കാരണം പറഞ്ഞാലൊന്നും നിനക്ക് മനസ്സിലാവണം എന്നില്ല!

Posted on

ഉമ്മ എന്നെ വിളിച്ചിരുന്നോ..?

കല്യാണം കഴിഞ്ഞു തിരക്കുകളെല്ലാം ഒഴിഞ്ഞപ്പോൾ രാത്രി കുടുംബക്കാരുടെ കൂടെ കത്തിയടിച്ചിരിക്കുന്ന ഉമ്മയോട് ഞാൻ ചോദിച്ചു.

ഇന്ന് നിന്നെ ഇവിടെ ആരും വിളിക്കൂല..
ദേ ഷാനോ മര്യാദക്ക് റൂമിൽക്ക് പൊയ്ക്കോ അതാ അനക്ക് നല്ലത്..

ആദ്യരാത്രി ആയിട്ട് ഓൻ പന്തുകളിക്കാൻ പോവാത്രേ..
ഒന്നും ഓന്റൊരു നശിച്ച പന്തുകളിയും..
പെണ്ണുകെട്ടിയാലെങ്കിലും നേരെയാവുമെന്ന് കരുതിയ ഒരുത്തിയെ കണ്ടുപിടിച്ചു കെട്ടിക്കൊടുത്ത്, പക്ഷെ എവിടെ നന്നാവാൻ. പണ്ടുള്ളോർ പറയണത് ശെരിയാ അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അത് കിടക്കൂല..

കേട്ടുനിൽക്കുന്ന അമ്മായി മൂത്തച്ചി എളാമ എന്നുവേണ്ട ഒരു കല്യാണപ്പുരയിൽ നിക്കാൻ സാധ്യതയുള്ള മുഴുവൻ പെണ്ണുങ്ങളും എന്നെ നോക്കി ചിരിക്കുന്നുണ്ട്…

ദേഷ്യം കേറിയപ്പോൾ ഞാൻ പറഞ്ഞു.
ദേ ഉമ്മാ ഇങ്ങള് വേണേൽ ന്റെ ബാപ്പാക്ക് പറഞ്ഞോളി ഞാനത് സഹിക്കും. പക്ഷേങ്കി ന്റെ ഫുട്ബോളിനെ പറ്റിപ്പറഞ്ഞാൽ ചെലപ്പോൾ ഞാനത് സഹിച്ചോളണം എന്നില്ല.. പറഞ്ഞില്ലാന്ന് മാണ്ട.

കല്യാണം ഈ ദിവസ്സം ആക്കിയപ്പളേ ഞാൻ നിങ്ങളോട് പറഞ്ഞില്ലെന്ന് ഈ ദോസാം മാണ്ട എനിക്ക് കളിണ്ടെന്ന്.. അപ്പൊ ങ്ങളല്ലേ പറഞ്ഞെ കെട്ടുകഴിഞ്ഞാൽ അനക്ക് കളിക്കാൻ പോകാന്ന്.. എന്നിട്ടിപ്പോ
ഞാൻ എന്തായാലും പോകും..

ഇയ്യ്‌ പോവൂല ഷാനു.. അന്നെപെറ്റത് ഞാനാണെങ്കിൽ ഇന്ന് ഇയ്യ്‌ പോവൂല..
പാറേപ്പറമ്പിൽ റസിയ ആണ് പറയ്‌ണെ..

ആ റസിയന്റെ മോനാണ് ഞാനെങ്കിൽ ഇന്ന് ഞാൻ പോകും..
ഇല്ല..
പോകും..
ഇല്ല..
ബെറ്റുണ്ടോ..
ഉണ്ട് നൂറുപ്യേക്ക്..
ഓക്കേ
ഇതും പറഞ്ഞു ഞാൻ നേരെ റൂമിലേക്ക് നടന്നു..

മലബാറിൽ ജനിച്ചത് കൊണ്ടാവും ഫുട്ബോൾ എനിക്ക് ജീവശ്വാസം പോലെയാണ്.. ചെറുപ്പത്തിൽ എപ്പോഴോ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്ന്.
എന്റെ പ്രായത്തിലുള്ളവർ പഠനവും പ്രേമവും ജോലിയുമൊക്കെയായി നടക്കുമ്പോൾ ഞാൻ മാത്രം പാടത്തു കളിച്ചും, പന്തിനെ പ്രേമിച്ചും അതിനൽനിന്നും സമ്പാദിച്ചും ഒക്കെയായി നടന്നു..
അതിനിടയിൽ എപ്പോഴോ എനിക്ക് കെട്ടുപ്രായമായെന്ന് ഉമ്മാക്ക് തോന്നിക്കാണും അങ്ങനെയാണ് എന്റെ ജീവിതത്തിലേക്ക് ഷാഹിന വരുന്നത്.

കല്യാണം ഞാൻ ആവുന്നതും എതിർത്തുനോക്കി.. പക്ഷെ
എന്നും വൈകുന്നേരം ചെളിയാക്കി കൊണ്ടുവരുന്ന ജേഴ്സിയും ട്രൗസറും എനിക്കിനി അലക്കാൻ ആവില്ലെന്ന് ഉമ്മ തീർത്തുപറഞ്ഞപ്പോൾ എനിക്ക് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നു..

ഇന്നിപ്പോ ഞാനൊരു മണവാളനാണ് ഇതെന്റെ ആദ്യരാത്രിയും..
കട്ടിലിന്റെ അങ്ങേ തലക്കലായി ഷാഹിന ഇരിക്കുന്നുണ്ട്.. എന്നെ കണ്ടതും അവളെണീറ്റു..
ഇരുന്നോളു.. ക്ഷീണം വല്ലതും തോന്നുന്നുണ്ടേൽ കിടന്നോളു.. ഞാൻ പറഞ്ഞു.
ഇക്ക ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ..
അവൾ തലതാഴ്ത്തി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

ഇക്കയ്ക്ക് എന്നെ ശരിക്കും ഇഷ്ടായിട്ട് കെട്ടിയതാണോ അതോ ഉമ്മാടെ നിർബന്ധത്തിന് കെട്ടിയതാണോ..?
വേറൊന്നും കൊണ്ടല്ല.. നേരത്തെ ഇവിടുന്ന് എങ്ങോട്ടോ പോകുമെന്നൊക്കെ ഇക്ക ഉമ്മയോട് പറയുന്നത് കേട്ടു..

അവളുടെ സ്വരം ഇടറുന്നുണ്ട്..

എടോ താൻ കരയല്ലേ.
അങ്ങനൊന്നുമല്ല. എനിക്കിന്ന് മാറ്റിവെക്കാൻ പറ്റാത്ത ചെറിയൊരു പരിപാടി ഉണ്ട്.. അതാ
ഞാൻ പോയില്ലെങ്കിൽ അതാകെ കുളമാവും

എന്ത് പരിപാടി..

അത്… ഒരു കളിയുണ്ട്.. ഞാൻ ശബ്ദം താഴ്ത്തിപറഞ്ഞു..
കളിയോ
അവൾ അത്ഭുദത്തോടെ എന്നെ നോക്കി..

ഞാൻ അവളുടെ അടുത്തേക്കിരുന്നു..
അതേടോ.. ഈ ലോകത് ജീവനില്ലാത്ത ഒന്നിനെ ഞാൻ ജീവനോളം സ്നേഹിച്ചിട്ടുണ്ടേൽ അത് ഫുട്ബോളിനെ മാത്രമാണ്. ന്റെ ഉമ്മയോടും ഇക്കയോടും എന്തേലും കാര്യത്തിന് ഞാൻ ദേഷ്യം പിടിച്ചിട്ടുണ്ടങ്കിൽ അതും ഫുട്ബോളിന്റെ പേരില..

എനിക്കറിയാം ഒരു പെണ്ണിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണ് ഇന്നെന്ന്,. ഒരുപാട് പ്രതീക്ഷയോടെ മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണെന്നുമറിയാം പക്ഷെ ഇന്ന് എനിക്ക് പോണം.. കാരണം
കാരണം പറഞ്ഞാലൊന്നും നിനക്ക് മനസ്സിലാവണം എന്നില്ല.

ഇക്ക പൊയ്ക്കോ. ഇക്കയെ എനിക്ക് മനസ്സിലാവും..
ഇനിമുതൽ ഇക്കാനെ മനസ്സിലാക്കേണ്ടത് ഞാനല്ലേ.. ഇക്കാടെ ഭാര്യയാവാൻ മാത്രമുള്ള അർഹതയൊന്നും എനിക്കില്ല.
ഇക്കാടെ മനസ്സിൽ ഒരു വേലക്കാരിയുടെ സ്ഥാനമാണെങ്കിലും എനിക്ക് സന്തോഷാണ്..

അതെന്താടോ നീ അങ്ങനെ പറഞ്ഞെ..
സ്വന്തമായി ഒരു ജോലിപോലുമില്ലാത്ത, കളിച്ചു നടക്കുന്ന ഈ തലതെറിച്ച എന്റെ ഭാര്യയാവാൻ അതിനുമാത്രം യോഗ്യത വേണോ..

അവളുടെ താടി ഉയർത്തി ഞാൻ പറഞ്ഞു..
നോക്ക്യേ എന്റെ ഭാര്യയാവാനുള്ള നിന്റെ യോഗ്യത എന്താണെന്നോ.. എന്റെ ഉമ്മാക്ക് നിന്നെ ഇഷ്ടപ്പെട്ടു എന്നതാ.. പിന്നെ നമ്മുടെ ആദ്യരാത്രിപോലും എന്റെ മാത്രം ഇഷ്ടം നീ സാധിപ്പിച്ചുതരാൻ സമ്മതിച്ചില്ലേ ഇത്രയൊക്കെ പോരെ..

നേരം അർധരാത്രി കഴിഞ്ഞു വീട്ടിലെല്ലാവരും ഉറങ്ങിയെന്നു തോന്നുന്നു.. പുറത്തൊന്നും ഒരാളുടെയും അനക്കം കേൾക്കുന്നില്ല. ഞാൻ ഷാഹിനയെ നോക്കി.. അവൾ തല താഴ്ത്തിത്തന്നെ ഇരിക്കുവാണ്

ഡോ ഞാൻ പോവാണ്. ഇപ്പം പോയാലേ സമയത്തിന് അവിടെ എത്തൂ..
ജയിക്കാൻ വേണ്ടി നീ പ്രാർത്ഥിക്കണം.
ഉം.
അവളൊന്ന് മൂളി..
ഞാൻ ബൈക്കിന്റെ കീയുമെടുത് വാതിൽ മെല്ലെ തുറക്കുമ്പോൾ പിറകിൽ നിന്ന് അവളുടെ വിളി..
ഇക്കാ
ഞാനും വന്നോട്ടെ..
എന്ത്.. ഏതൊക്കെ തരാം ആൾക്കാരാണെന്നോ അവിടെ ഉണ്ടാവാ.. അതിനിടയിൽ പാതിരാത്രി നീ വന്നാൽ എങ്ങനെ ശരിയാവും.. ഞാൻ പോയി പെട്ടന്ന് തന്നെ വന്നോളാം..
പ്ളീസ് ഇക്ക ഞാനിവിടെ ഒറ്റക്കെങ്ങാനാ.. ഇക്കാടെ കാറിൽ പോകാം. ഞാൻ കാറിൽ തന്നെ ഇരുന്നോളാം. പുറത്തേക്കിറങ്ങൂല. പ്ളീസ് ഇക്ക..

അവളുടെ ദയനീയമായ ചോദ്യം കേട്ടപ്പോൾ എതിർക്കാൻ തോന്നിയില്ല..

ഫോണെടുത്തു നേരെ അൻവറിനെ വിളിച്ചു.. അൻവർ എന്റെ എളാപ്പയുടെ മകനാണ്.. ഞങ്ങളുടെ ക്ലബ്ബിന്റെ നെടുംതൂൺ..
ഡാ നിങ്ങ വിട്ടോ.. ഞാൻ കാറിൽ വന്നോളാം എന്റെ കൂടെ ഒരാളുണ്ട്..

ആരാ ഷാനുക്ക..
അത് ന്റെ കെട്യോളാടാ..
ഹ ഹ ചക്കിക്കൊത്ത ചങ്കരൻ തന്നെ..
നീ വെച്ചുപോട. ഞങ്ങൾ വന്നോളാം..
അതേയ് ഗ്രൗണ്ട് അറിയൂലെ..
അതൊക്കെ എനിക്കറിയാം. അപ്പൊ ശരി അവിടുന്ന് കാണാം..

കാറിൽ അവളെന്റെ തോളിൽ ചാഞ്ഞു കിടക്കുന്നുറങ്ങുന്നുണ്ട്.. പാവം എന്റെ ഓരോ പിരാന്തുകൊണ്ട് അവൾക്ക് നഷ്ടപ്പെടുന്നത് അവളുടെ എത്രവലിയ സ്വപ്നങ്ങളാണ്.. ഓർത്തപ്പോൾ ഉള്ളിലൊരു നീറ്റൽ..

ഗ്രൗണ്ടിലെത്തിയപ്പോൾ ഞങ്ങളുടെ ടീമിന്റെ കളിയാവുന്നതേയുള്ളു.. കാർ ഒരു മൂലയിൽ ഒതുക്കി നിർത്തി ഞാൻ അവളെ ഉണർത്തി. ഡിസംബറിലെ മഞ്ഞുകൾ മണ്ണിലേക്കുറ്റി വീഴുന്നുണ്ട്.. നല്ല തണുപ്പ് കാറിന്റെ ചില്ലുജാലകങ്ങളിൾക്കുള്ളിലോടെ അകത്തേക്ക് തണുപ്പ് ഇടിച്ചുകയറുന്നു..

ഈ രാത്രിയിലും ഗ്രൗണ്ടിന് ചുറ്റും കച്ചവടം സജീവമായി നടക്കുന്നുണ്ട്. വേഗം അൻവറിനെ ഫോണിൽ വിളിച്ചു ഓരോ കട്ടൻ ചായ വാങ്ങിച്ചു..
ചായ ഞാൻ അവൾക്ക് നീട്ടി.

കുടിച്ചോ നല്ല തണുപ്പല്ലേ ഉള്ളൊന്ന് ചൂടാവട്ടെ..

ഊതി ഊതി അവൾ ചായ കുടിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു.. ഞാൻ അവളെത്തന്നെ നോക്കി നിന്നു.

ഞങളുടെ ടീമിന്റെ കളിയായെന്ന് അൻവർ വന്ന് പറഞ്ഞപ്പോൾ ഞാൻ പോകാൻഒരുങ്ങി.
ഞാൻ പോവാ.
പേടിക്കൊന്നും വേണ്ട. അൻവർ പുറത്തുണ്ടാവും. വേണേൽ നീയൊന്ന് ഉറങ്ങിക്കോ. ബാക്കിൽ കിടന്നോ നല്ല ക്ഷീണം കാണും
ഒരു അരമണിക്കൂർ കൊണ്ട് ഞാൻ വന്നോളാം.. എന്തേലും ആവിശ്യമുണ്ടേൽ അവനോട് പറഞ്ഞാൽ മതി..

അൻവറിനെ അവൾക്ക് കാവൽ നിർത്തി ഞാൻ ഗ്രൗണ്ടിലേക്ക് പോയി.

കളിയുടെ ആദ്യ പകുതിയിൽ തന്നെ ഞങ്ങൾ മൂന്നു ഗോളിന് മുന്നിട്ടു നിന്നു. ജയം ഉറപ്പായപ്പോൾ ഞാൻ പകരക്കാരനെ ഇറക്കി വേഗം ഷാഹിനയുടെ അടുത്തേക്ക് പോന്നു..

കാറിനടുത്തായി ഒരു പാറക്കല്ലിൽ അക്ഷമനായി കാത്തുനിൽക്കുന്ന അൻവർ എന്നെ കണ്ടതും ചാടി എണീറ്റ് കളിയുടെ കാര്യം തിരക്കി..
ജയിച്ചെന്നു പറഞ്ഞപ്പോൾ അവന്റെ മുഖത് പൂത്തിരി കത്തിപോലെ..
അവൻ നേരെ ഗ്രൗണ്ടിലേക്കോടി.

കാറിന്റെ അടച്ചിട്ട ചില്ലിനുള്ളിലൂടെ ഞാൻ അകത്തേക്ക് നോക്കി. പാവം ഷാഹിന പിൻസീറ്റിൽ കിടന്നുറങ്ങുകയാണ്.. അവളുടെ കിടപ്പ് കാണാൻ നല്ല ചേലുണ്ട്. ഒരു വെണ്ണക്കൽ ശിൽപം പോലെ..
ചില്ലിൽ ഞാൻ പതുക്കെ മുട്ടിയപ്പോൾ അവൾ ഞെട്ടിയുണർന്നു..

കാറിന്റെ ഡോർ തുറന്നപ്പോൾ ഞാൻ അകത്തു കയറി. അപ്പോഴേക്കും എന്റെ ശരീരത്തിലെ ചൂട് വറ്റിയിരുന്നു, നനഞ്ഞ ജേഴ്‌സി ശരീരത്തെ തണുപ്പിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അത് ഊരി മാറ്റി..

കഴിഞ്ഞോ ഇക്ക.. ജയിച്ചോ..? അവൾ ഉറക്കച്ചുവടോടെ ചോദിച്ചു..
ഹ ഒരു കളി കഴിഞ്ഞു.. ഇനി ഒന്നൂടെ ഉണ്ട് അതാണ് ഫൈനൽ അതും ജയിച്ചാൽ ട്രോഫി അടിക്കാം..
ഉം അവളൊന്ന് മൂളി. എന്നിട്ട് അനുവാദം ചോദിക്കാതെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു..
അതേയ്.. ഞാൻ ആകെ വിയർത്തിരിക്കാ..
അത് സാരല്ല ഇനി ഈ ഗന്ധമല്ലേയിക്ക ഇനി എന്നിലെ സുഗന്ധം.. എന്നുപറഞ് അവൾ എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി എന്നെ അള്ളിപ്പിടിച്ചു കിടന്നു..

ഞാൻ ഫോണിൽ ഒരു പ്രണയഗാനം ശബ്ദം കുറച്ചുവെച്ചു.. എന്നിട്ട് അവളുടെ മുടിയിൽ തലോടി പതുക്കെ കണ്ണടച്ചു.. രാവിലെ മുതൽ ഓടി നടന്നതിന്റെ ക്ഷീണം എന്നെ നന്നായി ബാധിച്ചിട്ടുണ്ട്. കണ്ണടച്ചതും ഉറങ്ങിപ്പോയി..

കാറിന്റെ ഡോറിൽ നിർത്തതേയുള്ളെ മുട്ട് കേട്ടപ്പോഴാണ് കണ്ണുതുറന്നത്, അൻവറാണ്. ഷാഹിനയെ നെഞ്ചിൽ നിന്നും അടർത്തിമാറ്റി സീറ്റിലേക്ക് കിടത്തി ഞാൻ പതുക്കെ പുറത്തേക്കിറങ്ങി..

നേരം നിറം വെച്ചുതുടങ്ങിയിരിക്കുന്നു.. എന്താടാ ഫൈനൽ തുടങ്ങാനായോ..? എന്ന് ചോദിച്ചോണ്ട് ഞാനൊന്ന് ഞെളിഞ്ഞു..

എന്റെ വേഷം കണ്ടപ്പോൾ അവന്റെവ മുഖത്തൊരു കള്ളച്ചിരി നിറഞ്ഞു.
ഫൈനലായി പക്ഷെ ഇങ്ങക്ക് സ്റ്റാമിന ഉണ്ടാവോ കളിക്കാൻ അവൻ ചിരിച്ചോണ്ട് ചോദിച്ചു..
ഡാ ഡാ നീയേ എന്റെ അനിയനാ. അത് മറക്കണ്ട.. കളി തുടങ്ങാനായോ..

തുടങ്ങാനായെന്നോ.. എല്ലാരും മാറ്റി റെഡി ആയി. ഇങ്ങളൂടെ ചെന്നാ മതി..
നേരം വെളുത്തീലെ ഇനീം ഞാൻ ഇവിടെ കവലിരിക്കേണ്ടല്ലോ,. ഞാനൂടെ വരട്ടെ കളികാണാൻ..
പോടാ. നീ ഇവിടെ നിന്ന മതി.. ഞാൻ പോയി വരാം..

അതേയ് ഷാനുക്ക. ആദ്യരാത്രി മിസ്സായതാണ് അതിന്റെ ഒരു വീറും വാശിയുംകളിയിൽ കാണിക്കണം ട്ടോ.. കപ്പില്ലാണ്ടെ മൂത്തമ്മാന്റെ മുഖത് നമ്മളെങ്ങനെ നോക്കും.. അതെപ്പോഴും ഓര്മണ്ടായിക്കോട്ടെ ഗ്രൗണ്ടിലെത്തിയാൽ..

അത് ഞാൻ ഏറ്റടാ.. നീ ഷാഹിന ഉണർന്നാൽ അവൾക്കൊരു ചായ വാങ്ങിക്കൊടുക്കണേ..
ഓക്കേ

ഇത്തവണയും കളിയുടെ ആദ്യപകുതിയായപ്പോഴേക്കും ഞങ്ങൾ രണ്ടുഗോളിന് മുന്നിട്ടു നിന്നു.. രണ്ടും പിറന്നത് എന്റെ കാലിൽ നിന്നും.
രണ്ടാം പകുതിയിൽ ഒരു ഗോളിന് വേണ്ടി അവർ കിടന്നു നെട്ടോട്ടമോടിയിട്ടും പരാജയപ്പെട്ടു.. അവസാനം ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഞങ്ങളിൽ വിജയാഹ്ലാദവും അപ്പുറത് പരാജയത്തിന്റെ നിരാശയും, എല്ലാവര്ക്കും കൈ കൊടുത്തു പിരിഞ്ഞു,

ടൂർണമെന്റിലെ മികച്ച കളിക്കാരനായി എന്നെ തിരഞ്ഞെടുത്തപ്പോൾ ഞങ്ങളുടെ വിജയത്തിന്റെ തിളക്കം കൂടി.. ട്രോഫിയും ക്യാഷ്‌പ്രൈസും വാങ്ങി നേരെ ഷാഹിനയുടെ അടുത്തേക്ക് പോയി. ഞങ്ങളുടെ വിജയമറിഞ്ഞപ്പോൾ അവളിലും സന്തോഷം. ബാക്കി കാര്യങ്ങളൊക്കെ അൻവറിനെ ഏല്പിച്ചുകൊണ്ട് ഞാനും ഷാഹിനയും വീട്ടിലേക്ക് പോയി.

ഇന്നാണ് അമ്മായിയമ്മ സൽക്കാരം.. ഈ കോഴിക്കോടുള്ള കല്യാണത്തിന്റെ ഒരു പ്രേത്യേകത അതാണ്.. കല്യാണത്തിന്റെ അടുത്ത ദിവസ്സം തന്നെയായിരിക്കും അമ്മായിമ്മ സൽക്കാരം.. പെണ്ണിന്റെ വീട്ടുകാരും കുടുംബക്കാരും എന്റെ ബന്ധുക്കളും എല്ലാ ചേർന്ന് ഒരു കുഞ്ഞുകല്യാണത്തിന്റെ വലിപ്പത്തോളം വരുമത്.

ഇപ്പോഴേ നേരം എട്ടുകഴിഞ്ഞു. ഇനി അവിടെ എത്തിയിട്ട് വേണം ഒന്ന് കുളിചൊരുങ്ങാൻ അപ്പോഴേക്കും അവരെത്തുകയും ചെയ്യും.
കാർ വീട്ടുവളപ്പിലെത്തിയതും അകത്തുകൂടിയിരുന്ന എല്ലാവരും പുറത്തേക്കിറങ്ങി.. അവരുടെ മുന്നിലേക്ക് ഞാൻ ജേഴ്സിയും ഷോർട്സും ബൂട്ടുമിട്ട് അസ്സൽ കളിക്കാരന്റെ ലുക്കിൽ ഇറങ്ങിയതും അങ്ങിങ്ങായി ചിരി ഉയർന്നു വന്നു..
എന്റെ പിന്നിലായി ഷാഹിനയെയും കണ്ടപ്പോൾ ചിരിക്കുന്നവരുടെ എണ്ണം കൂടി. പിറകിലേക്ക് കൈകെട്ടി ഉമ്മ മുന്നിൽ വന്നു നിന്നു.

എവിടർന്നെടാ യ്യ്..
ന്റെ കോലം കണ്ടാൽ അറീലെ.. എന്റെ കയ്യിലെ കപ്പെടുത്തു ഉമ്മാക്കുനേരെ നീട്ടി..
ഇതെന്താ..
അതേയ് കളിയ്ക്കാൻ പോയിട്ടുണ്ടെൽ ഷാനു കപ്പും കൊണ്ടേ വരൂ.. ടൂർണമെന്റിലെ മികച്ച കളിക്കാരന് കിട്ടിയതാ,,

പറഞ്ഞു തീർന്നതും ഉമ്മ പിന്നിലൊളിപ്പിച്ച മൈലാഞ്ചികൊമ്പുകൊണ്ട് ചറപറാ അടിയായിരുന്നു..
കണ്ടോണ്ടിരുന്നവരുടെ ചിരി ഉച്ചത്തിലായി. ഒരു വിധം ഉമ്മാടെ കയ്യിന്ന് വടിവാങ്ങി ദൂരേക്കെറിഞ്ഞു,.

അതേയ് ഈ അടി നീ കളിക്കാൻ പോയതിനല്ല.. നീ നന്നാവൂല്ലാ എന്നെനിക്കറിയ. ഇത് ഇന്നലെ കേറിവന്ന ഈ പെണ്ണിനെ കൂടെ നീ കൊണ്ടുപോയതിനാ.
സ്വന്തം ആദ്യരാത്രിയിൽ പന്ത് കളിക്കാൻ പോയ ആദ്യത്തെ പുയ്യാപ്ല ഇയ്യയിരിക്കും.. കുരുത്തം കെട്ടവനെ..

അത് ഞാൻ സമ്മതിച്ചു.. അത് ചിലപ്പോൾ ഞാനായിരിക്കും

പക്ഷേങ്കിൽ കല്യാണം കഴിഞ്ഞ പിറ്റേന്ന് തന്നെ സ്വന്തം കുട്ടിനെ അവന്റെ കെട്യോളെ മുന്നിലിട്ട് വടികൊണ്ട് അടിച്ച ഉമ്മ ഇങ്ങളായിരിക്കും.. അത് ഇങ്ങളും സമ്മതിക്കണം..

പോടാ പോയി കുളിചൊരുങ്ങാൻ നോക്ക് അവരിപ്പം ഇങ്ങെത്തും ..
നീയും ചെല്ല് മോളെ..

പിന്നെ ഉമ്മെയ് ഒരു നൂറുരൂപ ഇങ്ങോട്ട് ഉണ്ടാവും.. ഇന്നലത്തെ ബെറ്റ് മറക്കണ്ട. റൂമിലേക്ക് പോകും വഴി ഞാൻ വിളിച്ചു പറഞ്ഞു
ഞങ്ങൾ കുളിച്ചൊരുങ്ങി വന്നപ്പോഴേക്കും പെണ്ണുവീട്ടുകാർ എത്തി.. ഉമ്മയും ഇക്കയും അവർക്ക് ഹൃദ്യമായ സ്വീകരണം നൽകി.. എല്ലാവരുടെയും മുഖത് തെളിച്ചമാണെങ്കിൽ എന്റെയും ഷാഹിനന്റെയും കണ്ണിൽ ഒരു രാത്രിയുടെ ഉറക്കം നിറഞ്ഞു നിൽക്കുന്നുണ്ട്. ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ അവളുടെ ബാപ്പ അത് കൃത്യമായി കണ്ടുപിടിച്ചു..

എന്താ മോളെ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നത്.. ഇന്നലെ ഉറക്കം ശരിയായില്ലേ..
അത് ഉപ്പ.. അവൾ തപ്പിത്തടഞ്ഞപ്പോൾ ഞാൻ ഇടയിൽ കയറി,..
അല്ലേലും ആദ്യരാത്രി ആരേലും ഉറങ്ങുവോ ഉപ്പ.. ഒരു കോരി ചോറൂടെ ഉപ്പാടെ പ്ലൈറ്റിലേക്ക് ഇട്ടുകൊടുത്തോണ്ട് ഞാൻ ചോദിച്ചു.
സംഗതി ഏറ്റു മൂപ്പർ നിശബ്ദനായി. കേട്ടവരെല്ലാരും വാ പൊത്തി ചിരിക്കുന്നുണ്ട്.
അതിനിടയിലൂടെ അമ്മായിമ്മ മൂപ്പരെ ഒന്ന് നുള്ളുകയും ചെയ്തു..

വിരുന്ന് കഴിഞ്ഞു അവർ പോയതിനു തൊട്ടുപിന്നാലെ ഞമ്മളെ ടീമംഗങ്ങൾ ഒന്നടങ്കം കപ്പുമായി വീട്ടിലേക്ക് വന്നത്.

മൂത്തമ്മെയ് ഞങ്ങളെത്തി ട്ടോ ചോറ് വിളമ്പിക്കോളി.. അൻവർ വിളിച്ചു പറഞു

നിനക്കൊന്നും പച്ചവെള്ളം തരൂല.
എന്റെ കുട്ടിനെ കല്യാണ ദിവസ്സം തന്നെ കളിക്കാൻ കൊണ്ടൊയോരല്ലെടാ ഇങ്ങള്.. ഓനോ വിവരല്ല. എന്നാ നിങ്ങളൊക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കാ.. അതൂല്ല.. തലതെറിച്ച കുറെ പിരാന്തമാർ..

ഇങ്ങള് ഷെമി മൂത്തമ്മ.. പിന്നെ ഒരു സന്തോഷ വർത്തകൂടെ ഉണ്ട്..
ഇന്ന് മുതൽ ക്ലബ് ഷാനുക്കക്ക് ഒരു നാല് വർഷത്തെ നീണ്ട ലീവ് കൊടുത്തീക്ക്.. ഇനി അടുത്ത നാല് വർഷം ഷാനുക്കണേ ഞങ്ങൾ ഫ്രീയാക്കി തന്നു പോരെ…

ഹ അതുമതി
ഡാ ഇവർക്കുള്ള ഭക്ഷണം എടുത്ത് വെക്ക്.. ഏടെ നിങ്ങൾക്ക് കിട്ടിയ കപ്പ് നോക്കട്ടെ..
ഉമ്മ കപ്പിന്റെ അടുത്തേക്ക് പോയി..
ഹൌ ഇത് വെല്യതാണല്ലോ.. ഇന്റത്രേം ണ്ടല്ലോ.. ഇതെങ്ങനാ ഇങ്ങള് ഏറ്റി പിടിച്ചു കൊണ്ടോന്നത്..
അല്ലടാ അൻവറേ.. ഷാനു ഗോൾ ഒക്കെ അടിച്ചീന്യോ..
പിന്നെ ഇക്കയല്ലേ ഫൈനലിൽ രണ്ടുഗോളും അടിച്ചത്.

അവരുടെ സംസാരം കേട്ട് പിന്നിൽ ഞാനും ഷാഹിനയും നിൽക്കുന്നുണ്ട്. ഞാൻ അവളോട് പറഞ്ഞു..
ഇത്രേയുള്ളൂ ഉമ്മ.. എപ്പം ഞാൻ കളിക്കാൻ പോയാലും പ്രാകീട്ടെ വിടത്തോള്ളൂ പക്ഷെ ഞാൻ ജയിക്കണം എന്നുതന്നെയിരിക്കും ഉമ്മേടെ ഉള്ളിലെ പ്രാർത്ഥന..

അല്ല അപ്പൊ ഇനി നാലുവർഷം കളിക്കാൻ പോവൂലാന്ന് പറഞ്ഞത് സത്യാ. ശരിക്കും പോവൂലെ.. ഷാഹിന എന്നെ നോക്കി അതിശയത്തോടെ ചോദിച്ചു..

അതൊക്കെ ഉമ്മാനെ കുപ്പീലാക്കാൻ പറയുന്നതല്ലേ. കളിയില്ലേൽ പിന്നെ ഈ ഞാനുണ്ടോ..
അല്ല ആദ്യരാത്രി ഏതായാലും പോയി.. നമുക്ക് ആദ്യ പകൽ ആക്കിയാലോ..
അവളുടെ ഉള്ളംകൈയിൽ ചൊറിഞ്ഞോട് ഞാനത് പറയുമ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു…

16780cookie-checkകാരണം പറഞ്ഞാലൊന്നും നിനക്ക് മനസ്സിലാവണം എന്നില്ല!

Leave a Reply

Your email address will not be published. Required fields are marked *