കറിയില്ല..
.. അതിനു ഇത്രേം വലിച്ചു നീട്ടേണ്ട കാര്യമുണ്ടോ..
..അച്ഛാ എനിക്കൊരു കുട്ടിയെ ഇഷ്ടമാണ്..
..ഹ ഹ ഹ ഇതാണോ കാര്യം ഇതിനാണോ മുട്ടയിടാൻ മുട്ടിയ കോഴിയെ പോലെ നീ പരുങ്ങിയത്..
അച്ഛൻ മകനെ കളിയാക്കി
..ഈ പ്രായത്തിൽ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ ആർക്കും ഇഷ്ടമൊക്കെ തോന്നും..
ലക്ഷ്മിയമ്മ വരുന്നുണ്ടോ എന്ന് നോക്കി അവന്റെ ചെവിയിൽ അയാൾ രഹസ്യം പോലെ പറഞ്ഞു
..അച്ഛനും തോന്നിയിട്ടുണ്ടെടാ,,, അവസാനം അവൾ കെട്ടി രണ്ട് കുട്ടികൾ ഉണ്ടായ ശേഷാ ഞാൻ നിന്റെ അമ്മയെ കെട്ടിയത്..