റിവേഴ്സ് ഗിയർ 3

Posted on

“മുഖം എന്താടി പെണ്ണെ ഒരു കൊട്ടയുണ്ടല്ലോ….”

തന്നെ നോക്കി കവിളും വീർപ്പിച്ചിരുന്ന അനഖയെ സന്ധ്യ ചൊറിയാൻ തുടങ്ങി.

“ദേ വേണ്ടാട്ടോ…നമുക്കിപ്പോൾ എന്തിനാ പുതിയൊരു കാർ….ആകെ മൂന്ന് പേരുണ്ട് എനിക്കും ഓടിക്കാൻ അറിയാം പിന്നെ ഇപ്പോ എന്റെ പേരിൽ പുതിയ കാറെടുക്കേണ്ട ആവശ്യം…”

“ആവശ്യമൊക്കെ വന്നോളും….
പെണ്ണിന്റെ ഇരിപ്പ് കണ്ടാൽ ഞാൻ കല്യാണം കഴിക്കാൻ പറഞ്ഞപോലെയാണല്ലോ…,”

സന്ധ്യ വിടാതെ അവളെ വീണ്ടും ചൊറിഞ്ഞു.

“ദേ ചേച്ചീ…എനിക്ക് ദേഷ്യം വന്നാൽ അറിയാലോ…പിന്നെ ശോഭാമ്മ വിളിക്കുമ്പോൾ കരയാൻ നിക്കരുത് ഇവള് പിച്ചി മാന്തി എന്നൊക്കെ പറഞ്ഞു….ങാ….”

“പിന്നെ പോടീ…അവിടുന്ന്….
എന്റെ മേത്തുള്ള നിന്റെ പാട് കണ്ടു എന്റെ ഏട്ടൻ എന്നെ സംശയിക്കാത്തത് എന്റെ ഭാഗ്യം….
വേറെ വല്ലോരും ആയിരുന്നേൽ നമ്മള് വല്ല ലെസ്ബും ആണെന്ന് വിചാരിച്ചേനെ….ഹി ഹി ഹി…”

“അയ്യോ….കിണിക്കല്ലേ….
എനിക്ക് വലിയ തമാശ ആയിട്ടൊന്നും തോന്നണില്ല…”

അനഘ സന്ധ്യയുടെ കയ്യിൽ നുള്ളിക്കൊണ്ടു പറഞ്ഞു.

————————————-

“ഡി….ഉറങ്ങിയോ…..”

രാത്രി കിടന്നു കഴിഞ്ഞു സന്ധ്യ അനഖയെ വിളിച്ചു.

“ങ് ഹും…..എന്താ ചേച്ചി….”

“ഞാൻ….ഞാനിന്നു അവരെ കണ്ടിരുന്നു….”

പറഞ്ഞ ശേഷം അപ്പുറത്തു നിന്ന് അനക്കമൊന്നും കാണാത്ത സന്ധ്യ കട്ടിലിൽ അവളുടെ വശത്തേക്ക് ചരിഞ്ഞു കിടന്നു.
മലർന്നു കിടന്നു ചിന്തയിലാണ്ടു കിടക്കുന്ന അനഖയെ അവൾ കണ്ടു.

“അനു…..???”
“ഉം….”

“അവർ അവരുടെ ലൈഫുമായി മുന്നോട്ടു പോകുന്നുണ്ട്….നീ ഇനിയും എത്ര കാലം….”

“അറിയില്ല ചേച്ചി….ഞാൻ ഇപ്പോൾ മുന്നോട്ടു ഒന്നിനെക്കുറിച്ചും ആലോചിക്കുന്നില്ല….ഈയൊഴുക്കിനൊപ്പം നീന്താൻ ഞാൻ പഠിച്ചു….ഈയൊഴുക്കുള്ള കാലത്തോളം ഇങ്ങനെ…ഇതു കഴിഞ്ഞാൽ അറിയില്ല….”

അനുവിനെ ചുറ്റിപ്പിടിച്ചു അവളിലേക്ക് ചേർന്ന് കിടന്നു സന്ധ്യ ഒന്ന് ശ്വാസം വിട്ടു.

“അമ്മ വിളിച്ചപ്പോൾ നിന്നോട് സംസാരിക്കാൻ പറഞ്ഞു…
നിനക്ക് ഒരു പ്രൊപോസൽ നോക്കുന്ന കാര്യം….
ഒഴുക്കിനൊപ്പം ഒരാള് കൂടെ ഉള്ളത് നല്ലതല്ലേ…”

സന്ധ്യ പറഞ്ഞതുകേട്ട അനഘ തിരിഞ്ഞു അവൾക്ക് നേരെ കിടന്നു.

“എന്തെ ഞാൻ ബുദ്ധിമുട്ടായി തുടങ്ങിയോ….എന്റെ ചേച്ചിക്ക്….”

“ദേ ഒറ്റ കുത്തു ഞാൻ തരും…ഞാൻ പറഞ്ഞതിന് അതാണോ അർഥം….നീ പോടീ….നിന്നോട് ഇതൊക്കെ പറയാൻ വന്ന എന്നെ വേണം തല്ലാൻ…”

കെറുവിച്ചുകൊണ്ട് സന്ധ്യ തിരിഞ്ഞു കിടന്നു.

“അയ്യേ ഈ ചേച്ചിയോട് ഒരു തമാശ പോലും പറയാൻ വയ്യ….”

അവളുടെ അരയിലൂടെ കയ്യിട്ടു അവളുടെ പുറത്തേക്ക് ചേർന്ന് കൊഞ്ചിക്കൊണ്ട് അനഘ അവളെ കളിയാക്കി.

“ചേച്ചിക്ക് ഉറപ്പ് തരാൻ പറ്റുവോ ഇനി ഞാൻ ചതിക്കപ്പെടില്ലന്നു….ഇനി ഒരിക്കെ കൂടി എന്റെ ഉള്ളു പൊളിയില്ലെന്നു….”

“എന്റെ കൊച്ചെ എല്ലാവരും അവനെ പോലെ അല്ല….”

സന്ധ്യ വാദിച്ചു.

“അല്ലായിരിക്കാം….പക്ഷെ ഒരിക്കെ ചൂട് വെള്ളത്തില് വീണ പൂച്ചയാ ഞാൻ….
വാക്ക് കൊണ്ടല്ലാതെ എനിക്കെങ്ങനെ ഉറപ്പ് തരാൻ പറ്റും….താലി കെട്ടിയവൻ ചതിച്ചിട്ടു പോയതാ എന്നെ….
ഇനി ഒരിക്കെ കൂടി റിസ്ക് എടുക്കാൻ വയ്യേച്ചി…”

അവളിലേക്ക് ഒന്ന് കൂടി മുറുക്കി കെട്ടിപ്പിടിച്ചു അനഘ പറഞ്ഞപ്പോൾ എതിർക്കാൻ വാക്കുകൾ ഇല്ലാതെ സന്ധ്യ മൗനമായി കിടന്നു.
********************************

രണ്ടു മാസത്തിനപ്പുറം നിസ്സാൻ മഗ്‌നൈറ് അനഖയുടേതായി,

“അനൂന് കാർ കിട്ടിയതിനു നീ എന്തിനാ സന്ധ്യേ ചെലവ് ചെയ്യുന്നേ….”

കുംഭ നിറയെ കയറ്റിയിട്ടും, വാശിപിടിച്ചു വീണ്ടും ചോദിച്ചു വാങ്ങിയ നെറുകം തല വരെ കോച്ചി പോവുന്ന പേരുപോലും വൃത്തിക്ക് പറയാൻ പറ്റാത്ത ഏതോ അന്റാർട്ടിക്കൻ ഡ്രിങ്ക് ഊറ്റി കുടിച്ചുകൊണ്ടു നിഷ ചോദിച്ചു.

“എന്റെ പെണ്ണെ അതാരും എടുത്തോണ്ട് പോവത്തില്ല പയ്യെ കുടിക്ക്…”

തികട്ടി വന്ന ചിരി ഒതുക്കിക്കൊണ്ട് സന്ധ്യ പറഞ്ഞു.
കിറിയിലൂടെ ലീക്കായി ഒഴുകിയ ക്രീം പുറം കൈകൊണ്ടു തോണ്ടിയെടുത്തു നാക്കിലേക്ക് വെയ്ക്കുന്നത് കണ്ട നിഷയെ നോക്കി സന്ധ്യ ഈർച്ച കാണിച്ചു.

“ഹോ ഇതൊരു നേഴ്സ് ആണെന്ന് പറയാൻ നാണാവുണൂ…”

“നീ പറയണ്ടാ ഞാൻ നേഴ്സ് ആണെന്ന് ഞാൻ തന്നെ പറഞ്ഞോളാം പ്രശ്നം തീർന്നില്ലേ…ഇനി ഈ ചെലവ് തന്നതിന്റെ പുറകിൽ എന്താണെന്നു പറ…”

നിഷ വിടാൻ ഭാവമില്ലാതെ ചോദിച്ചു.
“ഞാൻ ജോലി വിടാൻ തീരുമാനിച്ചു…”

കള്ളചിരിയോടെ സന്ധ്യ രണ്ടു പേരെയും നോക്കി.
അനഘ കേട്ടത് വിശ്വസിക്കാതെ വായും പൊളിച്ചു നിന്നു.
എന്നാൽ നിഷ കൂളായി ഒരു ഇളിഞ്ഞ ചിരി ചിരിച്ചിട്ട് സന്ധ്യയുടെ വയറിൽ പതിയെ കൈവെച്ചുഴിഞ്ഞു.

“എപ്പോ ഉറപ്പിച്ചെടി…”

നിഷയുടെ ഭാവം കണ്ടതോടെ അനഖയുടെ മുഖത്തും സന്തോഷം നിറഞ്ഞു.

“സത്യോണോ ചേച്ചി…”

അവൾ അമ്പരപ്പ് ഉള്ളിൽ വെച്ചില്ല..

“ഉം പീരീഡ് മിസ്സ് ആയപ്പോഴെ ഡൌട്ട് ഉണ്ടായിരുന്നു….പിന്നെ ഉറപ്പിച്ചു…
ഇന്ന് ഞാൻ എം ഡി യേക്കണ്ട് സംസാരിച്ചു, അങ്ങേരു ഓക്കേ പറഞ്ഞു. ഒരു ഇരുപത് ദിവസം അത് കഴിഞ്ഞാൽ നേരെ നാട്ടിലേക്ക് ശോഭാമ്മ വീട്ടിൽ എല്ലാം റെഡി ആക്കുന്നുണ്ട്…”

സന്ധ്യ പറഞ്ഞത് കേട്ട നിഷ അവളുടെ കവിളിൽ അമർത്തി ഉമ്മ കൊടുത്തു.

“എനിക്ക് സംശയം ഉണ്ടായിരുന്നു നിന്റെ മുഖത്തെ വിളർച്ചയും പിന്നെ മടുപ്പും ഒക്കെ കണ്ടപ്പോൾ…”

നിഷ സന്ധ്യയെ നോക്കി പറഞ്ഞു.

എന്നാൽ അനഘ പെട്ടെന്ന് സൈലന്റ് ആയതു കണ്ട സന്ധ്യ അവളെ നോക്കി,
മങ്ങിയ മുഖത്തോടെ അവളെ നോക്കി ഇരിക്കുന്ന അനഖയെ കണ്ടതും സന്ധ്യയും വല്ലാതെ ആയി.

“എന്താ അനു എന്താ പറ്റിയെ…”

സന്ധ്യയുടെ ഉള്ളിൽ നിന്നും വേവലാതി ഉയർന്നു.

“ഏയ് ഒന്നൂല്ല ചേച്ചീ…ഞാൻ പെട്ടെന്ന് വേറെ എന്തൊക്കെയോ ആലോചിച്ചു പോയതാ… ഒന്നൂല്ല….”

അനഘ എങ്ങനെയോ പറഞ്ഞൊഴിഞ്ഞു എങ്കിലും അവളുടെ മുഖം കണ്ട സന്ധ്യയ്ക്ക് അവളുടെ ഉള്ളിൽ നിറഞ്ഞ വിങ്ങൽ മനസ്സിലായിരുന്നു.

ട്രീറ്റ് മുഴുവൻ നിഷ വാതോരാതെ സംസാരിച്ചപ്പോൾ അനഘ ആകെ ഗ്ലൂമി ആയി അവരുടെ സംസാരം എല്ലാം വെറുതെ കേട്ടിരുന്നു ചോദിക്കുന്നതിനെല്ലാം മൂളി കേട്ടും എന്തിനൊക്കെയോ ചിരിച്ചും അവളിരുന്നു.

നിഷയെ ഹോസ്പിറ്റലിൽ ആക്കി തിരികെ വരുമ്പോൾ കാറിൽ ഇരുന്നു മൂകയായി ഡ്രൈവ് ചെയ്യുന്ന അനഖയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു സന്ധ്യ.

“അനു….നീ എന്നോട് പിണക്കാണോ….”

തല ചരിച്ചു ഹെഡ്റെസ്റ്റിൽ വച്ച് സന്ധ്യ കൊഞ്ചിക്കൊണ്ട് അവളോട് ചോദിച്ചു.

“എനിക്കെന്തിനാ പിണക്കം….എനിക്ക് പിണക്കൊന്നുല്ല…!!!”

കെറുവിച്ചുകൊണ്ട് ചുണ്ട് കൂർപ്പിച്ചു പിടിച്ചു ഡ്രൈവ് ചെയ്യുന്ന അനഖയെ കണ്ട സന്ധ്യയ്ക്ക് ചിരിയാണ് വന്നത്.

“ദേ സന്ധ്യേച്ചി….എന്നെ കളിയാക്കി ചിരിക്കല്ലേ….”

“ഹ ആര് കളിയാക്കി…നിന്റെ ഇരിപ്പ് കണ്ടപ്പോൾ എനിക്ക് രസം തോന്നീട്ടല്ലേ…”

അവളുടെ കവിളിൽ പിടിച്ചു വലിച്ചു സന്ധ്യ വീണ്ടും കൊഞ്ചിച്ചു.

“ദേ നേരെ ഇരുന്നേ….എന്നിട്ട് ആഹ് സീറ്റ് ബെൽറ്റ് ഇട്ടെ….”

കണ്ണുരുട്ടി കൊണ്ട് അനഘ പറഞ്ഞത് കേട്ട സന്ധ്യ മുഖം ചുളിച്ചു കൊണ്ട് ഇരുന്ന് സീറ്റ് ബെൽറ്റ് ഇട്ടു.

“എടി അനു ഒന്ന് ചിരിക്കെടി….”

സന്ധ്യ വീണ്ടും അവളെ നോക്കി കൊഞ്ചാൻ തുടങ്ങി.

“നീ ഒന്ന് നേരെ നിക്കുന്നത് വരെ ഇവിടെ നിക്കോണോന്നെ ഞാൻ വിചാരിച്ചിട്ടുള്ളൂ….
എനിക്കിഷ്ടം നാട്ടിൽ നിക്കാനാ…നീ ഇല്ലായിരുന്നേൽ എപ്പോഴേ ഞാൻ അങ്ങോട്ടേക്ക് പോയേനെ….”
സന്ധ്യ അനഖയെ തന്നെ നോക്കി ഇരുന്നു.

“ഞാൻ ഇവിടെ എല്ലാം നിർത്തി അങ്ങോട്ട് പോവാൻ ഇരുന്നതായിരുന്നു…അപ്പോഴാ നിന്റെ ഇഷ്യൂ വന്നത്…
പിന്നെ നിന്നെ തനിച്ചാക്കി ഞാൻ എങ്ങനാ പോവുന്നെ….ഒന്നുല്ലേലും നിന്റെ ചേച്ചി അല്ലെടി ഞാൻ….”

സന്ധ്യയുടെ സ്വരം ചിലമ്പിച്ചിരുന്നു.

“അയ്യേ….ഈ ചേച്ചി ഇനി ഇവിടെ കിടന്നു സെന്റി അടിച്ചു കരയുവോ….”

വണ്ടിയുടെ വേഗം കുറച്ചു സന്ധ്യയുടെ കവിളിൽ തട്ടിക്കൊണ്ടു അനഘ ചിരിച്ചു.

“ആദ്യം പെട്ടെന്ന് കേട്ടപ്പോൾ എനിക്കെന്തോ പോലെ ആയി…വീണ്ടും പെട്ടെന്ന് ഒറ്റക്കാകുവാണോ എന്നൊരു ഡൗൺ ഫീൽ….”

അനഘ വിങ്ങലൊളിപ്പിച്ചൊന്നു ചിരിച്ചു.

“അയ്യെ ഇപ്പൊ കരയാൻ പോവുന്നത് നീയാട്ടോ…
നീ എങ്ങനാടി പോത്തേ ഒറ്റയ്ക്കാവുന്നെ ഞാനും ഏട്ടനും അമ്മയും നിഷയുമൊക്കെ ഇല്ലേ…ഒരു കാൾ പോരെ അല്ലെ കാണാൻ തോന്നിയാൽ എപ്പോ വേണേലും നിനക്ക് അങ്ങ് വരാലോ….നിന്റേം വീടല്ലേ…..”

സന്ധ്യ അനഖയെ തന്നെ നോക്കി പറഞ്ഞു.

“ഞാൻ എനിക്ക് തോന്നുമ്പോൾ ഒക്കെ വിളിക്കും എനിക്ക് കാണാൻ തോന്നുമ്പോൾ ഒക്കെ വരും എന്തേലും അപ്പൊ മാറ്റി പറഞ്ഞാലുണ്ടല്ലോ….”

“ഒന്നും മാറ്റി പറയത്തില്ലെടി വട്ടത്തി….നീ എപ്പോൾ വേണേൽ പോര്….”

സന്ധ്യ ചിരിച്ചു കൊണ്ട് പറഞ്ഞു നേരെ നോക്കിയതും കണ്ടത് റോഡിലേക്ക് ഓടിയിറങ്ങുന്ന ഒരുത്തന്റെ പിടി വിട്ടു കാറിനു നേരെ വരുന്ന ഒരു നീളമുള്ള വടി ആയിരുന്നു.

“അനൂ…..…..!!!!”

അനഖയെ നോക്കി അലറിയ സന്ധ്യയിൽ നിന്ന് തന്റെ മുഖം എടുത്ത് നേരെ നോക്കുമ്പോഴേക്കും വടി കാറിന്റെ ഗ്ലാസിൽ തട്ടി,
ഒറ്റ നിമിഷത്തിൽ അനഖയുടെ നിയന്ത്രണം കയ്യിൽ നിന്നും പോയി.
നടപ്പാതയിൽ വെച്ചിരുന്ന രണ്ടു മൂന്ന് കോണും ഇരുമ്പിന്റെ ബാറും തട്ടി മറിച്ചു നടപ്പാതയിലേക്ക് കയറിയ കാർ പെട്ടെന്ന് തിരിച്ചു കിട്ടിയ മനഃസാന്നിധ്യം കൊണ്ട് അനഘ നിയന്ത്രിച്ചു റോഡിലേക്കിറക്കി ബ്രേക്ക് ചവിട്ടി,
അവളുടെ മിടിപ്പുയർന്നിരുന്നു കിതച്ചു കൊണ്ട് വിറക്കുന്ന കൈ സ്റ്റിയറിങ്ങിൽ പിടിച്ചു അവൾ ഇരുന്നു.

തൊട്ടുമുന്നിൽ ഒരുത്തൻ ഞൊണ്ടി ഞൊണ്ടി വന്നു ബോണറ്റിലേക്ക് ഉറക്കം വന്നപോലെ ചാരി വീഴുന്നതും അവൾ കണ്ടു, പെട്ടെന്നാണ് അനഖയ്ക്ക് സന്ധ്യയുടെ കാര്യം ഓർമ വന്നത്.

“ചേച്ചി…..എന്തേലും പറ്റിയോ….ഈശ്വര….ചേച്ചി നോക്കിയേ……”

തന്റെ സീറ്റ്ബെൽറ്റ് ഊരി കൈകൊണ്ടു ചെവിയും പൊത്തി കണ്ണും അടച്ചു പിടിച്ചു ഇരിക്കുന്ന സന്ധ്യയുടെ കവിളിലും വയറ്റിലും കൈ വെച്ച് അനഘ ചോദിച്ചു.

ഞെട്ടലിൽ ആയിരുന്ന സന്ധ്യ പയ്യെ കണ്ണ് തുറന്നു അവൾ അനഖയെ നോക്കി.

“എന്ത് പറ്റി ചേച്ചി….കുഴപ്പം എന്തേലും തോന്നണുണ്ടോ…..”

വീണ്ടും അനഘ ചോദിച്ചു,

“ങ് ഹും…..”

തല തിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
അനഘ ഒരു കുപ്പിയിൽ ഉണ്ടായിരുന്ന വെള്ളം എടുത്ത് അവൾക്ക് കൊടുത്തു,
പേടിച്ചുപോയ സന്ധ്യ വേഗം ഒരു കവിൾ വെള്ളം കുടിച്ചിറക്കി.

“അനു….???”

ബോണറ്റിന് മേലെ കിടന്നിരുന്ന രൂപത്തിലേക്ക് നോക്കി സന്ധ്യ അനുവിനോട് ചോദിച്ചു.
സന്ധ്യയുടെ അവസ്ഥയിൽ ഒന്ന് തരിച്ചു പോയിരുന്ന അനഘ അപ്പോഴാണ് ആഹ് കാര്യം ഓർത്തത്.
ഒരു നിമിഷം കൊണ്ട് അവളുടെ മുഖം ചുവന്നു.
ദേഷ്യം നിറഞ്ഞു.
കരിമിഴിയിൽ നിറഞ്ഞ വീറുമായി അവൾ ഡോർ തുറന്നു പുറത്തേക്കിറങ്ങി.
“അനു…..അനു…..”

അവളുടെ പോക്ക് കണ്ട് ഭയന്ന സന്ധ്യ ഉറക്കെ വിളിച്ചു,
എന്നാൽ അതിലൊന്നും കൂസാതെ അനു നേരെ ചെന്ന് കിടന്ന ആളെ കുത്തി പിടിച്ചു വലിച്ചു പൊക്കി, ഒരു തുണി പോലെ എഴുന്നു വന്ന ആളുടെ മുഖം പോലും നോക്കാതെ ഒറ്റയടി അവൾ അടിച്ചു അതോടെ അവൻ ഊർന്നു താഴേക്ക് വീണു.

“അയ്യോ മോളെ….തല്ലല്ലേ…..”

അവിടേക്ക് ഓടിക്കൂടിയവരിൽ ഒരാൾ പറഞ്ഞു…

“ഈ കൊച്ചൻ അവിടെ ഇരിക്കുവാരുന്നു ഏതോ പിള്ളേര് വന്നു പ്രശ്നം ഉണ്ടാക്കിയപ്പോൾ അവിടുന്ന് രക്ഷപെട്ട് ഓടിയതാ അപ്പോഴാ നിങ്ങളുടെ കാറിനു മുന്നിൽ ചാടിയത്…”

അയാൾ അനഖയോട് പറയുമ്പോഴേക്കും സന്ധ്യ അവർക്കരികിൽ എത്തിയിരുന്നു.

കടക്കാരൻ രാഹുലിനെ നോക്കുന്ന തിരക്കിൽ ആയിരുന്നു.

“കൊച്ചെ നിങ്ങൾ ഇതിനെയൊന്നു ആശൂത്രീൽ കൊണ്ട് പോ……
നല്ലോണം അടി കിട്ടിയിട്ടുണ്ട്….”

“പിന്നെ എനിക്കിനി അതല്ലേ പണി…..ഈ കിടക്കുന്നവൻ ഒപ്പിച്ചതാ ഇത്രേം….”

തന്റെ ഇന്ന് ഷോറൂമിൽ നിന്നിറക്കിയ കാറിന്റെ കോലം നോക്കി അനഘ പറഞ്ഞു.

“അനു…എന്തൊക്കെയാ ഈ പറേണേ….
ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിച്ചേക്കാം…ചേട്ടൻ പക്ഷെ പോലീസിനോട് കണ്ട കാര്യം ഒന്ന് പറയേണ്ടി വരും…”

സന്ധ്യ അവിടെ കൂടി നിന്നവരോട് പറഞ്ഞു.
അത് കേട്ടതും കൂടി നിന്ന കൂട്ടം നിമിഷ നേരം കൊണ്ട് പകുതിയായി.

“ഞാൻ പറഞ്ഞോളാം…നിങ്ങൾ ഇപ്പോൾ ഇതിനെ ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ നോക്ക്….”

കൂട്ടത്തിൽ അല്പം പ്രായം ചെന്ന ഒരാൾ പറഞ്ഞു.

“എങ്കിൽ പിടിച്ചൊന്നു കാറിലേക്ക് ആക്കി താ….പിന്നെ ചേട്ടനും ഞങ്ങളുടെ കൂടെ വരണം…”

സന്ധ്യ പറഞ്ഞു.അയാൾ ഒന്നലോചിച്ച ശേഷം അവനെ താങ്ങി കൂടെ നിന്നവരും കൂടെ പിടിച്ചു കാറിൽ അവനെ കാറിൽ കയറ്റി, ഒപ്പം അയാളും കയറി,

അനഘ ഈർഷയോടെ വണ്ടി എടുക്കുമ്പോൾ സന്ധ്യ നിഷയെ വിളിക്കുകയായിരുന്നു.

വണ്ടി ഹോസ്പിറ്റലിന് മുന്നിൽ നിർത്തി ഡോർ തുറന്നു അവനെ അയാൾ താങ്ങി അപ്പോഴേക്കും സെക്യൂരിറ്റിയും അറ്റൻഡറും ചേർന്ന് അകത്തേക്ക് കൊണ്ട് പോയി.

അനഘ മുന്നിൽ വന്നു കാറിലേക്ക് നോക്കി.ഒട്ടും പ്രതീക്ഷിക്കാതെ വാങ്ങിയ കാർ ആയിരുന്നു എങ്കിലും ബുക്ക് ചെയ്ത നാൾ മുതൽ അനഘ അതൊത്തിരി കൊതിച്ചിരുന്നു, ഡൗൺ പേയ്മെന്റ് ആയി പണം സന്ധ്യ അടയ്ക്കുമ്പോൾ അനഖയെ നോക്കി സന്ധ്യ പറഞ്ഞ കാര്യം ആയിരുന്നു അപ്പോൾ അവളുടെ മനസ്സിൽ വന്നത്.

“ചേച്ചീടെ വക ഇരിക്കട്ടെ അനു നിനക്ക് എന്തെങ്കിലും….”

ചളുങ്ങി ഉരഞ്ഞു ഉള്ളിലേക്ക് തള്ളിയ വശവും ഗ്രില്ലിൽ അല്പവും പൊളിഞ്ഞും കിടന്നിരുന്നു.
അനഖയുടെ കണ്ണുകൾ നിറഞ്ഞു വന്നു ചളുങ്ങിയ പാടുകളിലൂടെ കയ്യൊടിച്ചപ്പോൾ നിലവിട്ട ഏങ്ങലുകൾ പുറത്തേക്ക് വന്നുകൊണ്ടിരുന്നു.

“എന്താടി കൊച്ചെ എന്താ എന്തിനാ കരയുന്നെ….”

സന്ധ്യ മുന്നിലേക്ക് വന്നുകൊണ്ട് അനഖയെ നോക്കി കാറിന്റെ മുന്നിൽ കുത്തിയിരുന്ന് കൊണ്ട് നിറകണ്ണുകളോടെ അവൾ തിരിഞ്ഞു നോക്കി.

“ഇത് കണ്ടോ ചേച്ചി….കുറെ ചളുങ്ങി….ഉരഞ്ഞു പെയിന്റ് ഒക്കെ പോയി….”

“അയ്യേ അതിനാണോ നമുക്ക് ശെരിയാക്കി എടുക്കാന്നെ…നീ ഇങ്ങെഴുന്നേറ്റെ….”

അവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് സന്ധ്യ പറഞ്ഞു.

“എന്നാലും കയ്യിൽ കിട്ടി ഒരു ദിവസം പോലും ആയില്ല….ചേച്ചി എനിക്ക് വാങ്ങി തന്നിട്ട്….”

വാക്കുകൾ പൂർത്തിയാക്കാൻ ആവാതെ കണ്ണുനീർ പുറം കൈകൊണ്ട് തുടച്ചു അനഘ വിതുമ്പി.
അവളെ ചേർത്ത് പിടിച്ചുകൊണ്ടു സന്ധ്യ ചെറു ചിരിയോടെ അവളെ നോക്കി നിന്നു.
കാൾ വരുന്നത് കണ്ട സന്ധ്യ അറ്റൻഡ് ചെയ്തു, മൂളി ഒന്ന് കട് ചെയ്ത ശേഷം തന്റെ മുഖത്തേക്ക് നോക്കി നിന്ന അനഖയോട് പറഞ്ഞു.

“നിഷയാ….പോലീസ് വന്നിട്ടുണ്ട് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു…..”

“ഉം…”

പാർക്കിങ്ങിൽ നിന്ന് ഹോസ്പിറ്റലിലേക്ക് കയറുമ്പോൾ അവരെ കാത്തു നിഷ നിൽപ്പുണ്ടായിരുന്നു.

“ആള് അൺകോൺഷ്യസ് ആടി, ഡ്രൻക് ആയിരുന്നില്ലേ….അതുകൊണ്ട് മൊഴിയെടുക്കാൻ പറ്റിയിട്ടില്ല….എന്തായാലും നല്ല രീതിയിൽ പരിക്കുണ്ട്….അയാളുടെ
ഫോണിലേക്ക് ഒരു കാൾ വന്നിരുന്നു ഞാൻ വിവരമൊക്കെ പറഞ്ഞിട്ടുണ്ട് ആളുടെ ഏട്ടൻ ആണെന്ന് തോന്നുന്നു.”

നിഷ പറഞ്ഞുകൊണ്ട് അവരുടെ ഒപ്പം നടന്നു.
ഐ സി യൂ വിനു മുന്നിൽ രണ്ടു പൊലീസുകാരെ അവർ കണ്ടു ഇവരോടൊപ്പം വന്ന ആളോട് സംസാരിക്കുകയായിരുന്നു അവർ.
സന്ധ്യയും നിഷയും അനഖയോട് കൂടെ അവിടേക്കു ചെന്നു അവരെ കണ്ട പോലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു എല്ലാം രേഖപ്പെടുത്തി.

“ആൾക്ക് ബോധം വന്നിട്ടില്ലാത്തത് കൊണ്ട് ആളോട് സംസാരിക്കാൻ പറ്റിയിട്ടില്ല…എങ്കിലും ഇത് വേറെ വകുപ്പിലെ പോകു എന്ന് തോന്നുന്നു….
നിങ്ങൾ ഒന്ന് സ്റ്റേഷൻ വരെ വരേണ്ടി വരും ഒരു എൻക്വയറിക്ക്….ഇപ്പോൾ വേണ്ട, അവിടുന്ന് അറിയിക്കും….ഓക്കേ….അഡ്രസ്സ് ഹോസ്പിറ്റലിൽ കൊടുത്തിട്ട് പൊയ്‌ക്കോളൂ…..”

അനഖയോടും സന്ധ്യയോടും പറഞ്ഞ ശേഷം അവർ നിഷയ്ക്ക് നേരെ തിരിഞ്ഞു.

“ഡോക്ടർനെ ഇപ്പോൾ കാണാൻ പറ്റുമോ ഞങ്ങൾക്ക് റിപ്പോർട്ട് വാങ്ങാൻ ആയിരുന്നു….”

“ഡോക്ടർ ഇപ്പോൾ ക്യാബിനിൽ ഉണ്ടാവും സർ…”

“ഓക്കേ…..അപ്പോൾ നിങ്ങൾ സിറ്റി വിട്ടു പോകരുത് എൻക്വയറി കഴിയും വരെ….”

അനഖയെയും സന്ധ്യയെയും നോക്കി അത്രയും പറഞ്ഞ ശേഷം അവർ നടന്നു നീങ്ങി,

“അപ്പോൾ ഇനി കുറച്ചു നാളത്തെ ഉറക്കം പോയികിട്ടി…”

അനഘ മുഷിപ്പോടെ പറഞ്ഞു സന്ധ്യയെ നോക്കി.

“ഭാഗ്യത്തിന് നിന്റെ കാറിൽ തട്ടി അവൻ തട്ടിപോവാഞ്ഞത് ഭാഗ്യം ഇല്ലേൽ ഉറക്കം ജയിലിൽ ആയേനെ…”

സന്ധ്യ അവളെ നോക്കി പറഞ്ഞു നെടുവീർപ്പിട്ടു.

“നിങ്ങൾ എന്നാൽ പൊക്കോ എന്തേലും ഉണ്ടേൽ നാളെ വരുമ്പോൾ ഞാൻ പറയാം….എനിക്ക് റൗണ്ട്സിനു ടൈം ആയിട്ടുണ്ട്.”

അവരെ യാത്രയാക്കാൻ ഹോസ്പിറ്റലിന് മുന്നിൽ വരെ വന്നു.

“ശോ….എനിക്കിതു കാണുമ്പോൾ സഹിക്കുന്നില്ല ചേച്ചി…”

കാറിന്റെ മുൻവശം കണ്ടു അനഘയ്ക്ക് വീണ്ടും നെഞ്ച് നുറുങ്ങാൻ തുടങ്ങി.
“സംഭവിച്ചത് സംഭവിച്ചു ഇനീം അതാലോചിച്ചു വെറുതെ വിഷമിക്കുന്നതെന്തിനാ നമുക്ക് ഷോറൂമിലേക്ക് വിളിച്ചു ചോദിക്കാം ഇൻഷുറൻസ് കവർ ചെയ്യുമോ എന്ന് ….”

സന്ധ്യ അവളെയും കൂട്ടി കാറിലേക്ക് നടന്നു.
ഹോസ്പിറ്റലിന്റെ കവാടം കടക്കുമ്പോൾ മിന്നൽ പോലെ ഒരു റേഞ്ച് റോവർ അവരുടെ മുന്നിൽ വന്നു നിന്ന് ആഞ്ഞു ചവിട്ടി….

“ഒന്ന് ഒതുക്കി കൊടുക്ക് അനു എന്തേലും എമെർജെന്സി ആവും…..”

അനഘ പെട്ടെന്ന് ഒരു വശത്തേക്ക് ഒതുക്കിയതും റോവർ മുരണ്ടുകൊണ്ട് അകത്തേക്ക് കുതിച്ചു.

അനഖയും സന്ധ്യയും വീട്ടിലേക്കും നീങ്ങി.

————————————-

” അനു…..”

“എന്താ ചേച്ചീ….”

“ഡി നീ ഇന്ന് ഇടിച്ചിട്ട ചെക്കനെ നിനക്ക് എവിടേലും വെച്ച് കണ്ടു വല്ല പരിചയോം തോന്നിയോ…”

“എന്തോന്നാ ആര് ഇടിച്ചിട്ടൂന്ന….കാറിന്റെ മുന്നിലേക്ക് അടീം കൊണ്ട് ബോധമില്ലാതെ ഓടി കയറി വന്ന അവനാ എന്റെ കാർ ഈ പരുവമാക്കിയത് എന്നിട്ടു ഇടിച്ചിട്ടൂന്നു….ഹും…”

അനഘ സന്ധ്യയോട് ഒച്ചയിട്ടതോടെ സന്ധ്യ അവളെ കൈ രണ്ടും കൂപ്പി തൊഴുതു.

“എന്റെ പൊന്നുമോളെ…വിട്ടേക്ക് അറിയാതെ നാവു പിഴച്ചു പോയതാ……”

“ഉം….”

“നീ ഞാൻ ചോദിച്ചതിന്റെ കാര്യം പറ അവനെ നിനക്ക് എവിടേലും കണ്ടതായി പരിചയമുണ്ടോ….”

“എനിക്കെങ്ങും ഇല്ല…..
വല്ല ഇന്റർവ്യൂ നും വന്നിട്ടുണ്ടാവും,…കണ്ണീ ചോരയില്ലാതെ പറഞ്ഞും വിട്ടിട്ടുണ്ടാവും,…അതാവും ചേച്ചിക്ക് കണ്ടു പരിചയം,….”

“ഓഹ് ഈ പെണ്ണിന്റെ നാവ്….എങ്ങനെയിരുന്നെച്ചതാ….വായിൽ വിരലിട്ടാൽ പോലും കടിക്കാത്തതായിരുന്നു ഇനി ഞാൻ വഷളാക്കി എന്ന് പറയുവോ എന്തോ….”

സന്ധ്യ അവളുടെ വണ്ണിച്ച കൈതണ്ടയിൽ നുള്ളിക്കൊണ്ടു പറഞ്ഞു.

“ഹി ഹി ഹി വേണേൽ വിരലിട്ടു നോക്കിക്കോ….അറിയാലോ….”

“പോടീ….പിന്നെ എനിക്ക് വട്ടല്ലേ…….
ശ്ശെ എന്നാലും എവിടെയാ എനിക്ക് അവനെ കണ്ടു പരിചയം എന്ന് മനസ്സിലാവുന്നില്ലല്ലോ….”

സന്ധ്യ വീണ്ടും നെറ്റിയിൽ കൈ വെച്ചുകൊണ്ട് ആലോചന തുടങ്ങുന്നത് കണ്ട അനഘ നീങ്ങി വന്നു അവളെ ചുറ്റിപ്പിടിച്ചു.

“ഓഹ്….ഒന്ന് കിടന്നു ഉറങ്ങടി ചേച്ചീ….”

അവളിലേക്ക് ചേർന്നു ചൂടും പറ്റി തള്ളകോഴിയുടെ ചൂടേൽക്കുന്ന കുഞ്ഞിനെ പോലെ അവൾ കിടന്നു,…
ഉത്തരം കിട്ടാത്ത ആഹ് ചോദ്യം പല തവണ സ്വയം ചോദിച്ചു സന്ധ്യയും ഉറങ്ങി.
————————————-

പിറ്റേന്നു ഞായറായിരുന്നു,….
രാവിലെ സന്ധ്യയെ അടുക്കളയിലെ സ്ടൂളിൽ പ്രതിഷ്ഠിച്ചു ചടുലതയോടെ അടുക്കളയിൽ ഒഴുകി നടക്കുകയായിരുന്നു അനഘ.

“എടി പെണ്ണെ എനിക്ക് വയറ്റിലായെന്നു കരുതി ഇങ്ങനെ അനങ്ങാതിരിക്കുവൊന്നും വേണ്ട അത്യവശ്യം പണി ഒക്കെ എടുക്കാം….”

“ദേ അവിടെ അടങ്ങി ഇരുന്നാൽ മതി….അമ്മയെ കൊണ്ടുപോയി ഏൽപ്പിക്കുന്നത് വരെ എന്റെ ഉത്തരവാദിത്വ…..”

ചട്ടുകം ചൂണ്ടി അനഘ ഓർഡർ ഇടത്തും ചിറി കോട്ടി പുച്ഛം ആയിരുന്നു സന്ധ്യയുടെ മറുപടി.

“എന്താണ് രണ്ടൂടെ ഇവിടെ രാവിലെ തന്നെ തല്ലും പിടി….”

നിഷ ഹോസ്പിറ്റലിൽ നിന്ന് വന്നു കയറി നേരെ അടുക്കളയിൽ എത്തി നോക്കി ചോദിച്ചു.
“ഓഹ്…ഇവിടെ തറവാട്ടമ്മ ഭരണം നടത്തുവാടി…”

സന്ധ്യ കളിയാക്കി കൊണ്ട് പറഞ്ഞു.

പാലൊഴിച്ചു ആവി പൊന്തുന്ന സ്റ്യു ഒരു തവിയിൽ കോരി കൈയിലാക്കി രുചിച്ചു കൊണ്ട് നിഷ ചിരിച്ചു,

“ഹ്മ്മ്…തറവാട്ടമ്മ സ്റ്യു ഒരു വഴി ആക്കിയിട്ടുണ്ട്….”

ടപ്പേ!!!!
നിഷ പറഞ്ഞു തീർന്നതും ചന്തി പൊള്ളിച്ചു അനഘ ഒരടി കൊടുത്തു.

“ഔ…..ഇതിനെകൊണ്ടു ഞാൻ തോറ്റല്ലോ….”

ചന്തി തടവി കെറുവിച്ചുകൊണ്ട് നിഷ അനഖയെ നോക്കി ചുണ്ട് കൂർപ്പിച്ചു.

“കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതും പോരാ….രണ്ടിനും കുറ്റം പറയെം വേണം…”

പുട്ട് കുത്തി പ്ലേറ്റിലാക്കി ബൗളിൽ സ്റ്യു വും എടുത്തുകൊണ്ട് കുറുമ്പ് കുത്തി ചന്തിയാട്ടി നടന്നു പോവുന്ന അനഖയെ രണ്ടു പേരും നോക്കി ആക്കി ചിരിച്ചു.

“ഡി നിഷേ….ഇന്നലെ കൊണ്ട് വന്ന ചെക്കന് എങ്ങനെ ഉണ്ട്….”

“കുഴപ്പം ഒന്നുമില്ല….ഇന്നലെ നിങ്ങൾ ഇറങ്ങിയ പാടെ അതിന്റെ ചേട്ടനും ചേട്ടത്തിയും കൂടെ വന്നു,….
ഏതോ ഉള്ളേടത്തെയ…
മിക്കവാറും ഇവളുടെ കാർ പുതിയത് തന്നെ കിട്ടും മോളെ…”

നിഷ കണ്ണിറുക്കി പറഞ്ഞപ്പോൾ അനഘ ഇളിഞ്ഞു ഒരു ചിരി കാട്ടി പുട്ടിലേക്ക് സ്റ്യു ഒഴിച്ചു.

“ചേച്ചി ഞാൻ ഡ്രസ്സ് ഒക്കെ ടെറസ്സിൽ ഇടാൻ പോവാട്ടോ…ചേച്ചിയുടെ കൂടെ എടുത്തിട്ടുണ്ട്…..”

മുറിയിൽ നിഷയോടൊപ്പം ഇരുന്ന സന്ധ്യയോട് പറഞ്ഞു അനഘ നടന്നു.

“അതെന്താടി ഞാനും നിന്റെ ചേച്ചി അല്ലെ എന്റെ കൂടെ കൊണ്ടുപോടി….”

നിഷ കള്ളകുറുമ്പ് കുത്തി അനഖയെ വാട്ടി.

“അയ്യട…ഒരു പീക്കിരിയെ വയറ്റിലാക്കി ഇരി…അപ്പോൾ എന്താ ചെയ്യേണ്ടെന്നു വെച്ചാൽ ഞാൻ ചെയ്ത് തരാം…”

ഒച്ചയിട്ടു കൊണ്ട് അനഘ പറഞ്ഞത് കേട്ട നിഷ വെറുതെ ചിരിച്ചു.

ഡ്രസ്സ് എടുത്തു ടെറസിൽ എത്തിയ ശേഷമാണ് നിഷയുടെ കൂടി എടുക്കാൻ അനഘ താഴേക്ക് വന്നത്.
മുറിയിലെ ബാത്‌റൂമിൽ നനച്ചിട്ടിരുന്നത് കൂടി എടുക്കാൻ എത്തിയപ്പോഴാണ് നിഷയും സന്ധ്യയും തമ്മിൽ ഉള്ള സംസാരം അവളുടെ ശ്രെദ്ധയിൽ പെട്ടത്.

“നീ എന്തായാലും അവൾ ഉണ്ടായിരുന്നപ്പോൾ പറയാതിരുന്നത് നന്നായി….എനിക്ക് നേരത്തെ സംശയം തോന്നിയിരുന്നു….ഞാൻ അതറിയാതെ അവളോട് ഇന്നലെ രാത്രി പറയേം ചെയ്തു ആഹ് ചെക്കനെ എങ്ങനെയോ പരിചയമുണ്ടെന്നു….പക്ഷെ അതിങ്ങനായിരിക്കുമെന്നു ഞാൻ വിചാരിച്ചില്ല….”

“എനിക്കും അങ്ങനെ ഇവനെ കണ്ടു പരിചയമൊന്നുമില്ലല്ലോ…..ഇത് കേസ് കുറച്ചു ഹൈ പ്രൊഫൈൽ ആയതുകൊണ്ട് എന്നെയാ ഡ്യൂട്ടി ഏൽപ്പിച്ചത്,…ഇന്നലെ രാത്രി അവന്റെ ഏട്ടനും ഏട്ടത്തിയും വന്നെന്നു പറഞ്ഞില്ലേ…അവരോടു ഞാൻ കാര്യങ്ങൾ പറഞ്ഞതിനിടയ്ക്കാ അവർ എന്നോട് ഇത് പറയുന്നത്.
അവന്റെ കാര്യം അനുനേക്കാൾ കഷ്ടാ….”

“അവർക്ക് അനുവിനെ കുറിച്ച് അറിയുവോ….”
“ഏയ് ഞാൻ പറഞ്ഞില്ല കാർ ന്റെ കാര്യം പറഞ്ഞു…പക്ഷെ അവർക്ക് കണ്ടു പിടിക്കാവുന്നതെ ഉള്ളൂ….
ആഹ് ചെക്കൻ പെണ്ണ് വിട്ടു പോയെപിന്നെയാ ഇങ്ങനെ ആയെന്നു… കുടിച്ചു ബോധം കെട്ടുള്ള നടപ്പ്….ആഹ് കിടപ്പ് കണ്ടു കരഞ്ഞു പിഴിഞ്ഞ് അതിന്റെ ഏട്ടത്തിയും അടുത് തന്നെ ഇരിപ്പുണ്ട്,….ഞാൻ പോരും നേരം വരെ അങ്ങനെ തന്നെ….”

“നീ ഇതൊന്നും അവളോട് പറയാൻ നിക്കണ്ട….”

“ഇല്ലെടി…..ഞാൻ പറയാനൊന്നും പോണില്ല…”

“ഉം….നീ എന്നാൽ ഉറങ്ങിക്കോ….”

വാതിലിനിപ്പുറം ഇതെല്ലാം കേട്ട് നിന്ന അനഘ ഉടനെ കണ്ണ് തുടച്ചു മുകളിലേക്ക് പോയി.

അവൾക്ക് ഉള്ളിലാകെ അസ്വസ്ഥത നിറയാൻ തുടങ്ങിയിരുന്നു ഇടയ്ക്കിടെ സജലങ്ങളായ മിഴികൾ അവൾ ഒപ്പിക്കൊണ്ടിരുന്നു.

————————————-

“ഡി എന്താ പറ്റിയെ നിനക്ക്….കേറിയപ്പോൾ മുതൽ ഞാൻ ശ്രെദ്ധിക്കുവാണല്ലോ ആകെ മൂഡിയായി…”

കാറിൽ ഓഫീസിലേക്ക് ഡ്രൈവ് ചെയ്യും വഴി മുഴുവൻ ഒന്നും മിണ്ടാതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി മുഴുകിയിരുന്ന അനഖയെ കുറെ നേരം നോക്കിയിരുന്ന സന്ധ്യ ചോദിച്ചു.

“ഒന്നുല്ലേച്ചി….ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ചു ഇരുന്നതാ…..”

“ഉം….”

സന്ധ്യ തിരിച്ചൊന്നു മൂളിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല.

“..അയാൾക്ക്,…. അയാൾക്ക് കാര്യമായി എന്തേലും പറ്റിക്കാണുമോ ചേച്ചി….”

“ആർക്ക്…..???”

“ഇന്നലെ…നമ്മുടെ വണ്ടി ഇടിച്ച ആൾക്ക്….”

“നമ്മുടെ വണ്ടി ഇടിച്ചതല്ലല്ലോ…നമ്മുടെ വണ്ടിയിലേക്ക് അയാള് വന്നിടിച്ചതല്ലേ….”

“ഓഹ്….അത് തന്നെ അയാൾക്ക്….”

“രാവിലെ വന്നപ്പോൾ പ്രേത്യേകിച്ചു പ്രശ്നമൊന്നും ഇല്ലെന്ന നിഷ പറഞ്ഞത്….
നിനക്കിപ്പോൾ എന്താ അയാളെക്കുറിച്ചൊക്കെ ആലോചിക്കാൻ….”

“ഒന്നൂല്ല….വെറുതെ ചോദിച്ചതാ….”

വീണ്ടും ആലോചനയിൽ മുഴുകി ഇരുന്നു ഡ്രൈവ് ചെയ്യുന്ന അനഖയെ നോക്കി സന്ധ്യയും ഇരുന്നു.

ഉച്ച വരെ എന്തൊക്കെയോ ഓഫിസിൽ ചെയ്തെന്നു വരുത്തി ഇരിക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു, മനസ്സ് എവിടെയൊക്കെയോ ആയിരുന്നു…ഒന്നിലും കൃത്യമായി ശ്രെദ്ധിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ ക്യാബിനിൽ നിന്നും ഇറങ്ങി, കോഫി വെന്റിങ് മെഷീനിലേക്ക് നടന്നു.
കപ്പിലേക്ക് കോഫി പകർന്നു ഗ്ലാസ് ഇട്ട ഓഫിസിന്റെ റെക്രീയേഷൻ ഏരിയയിലൂടെ പുറത്തേക്ക് നോക്കി അവൾ തന്നെ കുഴക്കുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രെമിച്ചു കൊണ്ടിരുന്നു.

എന്താ തനിക്ക് പറ്റിയത്…..

എപ്പോഴോ വിട്ടു പോയെന്നു അവൾ കരുതിയിരുന്ന ആഹ് നശിച്ച ദിവസത്തെ തന്നെ വീണ്ടും ഓർമിപ്പിക്കുന്ന ഒരു മാനസികാവസ്ഥ തന്നെ പൊതിയുന്നത് അനഘ വീണ്ടും അറിഞ്ഞു എന്നാൽ അതന്നത്തെ പോലെ കുത്തിനോവിക്കുന്ന ഒന്നല്ല വല്ലാതെ അസ്വസ്ഥമാക്കുന്ന ഒരു മരവിപ്പ് ആണ് എന്ന് അവൾ തിരിച്ചറിയുകയായിരുന്നു.

“അനു…..”

സ്വപ്നാടനത്തിലെന്ന പോലെ നിന്ന അനഖയെ അവിടേക്കെത്തിയ സന്ധ്യ വിളിച്ചു.

“അനു….എന്താ പറ്റിയെ,….നീ ആകെ വല്ലാതെ ആയിട്ടുണ്ടല്ലോ….”

“ഒന്നൂല്ല ചേച്ചി….എനിക്ക് ഇന്ന് ഒന്നിനും ഒരു മൂഡ് തോന്നുന്നില്ല അതാവും….”

“ഹ്മ്മ്…..ആഹ് ഹോസ്പിറ്റലിൽ നിന്ന് അയാളുടെ ചേട്ടൻ വിളിച്ചിരുന്നു….നിഷ എന്റെ നമ്പർ ആഹ് കൊടുത്തിരുന്നെ…”

എന്താണ് എന്നുള്ള ഭാവത്തിൽ അനഘ സന്ധ്യയെ നോക്കി.
“കാർ എടുക്കാൻ ഷോറൂമിൽ നിന്ന് ഇന്ന് ആള് വരും…
പുതിയ കാർ ഡെലിവർ ചെയ്യുന്നത് വരെ നിനക്ക് യൂസ് ചെയ്യാൻ ഒരു കാർ കൊടുത്തയക്കാം എന്ന് പറഞ്ഞു….”
സന്ധ്യ പറഞ്ഞത് കേട്ട അനഖയുടെ മുഖം മങ്ങി.

“അത് വേണ്ടായിരുന്നു ചേച്ചി….”

“അതെന്താ….പുതിയൊരെണ്ണം കിട്ടുന്നത് നല്ലതല്ലേ….”

സന്ധ്യയുടെ ചോദ്യത്തിൽ അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

സന്ധ്യയുടെ ഫോൺ വീണ്ടും അടിക്കുന്നത് കണ്ട അനഘ വീണ്ടും പുറത്തേക്ക് നോക്കി നിന്നു.

“അനു….ഷോറൂമിൽ നിന്ന് ആള് വന്നിട്ടുണ്ട്….നീ വാ…”

അറ്റൻഡ് ചെയ്ത ശേഷം സന്ധ്യ അനഖയെ കൂട്ടി താഴേക്ക് ഇറങ്ങി.
————————————-

വൈകിട്ട് തിരികെ വീട്ടിലേക്ക് പോകും വഴി ബീച്ചിന് വശത്തെ ആഹ് സ്ഥലം കടന്ന് നീങ്ങിയപ്പോൾ അനഘ അവിടേക്ക് നോക്കി ഇരുന്നു…
അവിടെ കാണാൻ കഴിയാത്ത എന്തോ തന്നെ ഉലയ്ക്കുന്നുണ്ട് എന്ന ചിന്ത അസഹനീയമായപ്പോൾ അവൾക്ക് പിന്നെയും മിണ്ടാതെ ഇരിക്കാൻ ആയില്ല…

“ചേച്ചി നമുക്ക്….നമുക്കൊന്ന് ഹോസ്പിറ്റലിൽ പോയി അയാളെ ഒന്ന് കാണാം…”

വല്ലാതെ വിക്കി അല്പം ആശങ്കയോടെയാണ് അവളത് പറഞ്ഞതെങ്കിലും,…
അവളത് പറയാൻ കാത്തിരുന്ന പോലെ ആണ് സന്ധ്യ കാർ വളച്ചത്.

അനഘ സന്ധ്യയെ ഒന്ന് നോക്കിയതല്ലാതെ മറ്റൊന്നും മിണ്ടിയില്ല പുറത്തെക്ക് കണ്ണ് നട്ട് അവൾ ഇരുന്നു.

————————————-

ഹോസ്പിറ്റലിലേക്ക് നടന്നു കയറുമ്പോൾ അവർക്കെതിരെ ദീപൻ നടന്നു പോയി, പരിചയമില്ലാതിരുന്നതിനാൽ അവർ പരസ്പരം കടന്ന് പോയി….
റിസപ്ഷനിൽ ചോദിച്ചു, 207 ആം നമ്പർ റൂമിലേക്ക് അനഖയും സന്ധ്യയും കടന്നു.
ഡോറിൽ തട്ടുമ്പോൾ അകത്തു നിന്ന് പതിഞ്ഞ സ്വരം അവർ കേട്ടു,കതക് തുറന്ന അവരെ എതിരേറ്റത് പാർവ്വതിയായിരുന്നു.
കൺതടത്തിൽ അടിഞ്ഞ ക്ഷീണവും സങ്കടവും, അല്പം പാറിയ മുടിയും പോലും മുഖത്തിന്റെ തേജസ്സ് തളർത്താത്ത പാർവതിയെ അവർ രണ്ടു പേരും ഒന്ന് നോക്കി നിന്നുപോയി.

“ആരാ…..എനിക്ക് മനസ്സിലായില്ല….???”

പാർവതിയിൽ നിന്നും ഉയർന്ന ചോദ്യമാണ് അവരെ ഉണർത്തിയത്.

“ഞങ്ങൾ…. ഇന്നലെ ഞങ്ങളാ രാഹുലിനെ ഹോസ്പിറ്റലിൽ എത്തിച്ചത്….”

“ആഹ്….അനഘ അല്ലെ….മനസിലായി…നിഷ സിസ്റ്റർ പറഞ്ഞിരുന്നു….
കയറി വാ…അവൻ ഉറങ്ങുവാ….”

സന്ധ്യയാണ് ആദ്യം കയറിയത്…ഒന്ന് മടിഞ്ഞെങ്കിലും സന്ധ്യയുടെ വാലിൽ തൂങ്ങിയ കണക്ക് പിന്നാലെ അനഖയും അകത്തു കയറി.

അവർക്ക് ഇരിക്കാനായി ചെയർ നീക്കിയിട്ട് കൊടുത്ത പാർവതി കട്ടിലിൽ ഓരം ചേർന്ന് രാഹുലിനോട് അടുത് ഇരുന്നു.
“മരുന്ന് ഉള്ളതുകൊണ്ട് അവനു ക്ഷീണം ഉണ്ട്…അതാ…”

രാഹുലിനെ തട്ടി ഉണർത്താൻ ശ്രെമിച്ചു കൊണ്ട് പാർവതി അവരോടു പറഞ്ഞു.

“ഏയ് വേണ്ട ഉണർത്തണ്ട ഞങ്ങൾ ഇന്നലെ പോയിട്ട് പിന്നെ വന്നില്ലലോ….അപ്പോൾ ഇന്ന് ഒന്ന് കണ്ടിട്ട് പോവാം ന്നു കരുതി…”

സന്ധ്യ മറുപടി പറയുമ്പോൾ അനഖയുടെ കണ്ണുകൾ രാഹുലിനെ നോക്കുകയായിരുന്നു.
മാറ്റിയുടുപ്പിച്ച ഡ്രെസ്സിലും ക്ഷീണിച്ച ശരീരം അറിയാൻ കഴിയുന്നുണ്ടായിരുന്നു.
കണ്ണിനു താഴെ കറുപ്പ് നിറഞ്ഞു അല്പം കുഴിഞ്ഞ കണ്ണുകൾ, കരിവാളിച്ചു ചെറു ചുളുക്ക് വീണു തുടങ്ങിയ മുഖം,….പക്ഷെ ഇതിലെവിടെയോ ഇതിനുമപ്പുറം അവന്റെ മുഖത്ത് എന്നോ തിളങ്ങി നിന്ന തെളിച്ചം അവൾക്കിന്നും കാണാൻ കഴിഞ്ഞു.

“രണ്ടു പേരും ഇരിക്ക്…..എന്തിനാ അങ്ങനെ തന്നെ നിക്കണേ…”

രാഹുലിന്റെ മുടിയിലൂടെ കയ്യോടിച്ചു പാർവതി അവരെ നോക്കി പുഞ്ചിരിച്ചു.

“അനഖയും,…സോറി…പേരെന്താ ഞാൻ മറന്നു….”

“സന്ധ്യ….”

“ആഹ്….രണ്ടു പേർക്കും എന്തെങ്കിലും കുടിക്കാൻ പറയട്ടെ…..ഏട്ടൻ ഇത്ര നേരം ഇവിടുണ്ടായിരുന്നു…ഇപ്പോഴാ പുറത്തേക്ക് പോയെ ഉടനെ വരും….പറ എന്താ വേണ്ടേ…”

ഫോൺ എടുത്തു പാർവതി ദീപനെ വിളിക്കാൻ ഒരുങ്ങിയത് കണ്ട സന്ധ്യ അവളെ തടഞ്ഞു.

“ഒന്നും വേണ്ട ഞങ്ങൾ ഇറങ്ങാനായി….ഇന്നലെ ഇവിടെ വിട്ടു പോയതിൽപിന്നെ നിഷ പറഞ്ഞ കാര്യമേ അറിയൂ അതാ ഒന്ന് കണ്ടിട്ട് പോവാം എന്ന് വെച്ചത്….”

സന്ധ്യ പറഞ്ഞു എന്നാൽ ഒന്നും മിണ്ടാതെ നിന്ന അനഖയിൽ ആയിരുന്നു പാർവതിയുടെ ശ്രെദ്ധ മുഴുവൻ,അനഖയുടെ കണ്ണുകളാവട്ടേ കിടക്കുകയായിരുന്ന രാഹുലിലും ചുറ്റുകയായിരുന്നു.

“ഇങ്ങനെ ഒന്നും ആയിരുന്നില്ലാട്ടോ ന്റെ അനിയൻ….ഇപ്പൊ കാണാൻ മഹാ ബോറായീ ല്ലെ….”

അനഖയെ നോക്കി പെട്ടെന്നു ചോദിച്ചപ്പോൾ അവളൊന്നു പതറി, കുറ്റം ചെയ്ത് പിടിക്കപ്പെട്ട ഒരിളഭ്യ ചിരിയോടെ അവൾ മുഖം കുനിച്ചു.

“ദാ….ഇതായിരുന്നു കുറെ നാള് മുന്നെ വരെ അവൻ…”

തന്റെ ഫോണിലൂടെ അതിവേഗം നെടുകെയും കുറുകെയും വിരലോടിച്ചു തിരഞ്ഞു കൊണ്ടിരുന്നത് കയ്യിൽ എത്തിയപ്പോൾ പാർവതി ഫോൺ ഇരുവർക്കുംനേരെ നീട്ടി.

അനഘ അതിലേക്ക് ഒന്ന് എത്തി നോക്കാൻ ശ്രെമിച്ചെങ്കിലും കൈ നീട്ടി വാങ്ങാനുള്ള ചമ്മൽ മൂലം അങ്ങനെ ഇരുന്നു എന്നാൽ സന്ധ്യ ഫോൺ വാങ്ങി അനഖയ്ക്ക് കൂടി കാണുന്ന രീതിയിൽ പിടിച്ചു.
കാത്തിരുന്നിരുന്ന പോലെ അനഘ അതിലേക്ക് നോക്കി,…

വൈറ്റ് ഷർട്ടും ബ്ലൂ ജീൻസും ധരിച്ചു ഒത്ത ശരീരവും തേജസ്സും ആഢ്യത്തവും നിറഞ്ഞ മുഖത്തെ ഓർമിപ്പിക്കുന്ന ഫോണിലെ യുവാവും ഇപ്പോൾ ബെഡിൽ കിടക്കുന്ന രാഹുലുമായി ഒരുപാടു ദൂരം ഉള്ള പോലെ അവർക്ക് തോന്നിച്ചു.

“എന്റെ വാലിൽ തൂങ്ങി നടപ്പായിരുന്നു….എന്നെ വലിയ ഇഷ്ടായിരുന്നു,…. ഞാൻ…ഞാൻ…..വളർത്തി കൊഞ്ചിച്ചു വഷളാക്കിയതാന്ന എല്ലാരും പറഞ്ഞോണ്ടിരുന്നെ…. അതോണ്ടാ എന്റേം ഏട്ടന്റേം നിർബന്ധം കൊണ്ട് അവൻ കല്യാണം കഴിക്കാം എന്ന് സമ്മതിച്ചത്…..,
എന്റെ മടിയിൽ കിടന്നു എന്നെപോലൊരു പെണ്ണിനെ അവനു വേണ്ടി കണ്ടു പിടിച്ചാൽ മതി എന്ന്
പറഞ്ഞത് എന്നെ അവന് അത്ര വിശ്വാസമുള്ളത് കൊണ്ടായിരുന്നില്ലേ…..”

അത്ര നേരം പ്രസന്നത നിറഞ്ഞു തെളിഞ്ഞു നിന്ന പാർവതിയുടെ മുഖം വളരെ വേഗം കാർമേഘങ്ങളാൽ മൂടി കെട്ടി തങ്ങളുടെ മുന്നിൽ അത്ര നേരം ആയാസമില്ലാതെ ഇരുന്ന പാർവതി രാഹുലിന്റെ ഇടർച്ചയിൽ എത്ര ഉലഞ്ഞിരുന്നു എന്ന് മനസ്സിലാക്കാൻ സന്ധ്യയ്ക്കും അനഖയ്കും ആഹ് നിമിഷം മതിയായിരുന്നു,
പതം പറഞ്ഞു വിങ്ങി പൊട്ടുന്ന പാർവതിയെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ കുഴങ്ങി നിന്ന അവർക്ക് മുന്നിൽ പാർവതിയുടെ വിങ്ങലുകൾ പൊട്ടിയൊഴുകാൻ തുടങ്ങി.

“ആഹ് ഞാൻ തന്നെ എന്റെ മോനെ ചതിച്ചു…..അവന്റെ ജീവിതം ഞാൻ കാരണം തകർന്നു കിടക്കുന്നത് എങ്ങിനെയാ എനിക്ക് സഹിക്കാൻ പറ്റുവാ……
ഇനി എന്ത് ചെയ്താലാ എനിക്ക് അവനെ തിരികെ കിട്ടുകാ എന്നും അറിയില്ല…..”

പാർവതിയുടെ കരച്ചിലിന് മുന്നിൽ ഒന്ന് തരിച്ചിരുന്നുപോയ സന്ധ്യയും അനഖയും പെട്ടെന്നാണ് നിയന്ത്രണം വീണ്ടെടുത്തത്, അനഘ എഴുന്നേറ്റ് പാർവതിയുടെ ഓരത്തു ചേർന്ന് തോളിൽ പിടിച്ചു ചേർത്തപ്പോൾ ഈറൻ തുളുമ്പി നിൽക്കുന്ന അനഖയുടെ വയറിലേക്ക് തല ചായ്ച്ചു കിടന്നു പാർവതി ഏങ്ങലടിച്ചു,….
പാർവതിയുടെ മുതുകിൽ തഴുകി തട്ടി അവളുടെ ഉള്ളിലെ നോവ് തന്നിലേക്ക് ആവാഹിച്ചെന്ന പോലെ അനഖയുടെ കണ്ണുകളും മിഴിനീർ പൊഴിച്ചു.

“മോള് ഭാഗ്യം ഉള്ളവളാ തന്റേടം ഉള്ള പെൺകുട്ടിയാ….ഇപ്പോഴും നിവർന്നു നിൽക്കാനും ഒറ്റയ്ക്ക് ജീവിക്കാനുമുള്ള തന്റേടം മോൾക്ക് ഉണ്ടായി….പക്ഷെ….പക്ഷെ….എന്റെ അനിയന് അതില്ലാതെ ആയിപ്പോയി…..”

തന്നിലേക്ക് മുഖം ചേർത്ത് എണ്ണിപ്പെറുക്കി ഓരോന്ന് പറയുന്ന പാർവതിയെ ഒന്ന് കൂടെ ചേർത്‌ പിടിക്കാൻ അല്ലാതെ അനഖയ്ക്ക്. മറ്റൊന്നും കഴിഞ്ഞില്ല….
കണ്ണീര് തുടച്ചു ചെയറിൽ ഇരുന്ന സന്ധ്യയും ആഹ് സമയം നിസ്സഹായയായി നിന്ന് പോയി.

തന്റെ ഉള്ളിലെ തീ അനഖയുടെ മുന്നിൽ പെയ്തിറക്കിയതോടെ പാർവതിയുടെ മനസ്സിൽ തെളിവാനം നിറഞ്ഞു തുടങ്ങിയിരുന്നു ഉള്ളിലെവിടെയോ എന്തൊക്കെയോ പ്രതീക്ഷകളും.

“തന്റെ ഡ്രസ്സ് മുഴുവൻ ഞാൻ ചീത്താക്കിയല്ലേ…”

മൂക്കു പിഴിഞ്ഞ് എഴുന്നേറ്റു തന്റെ കണ്ണീരിനാൽ വട്ടത്തിൽ നനച്ച അനഖയുടെ ടോപ്പിലേക്ക് നോക്കിക്കൊണ്ട് പാർവതി കണ്ണ് ചിമ്മി ചോദിച്ചു.

“പിന്നല്ലാതെ ഒരു ലിറ്റർ വെള്ളമല്ലേ കണ്ണിൽ നിന്ന് ഒഴുക്കിവിട്ടെ അപ്പൊ നനയില്ലേ എന്റെ പാറുവേച്ചി….”

സന്ദർഭം ലഘൂകരിക്കാൻ പാർവതിയുടെ കവിളിൽ പിച്ചിക്കൊണ്ട് അനഘ പറഞ്ഞു.
എന്നാൽ അത് കേട്ട പാർവതിയുടെ കണ്ണുകൾ മിന്നി.

“എന്നെ രാഹുൽ വിളിച്ചിരുന്നതാ അങ്ങനെ….
പക്ഷെ പാറുവേട്ടത്തി എന്നാന്നു മാത്രം….”

അത് കേട്ട അനഖയുടെ മനസ്സിലും ഒരു നോവ് കലർന്നു.

“എങ്കിലിനി ഞാനും അങ്ങനെ വിളിക്കാം പോരെ….”

അനഘ ചോദിച്ചതും ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവൾ തലയാട്ടി.

“എന്നാല് ഇപ്പൊ പാറുവേട്ടത്തി പോയൊന്നു മുഖമൊക്കെ കഴുകി സുന്ദരി ആയി വായോ…”

പാർവതിയെ എഴുന്നേൽപ്പിച്ചു ബാത്റൂമിലേക്ക് തള്ളുമ്പോൾ ഇതെല്ലാം സന്ധ്യ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു മയക്കത്തിൽ നിന്നും എപ്പോഴോ ഉണർന്നിരുന്ന രാഹുലും കണ്ണുകൾ അടച്ചു തന്നെ വെച്ചുകൊണ്ട് അതിനെല്ലാം മൂകസാക്ഷി ആയി കിടന്നു.

“അനു….ഇവിടെ ഇപ്പൊ എന്തൊക്കെയാ നടക്കുന്നെ….നിനക്ക്,….നിനക്കവരെ മുന്നേ പരിചയം ഉണ്ടോ….”

സന്ധ്യയ്ക്ക് അവർ തമ്മിലുള്ള ഈ ചെറിയ സമയം കൊണ്ടുണ്ടായ അടുപ്പം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല…

“ഇല്ലേച്ചി….പക്ഷെ…എനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളെ പോലെ തോന്നിപോവുവാ അവരെ….അവരുടെ സംസാരം നെഞ്ചുപൊട്ടിയുള്ള കരച്ചിൽ ഒന്നും എനിക്ക് സഹിക്കാൻ പറ്റണില്ല….എനിക്ക് എന്റെ ചേച്ചിയെ ഓര്മ വന്നു….”
“ഹ്മ്മ്….എന്തായാലും അവരൊന്നു ഓക്കേ ആയിട്ടുണ്ട്….കരഞ്ഞു തീർത്തു നെഞ്ചിലെ ഭാരം കുറയുന്നുണ്ടാവും…..”

“എന്നാലും ഈ ചെക്കന് എന്തിന്റെ കുറവുണ്ടായിട്ടാ ഇങ്ങനെ കിടന്നു നശിക്കുന്നെ ആഹ് ഇട്ടേച്ചു പോയവൾക്കില്ലാത്ത സങ്കടം ഇവനെന്തിനാണവോ….”

ബെഡിൽ കിടന്ന രാഹുലിനെ നോക്കിയാണ് സന്ധ്യ അത് പറഞ്ഞത്.

“അത്രയും സ്നേഹിച്ചു പോയാൽ പിരിയുമ്പോഴുള്ള വേദന എല്ലാവര്ക്കും താങ്ങാൻ പറ്റില്ല ചേച്ചി….പ്രേത്യേകിച്ചും അങ്ങോട്ട് കൊടുത്ത നമ്മുടെ സ്നേഹത്തിനു ഒരു നിമിഷത്തെ സുഖത്തിന്റെ വില പോലും ഇല്ലായിരുന്നൂന്നു അറിയുമ്പോൾ വീഴാതെ നിൽക്കണമെങ്കിൽ പാറുവേട്ടത്തി പറഞ്ഞപോലെ ഭാഗ്യം കൂടി വേണം,….എനിക്ക് അതുണ്ടായിരുന്നു….”

സന്ധ്യയുടെ കയ്യിൽ അമർത്തി പിടിച്ചു അനഘ ഈറൻ മിഴിയോടെ പറയുമ്പോൾ സന്ധ്യ വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി.

ബെഡിൽ കിടന്ന രാഹുലിന്റെ നെഞ്ചിനെ നീറ്റിക്കൊണ്ടു ഒരു തുള്ളി കൺകോണിലൂടെ ഊർന്നിറങ്ങി ബെഡിനെ നനയിച്ചു.

“ഇപ്പൊ സുന്ദരി ആയല്ലോ ഏട്ടത്തി…..”

ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്ന പാർവതിയെ നോക്കി അനഘ പറഞ്ഞു.

അതെ സമയമാണ് ഡോർ തുറന്നു ദീപൻ അകത്തേക്ക് വന്നത്,
റൂമിൽ പെട്ടെന്ന് പ്രതീക്ഷിക്കാത്ത രണ്ടു പേരെ കണ്ട ദീപൻ ഒട്ടൊരു നേരം കൊണ്ട് തിരികെ വന്നു, അവരെ പുഞ്ചിരിയോടെ സ്വീകരിച്ച ദീപനെ ഞെട്ടിച്ചത് പാർവതി ആയിരുന്നു,
അവളുടെ മുഖത്ത് എന്നോ കണ്ടു മറന്ന ഹൃദയം തുറന്നുള്ള നറുപുഞ്ചിരി കണ്ട ദീപന് ഉള്ളിൽ അതിശയം അടക്കാൻ ആയില്ല…
ദീപന്റെ സംശയത്തിന് ഉത്തരം എന്നോണം അനഖയുടെ കയ്യിൽ തന്റെ കൈ ചുറ്റി പിടിച്ചു പാർവതി അവനെ നോക്കി കണ്ണ് ചിമ്മി.

“നിങ്ങള് വന്നിട്ട് ഒത്തിരി നേരം ആയോ….”

ഉള്ളം നിറഞ്ഞ സന്തോഷത്തിൽ ദീപൻ അവരോടു ചോദിച്ചു.

“ഹ്മ്മ് കുറച്ചു നേരമായി…ഞങ്ങൾ ദാ ഇറങ്ങാൻ തുടങ്ങുവായിരുന്നു…..”

സന്ധ്യ പറഞ്ഞത് കേട്ടതും പാർവതി മുഖം ചെറുതാക്കി അനഖയെ നോക്കി.

“ഇറങ്ങണം ഏട്ടത്തി….നാളെ ഓഫീസിൽ പോവണ്ടതല്ലേ ചെന്നിട്ട് ഒത്തിരി പണി ഉണ്ട്….”

“എങ്കി നാളെ വരുവോ….”

പ്രതീക്ഷയോടെ ഒരു കൊച്ചു കുട്ടിയെപോലെയുള്ള പാർവതിയുടെ ചോദ്യം അവൾക്ക് നിരാകരിക്കാൻ ആയില്ല.

“നാളെ ഇവിടെ വന്നിട്ടേ വീട്ടിലേക്ക് പോണുള്ളു പോരെ…”

“നിക്കറിയില്ല പക്ഷെ നിന്നെ ഞാൻ ഒത്തിരി അറിയുന്നപോലെ…..നിന്നോട് മിണ്ടിയിരിക്കുമ്പോൾ ഒരുപാട് ആശ്വാസം തോന്നണുണ്ട്….അതോണ്ടാട്ടോ….”

അനഖയുടെ കൈ കവർന്നുകൊണ്ടു പാർവതി പറയുന്നത് കേട്ട സന്ധ്യയും അനഖയും പുഞ്ചിരി തൂകിയപ്പോൾ ദീപന്റെ ഉള്ളിൽ എന്നോ കെട്ടുപോയ നാളത്തിന് വീണ്ടും തിരി തെളിഞ്ഞിരുന്നു.

“ന്നാ ഞങ്ങൾ ഇറങ്ങട്ടെ ഏട്ടത്തി….”
“നാളെ വരാണോട്ടോ….!!!”

പാർവതി പ്രതീക്ഷയോടെ അനഖയെ നോക്കി.

“എന്തായാലും എത്തിയേക്കാം….”

ചിരിയോടെ അനഖയും സന്ധ്യയും പാർവതിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ പാർവതിയുടെ മുഖത്തെ തെളിച്ചം മാത്രം മതിയായിരുന്നു ദീപന് ഇനിയുള്ള വരുംകാലത്തെക്കുള്ള പ്രതീക്ഷയ്ക്ക്.

“അനഘ….ഒന്ന് നിക്കുവോ…..”

ഹോസ്പിറ്റലിന്റെ എൻട്രന്സിൽ എത്തുമ്പോഴായിരുന്നു പിറകിൽ ദീപന്റെ വിളി കേട്ടത്.
തങ്ങളുടെ അടുത്തേക്ക് വേഗത്തിൽ നടന്നു വരുന്ന ദീപനെ കണ്ട അവർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന തിരക്കിൽ നിന്നും ഒരോരം ചേർന്ന് ഒതുങ്ങി നിന്നു.

“നമുക്ക് കുറച്ചങ്ങോട്ടു നീങ്ങി നിൽക്കാം….”

അടുത്തെത്തിയ ദീപൻ ചുറ്റുമുള്ള തിരക്ക് ആലോസരമായപ്പോൾ അവരോടു പറഞ്ഞ ശേഷം മുന്നിലെ പാർക്കിങ്ങിലേക്ക് നടന്നു.

” ഒന്നും ചെയ്യാൻ കഴിയാതെ ഒറ്റപ്പെട്ടു തളർന്നു പോയ രണ്ടേ രണ്ടു അവസരങ്ങളെ എനിക്ക് ഓർമ ഉള്ളൂ…..
ഒന്ന് അച്ഛനും അമ്മയും മരിച്ചു എന്നറിഞ്ഞപ്പോൾ….
രാഹുലിന് അന്ന് ആഹ് നഷ്ടത്തിന്റെ ആഴം തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല….പക്ഷെ അതെന്നെ ഉലച്ചു കളഞ്ഞിട്ടുണ്ട്….നിലവിട്ടു പോവുമായിരുന്ന എന്നെയും അവനെയും കൈ തന്നതും ചേർത്ത് പിടിച്ചതും ജീവിതം മുന്നോട്ടു ഇനിയും ഉണ്ടെന്നു കാട്ടി തന്നതും പാറുവും അവളുടെ അച്ഛനും ആയിരുന്നു….
അവിടെ നിന്ന് കയറുമ്പോൾ എന്റെ ഉള്ളിൽ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ…ഇനി വീഴരുത്…..കാരണം ഒരിക്കലെ പിടി വള്ളി ദൈവം തരുകയുള്ളൂ എന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെട്ടിരുന്നവൻ ആയിരുന്നു ഞാൻ….,
……….
……അല്ല അങ്ങനെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു ഇനി ഒരിക്കലും വീഴാതിരിക്കാൻ…..
ആഹ് ദിവസം വരെ….
അന്ന് സ്റ്റേഷനിൽ പോയി വന്ന നിമിഷം എനിക്ക് നഷ്ടപ്പെട്ടത് രണ്ടു പേരെയാണ് എന്നെ പിടിച്ചു നിർത്തിയ രണ്ടു തൂണുകളെ….
എന്റെ അനിയനെയും….എന്റെ പാറുവിനെയും….
എന്റെ അടിവേരു പറിഞ്ഞു പോയതുപോലെയാണ് ഞാൻ അന്ന് മുതൽ ഇന്ന് വരെ ജീവിച്ചത്….”
ദീപന്റെ ഉള്ളു നീറിയുള്ള കുമ്പസാരത്തിന് മുന്നിൽ പിടയുന്ന നെഞ്ചും മറുപടി പറയാനോ ആശ്വാസിപ്പിക്കാനോ ഒരു വാക്ക് പോലും പറയാൻ കഴിയാതെ തറഞ്ഞു നിൽക്കാനേ അനഖയ്ക്കും സന്ധ്യയ്ക്കും കഴിഞ്ഞുള്ളു.

“പക്ഷെ ഇന്ന്….ഇന്ന് പാറുവിനെ കണ്ടപ്പോൾ…എനിക്ക് എവിടെയോ മുട്ടിപ്പോയ ശ്വാസം തിരികെ കിട്ടിയ പോലെയാണ് തോന്നിയത്…
എവിടെയെങ്കിലും പാതി വഴിയിൽ ഞാൻ എന്റെ പതനം കണ്ടിരുന്നു….
ഇന്നവളെ കാണും വരെ…..

……എങ്ങനെയാ ഞാൻ നന്ദി പറയേണ്ടേ എന്നറിയില്ല…..അവൾ തിരികെ വന്നാൽ രാഹുലിനും കഴിയും അതെനിക്കുറപ്പുണ്ട്….”

കൈകൂപ്പി ഇടറുന്ന സ്വരവും തുളുമ്പുന്ന മിഴികളുമായി നിന്ന ദീപനെ കണ്ട് അനഖയുടെയും സന്ധ്യയുടെയും കണ്ണുകളിലും നീർച്ചാലുകൾ ഉറവപൊട്ടി…

“നിങ്ങൾക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഇടയ്ക്ക് വരണം….എനിക്കിതുവരെ കഴിയാത്തത് നിങ്ങൾക്ക് കഴിയുന്നത് കാണുമ്പോൾ എവിടെയോ ഒരു വെട്ടം ഞാൻ കാണുവാ…..
……….അപേക്ഷയാണ്…………”

അത്രയും പറഞ്ഞു പുറം കൈകൊണ്ട് കണ്ണീര് തുടച്ചു നടന്നു നീങ്ങുന്ന ദീപൻ അവരുടെ ഉള്ളിൽ ഒരു നോവായി പടരുകയായിരുന്നു….
————————————-

“അനു…..”

“ഉം….”

“എന്താ ആലോചിക്കണേ….”

“ഞാൻ അവരെകുറിച്ചു ആലോചിക്കുവായിരുന്നു ചേച്ചി….
ചിന്തിക്കുമ്പോൾ ഇപ്പോഴും മനസ്സിൽ തന്നെ കിടന്നു നീറുവാ….”

“നീയും അത് കഴിഞ്ഞു വന്നതല്ലേ….അതാ…”

“ഹ്മ്മ്……അതാവും…പക്ഷെ എനിക്കവരുടെ മുഖം തന്നെയാ മനസ്സിൽ…ഏട്ടത്തിയുടെ പിന്നെ ഫോണിൽ അവർകാണിച്ച അവന്റെ രൂപവും…”

“അത് ആഹ് ബെഡിൽ കിടക്കുന്നവൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല അല്ലെ….”

“ഹ്മ്മ് കണ്ടപ്പോൾ എനിക്കും പറ്റിയില്ല….”

“ഇനിയെന്താ മോള്ടെ പ്ലാൻ….”

“അറിയില്ല….എന്തായാലും എന്നെക്കൊണ്ട് കഴിയുന്നത് ഞാൻ ചെയ്യും,….ചെയ്യണം….”

അനഘ ദൃഢനിശ്ചയത്തോടെ കാർ മുന്നോട്ടു ഓടിച്ചു.
അന്ന് രാത്രി ഉറങ്ങുമ്പോഴും ഇരുവർക്കും സംസാരിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല, ഹോസ്പിറ്റലിലെ സംഭവങ്ങൾ അത്രയും ആഴത്തിൽ അവരിൽ പതിഞ്ഞിരുന്നു.

********************************

“എന്നോടെന്താ ഇത്ര നാള് ഏട്ടത്തി മിണ്ടാഞ്ഞേ….”

രാത്രി അവനുള്ള കഞ്ഞി കോരിക്കൊടുക്കുമ്പോൾ പാർവതിയോട് രാഹുൽ ചോദിച്ചു.
കലങ്ങിയ മനസ്സിൽ തെളിവാനം വിടർന്നു തുടങ്ങിയ പാർവതി അനഘ പോയശേഷം രാഹുലിനോട് പഴയപോലെ സംസാരിച്ചു തുടങ്ങിയിരുന്നു, ആഹ് നേരം അപ്രതീക്ഷിതമായി ആയിരുന്നു രാഹുലിന്റെ ചോദ്യം.
അവന്റെ ചോദ്യം ആദ്യം അവളുടെ ഉള്ളൊന്നുലച്ചു, എന്നാൽ ഇനിയും സങ്കടത്തിന് സ്ഥാനം ഇല്ലെന്നു ഉറപ്പിച്ചിരുന്ന പാർവതി ചുണ്ടിൽ ചെറു പുഞ്ചിരി നിറച്ചു.

“നീ എന്നെ എന്തിനാ ഒറ്റയ്ക്കാക്കി പോയേ…..നീ എന്താ എന്നോട് മിണ്ടാൻ വരാഞ്ഞേ….”

പാർവതി തിരികെ ചോദിച്ചപ്പോൾ അവന്റെ മുഖം മങ്ങി.

” തോറ്റു പോയവനെപോലെ എന്റെ ഏട്ടത്തിയുടെ മുന്നിൽ നില്ക്കാൻ എനിക്ക് പറ്റിയില്ല….അവള് പോയതിൽ ഞാൻ എന്ത് ഉത്തരമാ ഏട്ടത്തിക്ക് തരേണ്ടത് എന്നറിയാതെ ഞാൻ എങ്ങനാ മുന്നിൽ
വരുക….എല്ലാവരുടെയും നോട്ടവും സഹതാപവും സിമ്പതിയും കളിയാക്കലും,…എന്നെ തന്നെ ചെറുതാക്കിയ പോലെ…. ഞാൻ ഒന്നിനും കൊള്ളാത്തവൻ ആണെന്നൊരു തോന്നൽ കൂടി ഉള്ളിൽ കയറി…പിന്നെ ഞാൻ എന്താ ചെയ്ക….എനിക്ക് കഴിഞ്ഞില്ല ഒന്നിനും ഒന്ന് മുൻപിൽ വന്നു നില്ക്കാൻ പോലും,….”

ഇടറിക്കൊണ്ടു രാഹുൽ പറഞ്ഞത് കേട്ട പാർവതി നിറഞ്ഞു വന്ന തന്റെ കണ്ണുകളെ അവഗണിച്ചുകൊണ്ട് രാഹുലിന്റെ കവിളിലെ നീർത്തുള്ളികൾ തുടച്ചു.

“നീ ഒരിക്കലും തോറ്റു പോവില്ല തോൽക്കാൻ ഞാൻ ഇനിയൊരിക്കലും സമ്മതിക്കില്ല….
…..ഒരിക്കെ എന്റെ തീരുമാനം കൊണ്ടാണ് നീ നീറിയതും വീണതും അവളെ എന്റെ മോനു വേണ്ടി ഞാൻ കണ്ടെത്തിയ നാളിനെ ശപിക്കാത്ത ഒരു നിമിഷം പോലും ഇല്ല….
ഇടയ്ക്ക് എനിക്കും തോന്നും ഞാനും ഒരു ശാപം പിടിച്ച ജന്മം അല്ലെ എന്ന്….”

നീറിക്കൊണ്ടു പാർവതിയുടെ നാവിൽ നിന്ന് ഉതിർന്നു വീണ വാക്കുകൾ പൂർത്തിയാക്കും മുന്നേ അവന്റെ കൈ അവളുടെ വായ പൊത്തി.

“ഇനി ഒന്നും പറയണ്ട….എന്റെയും എന്റെ ഏട്ടന്റെയും ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ പുണ്യം എന്താണ് എന്ന് ചോദിച്ചാൽ എനിക്ക് ചൂണ്ടി കാണിക്കാൻ എന്റെ ഏട്ടത്തി മാത്രേ ഉള്ളൂ…ഇനി ഉണ്ടാവുകയും ഉള്ളൂ…”

രണ്ടുപേരുടെയും മനസിന്റെ മഞ്ഞുരുകി പഴയ ഏട്ടത്തിയും അനിയനുമായി മാറുന്നത് മൗനത്തോടെ പുതുജീവൻ പ്രാപിച്ച ഹൃദയവുമായി ദീപൻ ചിരിയോടെ കണ്ടു നിന്നു.

********************************

ഡും ഡും ഡും….!!!

“ആരോ…മുട്ടുന്നുണ്ട്..കാലനാണോ…!!”

“ഹി ഹി ഹി….മിണ്ടതിരിയെടാ ചെക്കാ….”

ബെഡിൽ നിന്ന് ഡോറിലേക്ക് എത്തിനോക്കി രാഹുൽ പറഞ്ഞത് കേട്ട പാർവതി തലയിൽ കിഴുക്കി ഡോറിലേക്ക് നടന്നു.

“അനു….കേറി വാ….സന്ധ്യയും വാ….”

പുറത്തു നിൽക്കുന്നത് ആരാണെന്നു മനസ്സിലാവാൻ രാഹുലിന് അധികനേരം വേണ്ടി വന്നില്ല.

“ആള് ഉണർന്നിട്ടുണ്ട്…..”

അവരെ ഫേസ് ചെയ്യാനുള്ള ചമ്മലിൽ വശം ചരിഞ്ഞു ഉറക്കം നടിച്ചു കിടക്കാൻ ഒരുങ്ങിയ അവന്റെ പെട്ടിയിൽ ആണി തറച്ചു കൊണ്ടായിരുന്നു പാർവതിയുടെ സംസാരം.

രാഹുലിനെ നേരിടാനുള്ള ചളിപ്പ് അനഖയിലും ഉണ്ടായിരുന്നതിനാൽ സന്ധ്യയുടെ മറപറ്റിയായിരുന്നു അവൾ റൂമിലേക്ക് വന്നത്.

“ഇപ്പൊ എങ്ങനെ ഉണ്ട് രാഹുൽ…..”

സന്ധ്യയാണ് അവനെ പുഞ്ചിരിയോടെ നോക്കി ചോദിച്ചത്.

“കുഴപ്പം ഒന്നുമില്ല…”

“നിനക്ക് ഇവരെ മനസ്സിലായോ….അന്ന് ഇവരാ നിന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.
സന്ധ്യ…ഇത് അനഘ….”
സന്ധ്യയ്ക്ക് പിന്നിൽ നിന്നിരുന്ന അനഖയെ മുന്നിലേക്ക് നീക്കി കയ്യിൽ പിടിച്ചുകൊണ്ടു പാർവതി രാഹുലിനെ പരിചയപ്പെടുത്തി.

“സന്ധ്യ ഇരിക്ക്…..അധിക നേരം ഈ സമയം നിന്നൂടാ….”

സന്ധ്യയെ കസേരയിലേക്ക് ഇരുത്തുമ്പോൾ തന്റെ ഏട്ടത്തിയുടെ നെഞ്ചിൽ മിന്നിമറഞ്ഞ ഒരു കൊതിയുടെ നോവ് ഒരു നിമിഷം അവരുടെ മുഖത്ത് നിന്ന് രാഹുൽ കണ്ടെടുത്തു.
ഒപ്പം അവന്റെ ഉള്ളും വലിഞ്ഞു.

കണ്ണ് പതിയെ എടുക്കുമ്പോഴാണ് തന്നെ നോക്കി നിന്ന അനഖയുടെ കണ്ണിൽ രാഹുലിന്റെ കണ്ണ് ഉടക്കുന്നത്.
ഒരേ സമയം പരസ്പരം നോക്കിയ അവർ പെട്ടെന്ന് മുഖം മാറ്റി.

“നിങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടേ….”

പാർവതിയുടെ ചോദ്യത്തിൽ അനഘ വേണ്ടെന്ന രീതിയിൽ തലയാട്ടി.

ഡോറിലെ വീണ്ടും കേട്ട മുട്ടൽ ആരുടേതാണ് എന്നറിയാൻ പാർവതി നീങ്ങിയപ്പോൾ സന്ധ്യ രാഹുലിനോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.
അനഘ കണ്ണുകൾ ഒരിടത്തും ഉറപ്പിക്കാതെ ഓരോഇടങ്ങളിലായി മാറ്റിക്കൊണ്ടിരുന്നു.

“ഗുഡ് ഈവനിംഗ് രാഹുൽ….എങ്ങനെ ഉണ്ട് ഇപ്പൊ….സ്‌റ്റേബിൾ അല്ലെ….”

“ഹ്മ്മ്….ഓക്കേ ആണ് ഡോക്ടർ…”

അകത്തേക്ക് വന്ന ഡോക്ടർ വിഷ് ചെയ്ത ശേഷം ചാർട് എടുത്തു നോക്കി.

കണ്ണിലെ രക്തയോട്ടം പരിശോധിച്ച ശേഷം രാഹുലിനെ നോക്കി,

“ഇപ്പോൾ സ്‌റ്റേബിൾ ആണ് ബട്ട് ചില ശീലങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ അധികം വൈകാതെ തിരികെ ഇതിലും സ്പീഡിൽ ഇവിടെ വരേണ്ടി വരും.
അറിയാല്ലോ….ഇഞ്ചുറി ഒരാഴ്ച്ച കൊണ്ട് നേരെ ആവും ബട്ട് ഉള്ളിലെ ചില സംഭവങ്ങളുടെ കാര്യം അങ്ങനെ അല്ല….സൊ ടേക്ക് കെയർ…”

പാർവ്വതിയെയും മറ്റുള്ളവരെയും നോക്കി ചിരിച്ചു ഡോക്ടർ റൗണ്ട് കഴിഞ്ഞു മടങ്ങി.

“രാഹുൽ…..ഉപദേശിക്കുവാണ് എന്ന് കരുതിയാലും സാരമില്ല….ഇനി നിന്റെ ഏട്ടത്തിയെ കരയിക്കരുത്… ഇപ്പോൾ തന്നെ ഇതൊരുപാട് തീ തിന്നു കഴിഞ്ഞു,
വെറും രണ്ടു ദിവസത്തെ പരിചയം ഉള്ള എനിക്കിതു മനസ്സിലാക്കാൻ പറ്റിയെങ്കിൽ രാഹുലിന് എന്തായാലും അതിനു കഴിഞ്ഞിട്ടുണ്ടാവും…,

യൂ ആർ സൊ യങ്….ഇനിയും ഒത്തിരി ജീവിതം ബാക്കി ഉണ്ട്…ദേ ഈ നിൽക്കുന്ന ഇവള്,….
നഷ്ടങ്ങളുടെ കണക്ക് നോക്കുമ്പോ ഏറ്റവും കൂടുതൽ നഷ്ടപ്പെട്ടത് ഇവൾക്കാ…
എന്നിട്ടും ഇവള് ഇപ്പൊ ഇങ്ങനെ നിക്കുന്നത് അവൾക്ക് തിരിച്ചറിവ് വന്നതുകൊണ്ടാ….രാഹുലിനും അത് ഉണ്ടാവണം….”

ബെഡിൽ പുഞ്ചിരിയോടെ കേട്ട് കിടന്നിരുന്ന രാഹുലിന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് പാർവതിയും അത് കേട്ടിരുന്നു.

“ഇനി പുതിയൊരു ജീവിതം ജീവിച്ചു തുടങ്ങണം…..
അല്ല ഇവളോട് പറഞ്ഞ കാര്യം തന്നെ പറഞ്ഞേക്കാം ജീവിച്ചു കാണിച്ചുകൊടുക്കണം….
കേട്ടല്ലോ….”
സന്ധ്യ ചിരിയോടെ പറഞ്ഞു നിർത്തി.

“നമുക്ക് എന്നാൽ ഇറങ്ങിയാലോ അനൂ….”

സന്ധ്യ അനഖയെ നോക്കി ചോദിച്ചു അവളുടെ കണ്ണുകൾ അപ്പോഴും പാത്തും പതുങ്ങിയും അവനെ തന്നെ നോക്കുകയായിരുന്നു അന്ന് അവൾ തല്ലിയതിനെ ഓർത്തായിരുന്നു അവളുടെ മനസ്സ് പിടച്ചുകൊണ്ടിരുന്നത്…ഒരു ക്ഷെമ ചോദിക്കണം എന്ന് അവൾക്കുണ്ടായിരുന്നെങ്കിലും എങ്ങനെ പറയും എന്നുള്ള പേടിയും കുറ്റബോധവും അവളെ പിന്നോട്ട് വലിച്ചുകൊണ്ടിരുന്നു.

“ഇന്ന് അനു വന്നിട്ട് മുഴുവൻ സൈലന്റ് ആയിരുന്നല്ലോ….എന്നോടൊന്നു മിണ്ടി കൂടി ഇല്ല….”

അനഖയുടെ കയ്യിൽചുറ്റി പാർവതി പരാതി പറഞ്ഞു.

“അവളിടയ്ക്ക് അങ്ങനെയാ പാർവതി….പെട്ടെന്ന് സൈലന്റ് ആവും….”

സന്ധ്യ അനഖയുടെ കയ്യിൽ കോർത്തുകൊണ്ട് തിരികെ പോവാൻ ഇറങ്ങി ഡോറി നടുത്തേതും മുന്നേ പാർവതിയോട് യാത്ര ചോദിക്കാൻ നിന്ന അനഖയുടെ കണ്ണ് ഒരു നിമിഷം തെറ്റിപ്പാളി മിന്നലൊളി പോലെ രാഹുലിന് നേരെ നീണ്ടു, അത് പ്രതീക്ഷിച്ചിരുന്നതിലാവണം അവനും അവളെ തന്നെ നോക്കി കിടക്കുകയായിരുന്നു.

തന്റെ നോട്ടം പിടിക്കപ്പെട്ടതും കള്ളിയെ പോലെ ഒരു കണ്ണിറുക്കി നാക്ക് കടിച്ചു ചമ്മി മുഖം ചുളുക്കിയ അനഖയെ കണ്ട രാഹുലിന്റെ ചുണ്ടിലും പുഞ്ചിരി വിടർന്നു.

————————————-

“ഡി അനു…..നിനക്കിന്ന് എന്ത് പറ്റി….”

ഹോസ്പിറ്റലിൽ നിന്ന് തിരികെ പോരും വഴി സന്ധ്യ അനഖയോട് ചോദിച്ചു.

“എന്ത് പറ്റാൻ….എനിക്കൊന്നും പറ്റിയില്ല….”

കണ്ണിറുക്കി അനഘ സന്ധ്യയെ കളിയാക്കി.

“ദേ നിന്റെ വിളച്ചിൽ എന്നോട് എടുക്കണ്ടട്ടോ….
സദാസമയോം ചിലച്ചോണ്ടിരിക്കണ പെണ്ണാ…ഹോസ്പിറ്റലിൽ കയറിയെ പിന്നെ ഒതളങ്ങ വിഴുങ്ങിയ പോലെ ആയിരുന്നു,…
ഏതാണ്ട് ഒരുമാതിരി നാണം കുണുങ്ങി പെണ്ണിനെ പോലെ എന്റെ തുമ്പേലും തൂങ്ങി…
എനിക്കൊന്നും മനസ്സിലായില്ല എന്ന് കരുതരുത്…എന്താടി…എന്താ മോള്ടെ ഉദ്ദേശം…”

ചരിഞ്ഞിരുന്നു അനഖയുടെ കള്ളനോട്ടം അടക്കം പിടിച്ചു ഇട്ട് സന്ധ്യ ചോദ്യം ചെയ്തതോടെ അനഘ അല്പം ചമ്മി ആണെങ്കിലും കാര്യം പറയാം എന്ന് കരുതി.

“അതില്ലെച്ചി….എനിക്ക് അയാളെ കാണുമ്പോൾ ഒരു ചളിപ്പ്….”

“അതെന്തിനാ അവനെ കാണുമ്പോ നീ ചളിക്കണേ… അവൻ നിന്നെ പെണ്ണുകാണാൻ വന്നതാ….”

ഒരല്പം കളിയാക്കൽ കലർത്തി ഗൗരവം വിടാതെ ആണ് സന്ധ്യ ചോദിച്ചത്.

“യ്യോ…..ഇതിനെക്കൊണ്ടു….
എനിക്ക് ഒരു സോറി പറയണം എന്നുണ്ടായിരുന്നു…..അന്ന് ആക്സിഡന്റ് നടന്നപ്പോൾ ഞാൻ തല്ലിയില്ലേ അതിനു…അതാലോചിക്കുമ്പോൾ അയാളുടെ മുന്നിൽ നിൽക്കുമ്പോ എന്തോ പോലെ തോന്നുന്നു…വേണ്ടായിരുന്നു എന്നൊരു ചിന്ത.”

“അന്ന് ഫൂലാൻ ദേവി കൂടിയ പോലെ ആയിരുന്നില്ലേ ചാടിയിറങ്ങി അവന്റെ കരണം അടിച്ചു
പൊട്ടിച്ചത്…എന്നിട്ട് ഇപ്പോ സോറി പറയാൻ ചളിപ്പും ചമ്മലും മടിയും…നിന്നെക്കൊണ്ടിപ്പോ ഞൻ ആഹ് തൊറ്റേക്കുന്നത്…എങ്കി പിന്നെ ഇന്ന് നിനക്ക് അതങ്ങോട്ടു പറഞ്ഞൂടാരുന്നോടി പോത്തേ…”

“അതല്ലേടി ചേച്ചി എനിക്ക് എന്തോ ചളിപ്പ് ആണെന്ന് പറഞ്ഞത്…പിന്നെ ഞാൻ കരണത്തടിച്ചു എന്നൊക്കെ പറഞ്ഞാൽ ഏട്ടത്തി എന്ത് വിചാരിക്കും….”

“ഉവ്വാ….!!!…അന്ന് ചാടിപ്പിടിച്ചു ഇറങ്ങുമ്പോ ഓർക്കണമായിരുന്നു….”

“ഹോ എന്നെ ഒന്ന് എന്തേലും പറഞ്ഞു ആശ്വസിപ്പിക്കാതെ എന്നെ പറഞ്ഞു പേടിപ്പിക്കുന്നോ….”

അനഘ കണ്ണുരുട്ടി സന്ധ്യയെ നോക്കി.
അതിനു പകരം കള്ളച്ചിരി ആയിരുന്നു സന്ധ്യയുടെ മറുപടി.
********************************

“തറവാട്ടിലേക്ക് ഞാൻ ഇല്ല ഏട്ടത്തി….”

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി കാറിൽ ഇരിക്കുമ്പോഴാണ് രാഹുൽ പാർവതിയോട് പറഞ്ഞത്.

“അതിന് തറവാട്ടിലേക്ക് വരണം എന്ന് ഞാൻ പറഞ്ഞോ….തറവാട്ടിലേക്ക് നിനക്ക് ഇഷ്ടമുള്ളപ്പോൾ വന്നാൽ മതി അതുവരെ നീ ഒന്ന് നേരെ ആകുന്നത് വരെ ഞാനും ഏട്ടനും ഇനി നിന്റെ ഫ്ലാറ്റിൽ നിക്കാനാ തീരുമാനിച്ചിരിക്കുന്നെ….”

പാർവതി തിരിഞ്ഞിരുന്നു രാഹുലിനെ നോക്കി.

“അയ്യോ ഏട്ടത്തി അത്….അവിടെ നിങ്ങള് ശെരിയാവില്ല….”

“നീ ഒച്ചയിട്ടു ഞെട്ടുവൊന്നും വേണ്ട….നിന്നെ അങ്ങോട്ട് മാറ്റാൻ വേണ്ടി മുന്നേ ഒരൂസം ഞാൻ പോയിരുന്നു അവിടെ വൃത്തിയാക്കാൻ….ഹോ ചെക്കൻ എന്തൊക്കെയാ അവിടെ കാട്ടികൂട്ടിയിരിക്കുന്നെ….അതോണ്ടൊക്കെ കൂടെയാ ഇനി നിന്നെ തനിച്ചു അവിടെ നിർത്താൻ എനിക്ക് ധൈര്യമില്ലാത്തെ…”

പാർവതിയുടെ കളിയാക്കലിലും സംസാരത്തിലും ചൂളിപോയ രാഹുൽ സീറ്റിലേക്ക് ചാഞ്ഞു കിടന്നു കണ്ണടച്ചു.

————————————-

“ആഹ്….അനു….ഇന്ന് ഡിസ്ചാർജ് ആയി….ഇവിടെ ഫ്ലാറ്റിലേക്ക് പോന്നൂ…ചെക്കനെ ഒന്ന് ശെരിയാക്കി എടുക്കണം അപ്പൊ അതുവരെ ഞാനും ഏട്ടനും ഇവിടെ കൂടാന്ന് കരുതി…”

ഫ്ളാറ്റിലെ തന്റെ മുറിയിൽ ബെഡിൽ രാഹുലിനെ കിടത്തി അപ്പുറത്തേക്ക് മാറിയ പാർവതിയുടെ ഫോണിലൂടെ ഉള്ള സംസാരം അവനു കേൾക്കാമായിരുന്നു,
കേട്ടപ്പോഴേ അതാരോടാണ് എന്ന് അവനു മനസ്സിലായി.

“ഞാൻ ഇനി ഇവിടെത്തന്നെ കാണും…ഇടയ്ക്ക് വായോ….”

പാർവതി ഫോൺ വിളി അവസാനിപ്പിച്ച് തിരികെ എത്തി.

“ആരെയാ ഏട്ടത്തി വിളിച്ചെ….!!!”

അറിയാമായിരുന്നിട്ടും വെറുതെ അവൻ ഒന്ന് ചോദിച്ചു.

“അനൂനെ വിളിച്ചു പറഞ്ഞതാ…ഡിസ്ചാർജ് ആയ കാര്യം…..”

“ഹ്മ്മ്……”
“നിനക്ക് എന്തേലും കുടിക്കാനോ കഴിക്കാനോ വേണോ….”

“ഇപ്പോന്നും വേണ്ട ഏടത്തി കുറച്ചുനേരം ഇവിടെ ഇരിക്ക്,…രാവിലെ മുതൽ തിരക്ക് പിടിച്ചു ഓട്ടമല്ലായിരുന്നോ…”

97542cookie-checkറിവേഴ്സ് ഗിയർ 3

Leave a Reply

Your email address will not be published. Required fields are marked *