അമ്മിക്കുട്ടീടെ മോളിൽ കേറി ഇരിക്കല്ലെ മോളേ….! അമ്മായി ഉമ്മേടെ നെഞ്ച് കല്ലായിത്തീരും… ” ഉമ്മാമ എന്നോട് സ്ഥിരം പറയുന്ന ഡയലോഗ്. എന്നാൽ എനിക്കും ശാഹിക്കാക്കും അതിന്റെ മോളിലിരുന്ന് ഭക്ഷണം കഴിച്ചാലേ വയറ് നിറയൂ .അതിലിരിക്കുന്ന സുഖം ഒന്ന് വേറെ തന്നെ….. ചെറിയാത്ത തേങ്ങ ചുരണ്ടുമ്പോൾ അതീന്ന് കുറച്ചെടുത്ത് വായിൽ കുത്തിക്കേറ്റി ഓടുന്നതും എന്റെ ഹരമാണ്. “ന്റെ ,റബ്ബേ ! ഈ പെണ്ണ് തേങ്ങാ മുയുമനും തിന്നു തീർക്കാ…. ഇന്നെക്കൊണ്ടു പറ്റൂലാ ബാക്കി ചൊരണ്ടാൻ. ചെറീത്താടെ കൊര കേട്ട് നിസ്കാര പായയിൽ കാലു നീട്ടി ഇരുന്ന് തസ്ബീഹ് ഉരവിടുന്ന ഉമ്മാമാന്റെ അടുത്ത നയം വരും.” ന്റെ, ശാദിക്കുട്ടിയേ…. ഉമ്മാമാടെ മോള് ഇങ്ങനെ തേങ്ങ ബാരിത്തിന്നാല് അന്റെ നിക്കാഹിന് പെരുത്ത് മയപെയ്യൂ ട്ടോ… “ഇതൊക്കെ പഴമക്കാരുടെ പെരുമ എന്ന മട്ടിലായിരിക്കും ഞാൻ .കല്ല്യാണപ്പെണ്ണായിച്ച മഞ്ഞിരിക്കുമ്പോൾ പുറത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും എന്റെ മനസ്സിൽ തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു. മൊഞ്ചത്തിപ്പെണ്ണിന്റെ മനസ്സിലെ വർണ്ണമഴ. കല്ല്യാണം കഴിഞ്ഞാണ് ഉമ്മാമ പറഞ്ഞ മഴ പെയ്തത്.അതെന്റെ കണ്ണിലാണെന്ന് മാത്രം.നല്ല ചൂടുള്ള മഴ .
ഇനി ഞാനെന്നെ പരിചയപ്പെടുത്താം. ശാദിയ ശഹബാസ്. കാണാൻ ഞാൻ സുന്ദരിയാട്ടോ…. സുന്ദരീന്ന് വെച്ചാൽ കവികൾ വർണ്ണിക്കുമ്പോലെ തുടുത്ത കവിളും ചുവന്ന അധരവും, അങ്ങനെയൊന്നുമല്ലാട്ടോ. അത്യാവശ്യം.അത് കൊണ്ട് തന്നെ പത്താം ക്ലാസ് കഴിഞ്ഞ് പoനം നിർത്തേണ്ടി വന്നു. പൂവാലശല്യം. കുറച്ച് കണിശക്കുടുoബമായത് കൊണ്ട് വാശി പിടിക്കാനും നിന്നില്ല. എന്നെക്കുറിച്ച് പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. കൂടുതൽ സാഹിത്യം കലർത്തി പറയുന്നുമില്ല. ഇനി വീട്ടുകാരെ പരിചയപ്പെടാം. ഉമ്മ ഷരീഫ. ഷുഗറും കൊളസ്ട്രോളും ഒക്കെയുണ്ട്. ഉപ്പ….. ഉപ്പാനെ കുറിച്ച് പറയുമ്പോൾ ഞാൻ കരയും .ആക്സിഡന്റായിരുന്നു’ മസ്തിഷ്ക മരണം. അന്ന് മുതൽ ഉമ്മ ഒരു രോഗിയായി.ഓർമ വെച്ച നാളു മുതൽ ഉപ്പ ഗൾഫിലായിരുന്നു. നല്ല കമ്പനിപ്പണി. വർഷത്തിൽ ഒരു മാസം ലീവ്.നാട്ടിൽ വന്നാൽ മൊത്തം കറക്കാണ്.വീട്ടിൽ നിൽക്കാറേ ഇല്ല., ഉപ്പാടെ തറവാട്ടിൽ പോയി വന്ന് ഞങ്ങളെ വീട്ടിലാക്കി ഇപ്പം വരാന്ന് പറഞ്ഞ് പോയതാ. പിന്നെ ഞാൻ ഉപ്പാനെ കാണുന്നത് ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ്. ബാക്കി ……?? പിന്നെ എനിക്കുള്ളത് ഷാഹിദ് ഇക്കാക്ക.ഗൾഫില് ഉപ്പാന്റെ കമ്പനിയിലാ ഇപ്പൊ ഇക്കാക്ക.കുടുംബം കരകേറ്റാൻ ചെറുപ്രായത്തിലെ പ്രവാസിയായി. കല്യാണം കഴിഞ്ഞു. അമാന എന്നാ അമ്മായിടെ പേര്. ഒരു മോനുണ്ട്. മിറാഷ് .ഞാനിട്ട പേരാണ്.അർത്ഥമൊന്നും നോക്കീല്ല. അമ്മു ന് [സ്നേഹത്തോടെ അമാനായെ ഞാൻ അമ്മൂന്നാ വിളിക്കുന്നത്.] പ്രഗ്നന്റ് റിസൾട്ട് കിട്ടിയത് മുതൽ ഞാൻ ഉറപ്പിച്ചതാ, പെണ്ണാണേൽ മിർഷ എന്നും ആണെങ്കിൽ മിറാഷെന്നും.ഷാഹിക്ക എതിർത്തൊന്നും പറഞ്ഞില്ലെന്ന് മാത്രമല്ല അമ്മു എന്നെ സപ്പോർട്ടും ചെയ്തു. അവർ രണ്ടു പേരുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സ് .പിന്നെയുള്ളത് ഒരനിയൻ’ ഷാനിദ്.ആറാം ക്ലാസിൽ പഠിക്കുന്നു. അവന് ഞാൻ റാണി ത്തയാണ്. ഒറ്റ മോളായത് കൊണ്ട് ഒരു റാണിയെ പോലെയാ എല്ലാരും എന്നെ വളർത്തിയത്.കുഞ്ഞുനാളിൽ ഉപ്പ എന്നെ എന്റെ റാണി എവിടെ എന്ന് ചോദിക്കും പോലും, അങ്ങനെ ഞാൻ റാണിയായി.ഇതാണ് എന്റെ കുടുoബം ‘അമ്മുനെ അമ്മായി ആയി കിട്ടിയത് കൊണ്ട് നല്ല രീതിയിൽ കുടുംബം മുന്നോട്ട് പോയി.പെരുന്നാളിനൊക്കെ എളേമമാരും മറ്റും അയ്യായിരവും ആറായിരവും കൊടുത്ത് ഡ്രസ്സ് എടുക്കുമ്പോൾ അമ്മു അഞ്ഞൂറ റുനൂറിൽ ഡ്രസ്സൊതുക്കും. ഞാൻ നല്ലതന്നെ വാങ്ങിക്കണമെന്ന് ഷാഹിക്ക വിളിച്ചു പറയും. എങ്കിലും ചെറിയ വിലയുടെ ഡ്രസ്സേ ഞാനും എടുക്കാറുള്ളൂ. ഉമ്മാന്റെ ചികിത്സ, അനിയന്റെ പoനം, എന്റെ കാര്യം, വീട്ടു ചിലവ്, അങ്ങനെ ഓരോ കാര്യത്തിനും ഷാഹിക്ക തന്നെ വേണ്ടേ. അത് കൊണ്ട് ഞാനും അനിയനും ഒന്നിനും വാശി പിടിക്കാറില്ല. ഉമ്മാടെയും ഉപ്പാടെയും നല്ല സ്നേഹമുള്ള ആൾക്കാറാണ്. അത്യാവശ്യം അവരും എന്തെങ്കിലും തരും.. നല്ലപോലെ കിട്ടണമെങ്കിൽ റമളാൻ ആവണമെന്ന് മാത്രം.
കാറ്റിൽ പറത്തിയ കടലാസ് പോലെ ദിവസങ്ങൾ ആഴ്ചകളും മാസങ്ങളും വർഷങ്ങളുമായി കടന്ന് പോയി. എനിക്ക് 17 വയസ്സ് തികഞ്ഞു. ഒരു പാട് പ്രൊപ്പോസിൽ വന്നെങ്കിലും ഷാഹിക്കാക്ക് ഒന്നും ഇഷ്ടപ്പെട്ടില്ല. എന്റെ റാണിക്ക് നല്ലൊരു രാജകുമാരൻ വരണം. എങ്കിലേ ഞാൻ നിന്നെ കെട്ടിക്കൂ. വിളിച്ചാലൊക്കെ ഷാഹിക്കാക്കുള്ള സ്ഥിരം പല്ലവിയാണിത്. ഉപ്പാന്റെ ചങ്ങായി സൈദാലിക്ക ഒരു ആലോചനയും കൊണ്ടുവന്നു.ഇക്കാക്കാനോ ട് പറഞ്ഞപ്പോൾ അവനും പെരുത്ത് ഇഷ്ടായി.ചെക്കൻ ഗൾഫിലാണ് .പത്ത് ദിവസായി നാട്ടിൽ വന്നിട്ട് .പെട്ടെന്ന് കല്യാണം നടത്തണം. രണ്ട് മാസമേ ലീവുള്ളൂ. ശരിക്കും എല്ലാ ഡീറ്റേൽസൂം അറിഞ്ഞ് ഷാനിക്ക പറന്നെത്തി. ഒരു പാട് ഇടവേളക്ക് ശേഷം വീണ്ടും സന്തോഷത്തിന്റെ നാളുകൾ.