ലൂസിഫർ

Posted on

“കരിമ്പനക്കാട്ടിൽ രക്തദാഹിയായ യക്ഷിയുണ്ട്!!!!…
രാത്രികാലങ്ങളിൽ, നിലം തൊടാത്ത കാലുകളുമായി അവൾ ഒഴുകി നടക്കും…
ഇരുട്ടിൽ നിങ്ങൾക്കുപിറകിൽ ഒരു നിഴൽപോലെ!!…

അമാവാസി രാവുകളിൽ ലോകം ഇരുളിനെ പുണരുമ്പോൾ, യക്ഷിപ്പാലകളിൽ നിന്ന് അവളുടെ അലർച്ച
കേൾക്കാം..
ഒപ്പം, അവളുടെ നീണ്ടു കൂർത്ത ദംഷ്ട്രകളിൽ രക്തം വാർന്നു മരിക്കുന്ന പാവം മനുഷ്യരുടെ
നിലവിളിയും..
ഭയക്കേണ്ടിയിരിക്കുന്നു!!!!…

മോഹിപ്പിക്കുന്ന ഗന്ധത്തിൽ മയങ്ങിയെത്തുന്നവരുടെ കഴുത്തിൽ, കൂർത്ത
കോമ്പല്ലുകളാഴ്ത്തി അലർച്ചയോടെ അവൾ അമരുമ്പോൾ, കോമ്പല്ലുകളിലെ സുഷിരങ്ങളിലൂടെ
തിളയ്ക്കുന്ന മനുഷ്യരക്തം അവളുടെ ഉയിരിലേക്കൊഴുകും…
അവൾ അതീന്ദ്രീയശക്തി കൈവരിക്കും!!!..
നിങ്ങളുടെ ആത്മാവിനെ അവളുടെ അടിമയാക്കി മാറ്റും..

അതോടെ, കാലങ്ങളോളം യക്ഷിപ്പാലകളിൽ അഭയം തേടി നിങ്ങൾ ഗതികിട്ടാതെ അലയേണ്ടിവരും…
നിങ്ങളുടെ മനസ്സ് പൂർണമായും അവളുടെ അധീനതയിലാകും…
നിങ്ങളുടെ ഉള്ളിൽ അവളുടെ ആജ്ഞകൾ കുടിയേറും… നിങ്ങൾ…………”

അപ്പുറത്തെ, പീക്കുർണി യെന്ന് ചെല്ലപ്പേരുള്ള പി കെ മാങ്കുണ്ണിയുടെ വീട്ടിലെ റേഡിയോ
നാടകം കേട്ട്, തൃശ്ശൂര് ഡിസ്ട്രിക്ടിൽ, നല്ലോണം പനകളും ഇഷ്ടംപോലെ കടിച്ചു തിന്നാൻ
പനനൊങ്കുമുള്ള, സെന്റിന് ഏതാണ്ട് രണ്ട്‍ രണ്ടര ലക്ഷം മതിപ്പുവിലയുള്ള, സാമാന്യം
ഭേദപ്പെട്ട ഒരു ഏരിയ യിലെ, ഒരു കുഞ്ഞു കരിമ്പനയിലിരുന്ന്, ഒരു പാവം യക്ഷി
മൂക്കുപിഴിഞ്ഞു.
പാവം യക്ഷിയുടെ പേര് സിമോണ!!!.
വയസ്സ്…. “മരിച്ചതിനു ശേഷം” ഇരുപത്തിമൂന്ന്.

“റേഡിയോ തെണ്ടികൾ!!!..
പച്ചപ്പാവങ്ങളായ ഞങ്ങളെപ്പറ്റി ഓരോന്ന് പറഞ്ഞുണ്ടാക്കിയിട്ട്, ഒറ്റ ഒരുത്തൻ,
ഒരിത്തിരി ചുണ്ണാമ്പ് തരാൻ പോലും ഈ വഴി വരുന്നില്ല…
ഒന്ന് മുറുക്കീട്ട് കാലമെത്രയായി ന്നാ???”

ദേഷ്യം വന്ന്, പനയിൽ നിന്നൊരു പനനൊങ്ക് പറിച്ചെടുത്ത് തല്ലിപൊട്ടിച്ച് കഴമ്പ്
കടിച്ചീമ്പി, തൊണ്ട് വീടിന്റെ ഓട്ടുമ്പുറത്തേക്കിട്ടു..

അവിടെ കിടക്കട്ടെ!!!…
അല്ലെങ്കി തന്നെ ഒരു അടക്ക ഓടുമേൽ വീണാൽ അപ്പൊ ചാത്തനെറാണെന്നും പറഞ്ഞ്
മന്ത്രവാദിയെ വിളിക്കാൻ പോണ കൂട്ടരാ ഈ മനുഷ്യന്മാര്…
ഇതും കിടക്കട്ടെ ചാത്തന്റെ പേരിൽ… സിമോണ വക സംഭാവന…

ഇന്നാള്, ആ വിനയന്റെ ആകാശഗംഗാന്ന് ന്ന് പറയണ സിൽമാ കാണാൻ ടാക്കീസിന്റെ മേലെ
ഉത്തരത്തിൽ കാലും നീട്ടി ഇരിക്കുമ്പോ, അടുത്ത് വന്ന് കാലിന്റെ നഖം വെട്ടി തന്ന
“വില്യം ഡിക്രൂസ്” കുട്ടിച്ചാത്തൻ സങ്കടം പറഞ്ഞു…
ഒറ്റ മരത്തിൽ തൂങ്ങാൻ പറ്റുന്നില്ലത്രേ!!.. പ്രാക്ക്…

കഴിഞ്ഞ ജന്മത്തിൽ, വേതാളം ന്നു പേരായി ഏതോ രാജാവിന്റെ തോളിൽ തൂങ്ങി ചെവി കടിച്ചു
നടന്നിരുന്നതാ. അസുരവിത്ത്!!….

സ്മിതാമ്മ ന്നു പറയണ ഒരു അസ്പരാഗസ്…
സ്പരാസെസ്സ്???…..
അയ്യേ!!…
ആപ്സ്??… സ്പ??… ശ്ശേ..
അപ്സരസ്സ്…

ആ അതെന്നെ…
അതിനെ പിടിച്ച്, ചെവിയിൽ “വില്യം ഡിക്രൂസ്” ന്ന് മൂന്നുതവണ പേര് ചൊല്ലിയെന് ശേഷം
രാജാവ് കുട്ടിച്ചാത്തനെ കയ്യൊഴിഞ്ഞു… പേര് പോയ വേതാളം ഇപ്പോൾ നാട്ടുകാരുടെ മതിലിൽ
കയറി, രാത്രി കാലങ്ങളിൽ ആകാശം നോക്കി കിടന്നു നിലവിളിച്ചോണ്ടു സ്മൈലികൾ വിട്ടും
നുണകൾ പറഞ്ഞും നേരം കളയാണത്രെ….
അതോടെ ഇപ്പം ഡിക്രൂസിന് പേരൊഴിഞ്ഞ് നേരമില്ലാന്ന് പറഞ്ഞപോലായി..
ലാസ്റ്റ് കണ്ടപ്പോ ഇനി എന്നെ ഉണ്നിഷ്ണൻ ന്നു വിളിച്ചാ മതീ ന്നാ പറഞ്ഞെ.. (ഒരിത്തിരി
കള്ളക്കൃഷ്ണന്റെ സ്വഭാവോം കയ്യിലുണ്ട്…. കാണുമ്പോ ലുട്ടാപ്പീടെ പോലാണെന്നേ ഉള്ളു)

പാവം.. പറയണ കേട്ടപ്പോ സങ്കടം വന്നു…
ഒരു ദിവസം വേണേൽ നമ്മടെ പനയിൽ കിടന്നോളാൻ പറഞ്ഞപ്പോ, ഒരു ജാതി നോട്ടം നോക്കി,
അളവെടുക്കാൻ സമ്മതിക്കോ ന്നു മറുചോദ്യം ചോദിച്ചു… അപ്പൊ തന്നെ കുരിശെടുത്ത്
കാണിച്ച് ഓടിപ്പിച്ചു.
കള്ള ചാത്തൻ…

യക്ഷികളിൽ ഇനിക്ക് മാത്രേ കുരിശ് കയ്യോണ്ട് തൊടാൻ അനുവാദോള്ളോ. അത്, ഞാൻ ഇരുനിറം ആയ
കാരണം, ലൂസിഫർ പുണ്യാളൻ കർത്താവിന്റെ കൂടെ സംസാരിച്ച് എഗ്രീ ചെയ്യിച്ചതാ..
വേണേൽ കുരിശ് പിടിച്ചോളാൻ…
അല്ലേലും, കർത്താവിന് വെളുമ്പി കന്യാസ്ത്രീകളെക്കാളും എന്നെ പോലത്തെ ഇരുനിറോള്ള
യക്ഷികളെയാ ഇഷ്ടം.

കർത്താവിന്റെ നെറോം ഇത്തിരി കറുത്തിട്ടാ ത്രേ…
അല്ലെങ്കെ തന്നെ ആശാരിപ്പണി ചെയ്യുമ്പോ വെയിലത്തൊക്കെ നിക്കണ്ടി വരൂലേ. അപ്പൊ
ഇത്തിരി കറുക്കും..
അല്ലാണ്ട് സ്വർഗത്തിൽ ഇരുന്ന് ഏത് നേരോം ഇൻറർനെറ്റിൽ കളിക്കല്ലല്ലോ..

പറുദീസെടെ, കട്ടിളപ്പടീം, വാതിലും, ജനലുമൊക്കെ വെച്ചതും കക്കൂസിൽ ടൈലൊട്ടിച്ചതും
ക്ളോസറ്റ്‌ പിടിപ്പിച്ചതും ഒക്കെ മൂപ്പരെന്യല്ലേ….
അല്ലാണ്ട് അവിടെ ഏതു പണിക്കാരനെ കിട്ടാനാ??

മൂപ്പര് ആശാരിപ്പണി മാത്രല്ല.. പ്ലംബിങ്ങും, വയറിങ്ങും, ഇഷ്ടികപ്പണീം
വാർക്കപ്പണീം.. എന്തിനധികം…
വേണ്ടിവന്നാ, കൊട്ടേഷൻ വരെ എടുക്കും ന്നാ പുണ്യാളൻ പറഞ്ഞേ..
നേരാവും..
അല്ലാണ്ട്, ഈ ലോകം ഇങ്ങനെ നടത്തിക്കൊണ്ടോണത് കളക്ടറും മിനിസ്റ്ററും പോലീസും
പാർട്ടിക്കാരും ഒന്നും അല്ലല്ലോ…

എന്നാലും ആളോള്, മൂപ്പരുടെ പേരും പറഞ്ഞ് തല്ലാൻ നടന്നോളും… ഉഡായിപ്പുകള്!!!…
മൂപ്പരാരാ മോൻ!!… ബ്ലൂ വെയിൽ ടീമാ…
തലേടെ കല്ലിളകി, തമ്മിൽ തല്ലി ചാവണോനൊക്കെ അങ്ങോട്ട് “ചത്താ പൊക്കോട്ടെ” ന്നു
വിചാരിച്ചിട്ടാവും ഒന്നും മിണ്ടാത്തെ…
ചത്തോട്ടെ ചത്തോട്ടെ… അല്ലെങ്കി ഞങ്ങള് യക്ഷികളും ഗന്ധർവ്വന്മാരും കിന്നരമാരുമൊക്കെ
പട്ടിണിയാവില്ലേ??? ഞങ്ങക്കും ജീവിക്കണ്ടേ???

എനിക്ക് പക്ഷെ മൂപ്പരെ നല്ലിഷ്ടാണ്.. (ഞങ്ങള് രഹസ്യായി ഇത്തിരി ലവ്വാ… പറയല്ലേ
ട്ടാ)
ഞങ്ങള് രണ്ടാളും, വോയിൽ സാരീം, ടു ബൈ ടു ബ്ലൗസ് പീസും പോലെ, “നല്ല മാച്ച് മാച്ചാ”
ന്നാ ലൂസിഫർ പുണ്യാളൻ പറഞ്ഞേ.. എനിക്കത് കേട്ടപ്പോ ആകെ നാണായി..
അമ്മച്ചി പണ്ട് കേക്കാഞ്ഞത് ഭാഗ്യം. അല്ലെങ്കെ പിടിച്ച് മഠത്തില് ചേർത്തേനെ..
പിന്നെ കണ്ണിക്കണ്ട തെണ്ടി ബിഷപ്പുമാരടെ മണവാട്ടിം കൂട്യല്ല, വെപ്പാട്ടിയാവണ്ടി
വന്നേനെ…
യക്ഷിയായിപ്പോയത് ഭാഗ്യം!!!

റേഡിയോ നാടകം കഴിഞ്ഞ് പീക്കുർണി പുറത്തേക്കിറങ്ങുന്നുണ്ട്.. മൂത്രമൊഴിക്കാനുള്ള
വരവാ…
ഒന്ന് പേടിപ്പിച്ചാലോ???…

മെല്ലെ പരങ്ങി പരങ്ങി പനയിൽ നിന്ന് താഴെയിറങ്ങി..
മുൻപ്, സാരിയായിരുന്നപ്പോ കയറാനും ഇറങ്ങാനും ഭയങ്കര പാടായിരുന്നു.. പനയിൽ ഉരഞ്ഞ്
തുടയൊക്കെ വേദനിക്കും…
ഇടക്കിടക്ക് ചുടു ചോര കുടിച്ചാലേ എപ്പളും പറക്കാൻ പറ്റു.. അതിനു മടിയായ കാരണം, ഞാൻ
അധികോം മാനുവൽ മോഡിലാ കേറാറും ഇറങ്ങാറും…

പൂർവ്വാശ്രമത്തില്, സ്‌കൂളി പഠിക്കുമ്പോ ഇഷ്ടംപോലെ മരം കയറി ശീലമുള്ള കാരണം,
എനിക്ക് ഇതൊക്കെ വെറും സിമ്പിളാ….
അവടന്ന് ഞാൻ ഈ ലോകത്തോട്ട് പോന്നതെന്നെ, ചമ്മന്തിക്ക് മാങ്ങ പൊട്ടിക്കാൻ കേറീപ്പോ,
മൂവാണ്ടൻ മാവുമ്മെന്ന് പുളിയുറുമ്പ് കടിച്ച് താഴെ ഇട്ടപ്പളല്ലേ..
(അത് പബ്ലിക്കാക്കല്ലേ ട്ടാ… റൺവേ യില് കൊറ്റം കുത്തി കളിച്ചോണ്ടിരുന്നപ്പോ വിമാനം
ഇടിച്ചു മരിച്ചതാന്നാ ഞാൻ പറഞ്ഞേക്കണേ.. പുളിയുറുമ്പ് കടിച്ച് മരിച്ചു ന്നു പറഞ്ഞാ
ഗന്ധർവന്മാരൊന്നും ചെലപ്പോ, പിന്നെ തിരിഞ്ഞു നോക്കില്ല.. അതാ..
കല്യാണപ്രായായേ..)

അപ്പൊ പറഞ്ഞുവെന്നേ.. പൂർവ്വാശ്രമത്തിലെ മരം കയറ്റം ഏകപീരിയൻസ് കാരണം,
യക്ഷിയായപ്പളും മരത്തി കേറാൻ ഞാൻ കഴിഞ്ഞിട്ടേ ഉള്ളു…
എല്ലാ വർഷോം ഞങ്ങടെ ആനുവൽ മീറ്റിന് മരം കയറ്റം, ചാക്കി കയറി ചാട്ടം,
തണ്ണിമത്തനുമ്മേ വിരലുകുത്തി നിപ്പ്.. ഈ ഐറ്റത്തിലൊക്കെ ഞാനാ എപ്പളും ഫസ്റ്റാവാ..
ഓട്ടത്തിലും ലോങ്ങ് ജംപിലും കിച്ചു ഗന്ധർവ്വൻ ഫസ്റ്റടിക്കും.. (അത് കള്ള അടവ്
പയറ്റുന്നതാ.. എനിക്കറിയാം.. എന്നാലും ഞാൻ പുറത്തു പറഞ്ഞിട്ടില്ല)

മാനുവൽ മോഡിൽ പനയിൽ കേറാൻ ആദ്യോക്കെ ഇത്തിരി പാടായിരുന്നു…
പിന്നെ ഗ്രാമത്തിലെ ആകെ ബാക്കിയുണ്ടായിരുന്ന തെങ്ങേറ്റക്കാരൻ, ശങ്കരേട്ടൻ,
പ്രായമായി തട്ടിപോയപ്പോ പുള്ളീടെ തളപ്പ് (തെങ്ങു കയറുമ്പോ കാലിൽ ഇടണ
കയറോണ്ടുണ്ടാക്കിയ ഒരു വട്ടം) ഞാൻ ഇങ്ങോട്ട് എടുത്തോണ്ട് പോന്നു.. ഇപ്പം നല്ല
എളുപ്പാ..

സംഗതി, വയ്യാണ്ട് കിടന്നപ്പോ ആരും മൂപ്പർക്ക് തുള്ളി വെള്ളം കൊടുക്കാൻ തിരിഞ്ഞു
നോക്കീട്ടില്യാ ത്രേ.. എന്നാലെന്താ…
പുള്ളിക്കാരന്റെ ആത്മാവിന് മേലോട്ട് ചെന്നാ തെങ്ങുമ്മേ കേറാനാണെന്ന് തോന്നുണു..
ദേശത്തുള്ള പാർട്ടിക്കാരൊക്കെ മൂപ്പരടെ ഡെഡ് ബോഡീമല്, പൂവൊണ്ട് ഇണ്ടാക്കിയ തളപ്പ്
തലങ്ങും വെലങ്ങും വെച്ചേക്കണ കണ്ടു..

കാണാൻ നല്ല ഭംഗിണ്ടെങ്കിലും എന്റെ കാലുമ്മേ കൊള്ളില്ല.. അത് കാരണം ഞാൻ ഇടുത്തില്ല..
എന്നാലും ഒരു തളപ്പുമ്മേ ചോന്ന ഒരു റോസാപ്പൂവ് കണ്ടപ്പോ, അതെടുത്ത് തലേ വെച്ച്
ഞാനിങ് പോന്നു…

അല്ലെങ്കെ തന്നെ ഇപ്പോ എല്ലാരും മെഷിൻ വെച്ചല്ലേ കേറണേ..
അവർക്കെന്തിനാ ഇനി തളപ്പൊക്കെ…

അതുപോലെ, കഴിഞ്ഞ മാസം ഒരുത്തൻ, തൃശ്ശൂര് റൌണ്ട് വെസ്റ്റിലെ ഒരു റെഡിമെയ്ഡ് ഷോപ്പിൽ
ആത്മഹത്യ ചെയ്തപ്പോ ഇത്തിരി ചോര കുടിക്കാൻ പോയതാ.. അവിടന്ന് റിഡക്ഷൻ സെയിലിൽ
കിടന്നിരുന്ന കുറെ ജീൻസും ലെഗിങ്‌സും ഒക്കെ, പോലീസുകാര് കാണണേലും മുന്നേ അടിച്ചു
മാറ്റിയിരുന്നു.

അവറ്റോള് കണ്ടാ ഒക്കെ എടുത്തോണ്ട് പോവും…. നല്ല ലാഭല്ലേ..
ഇപ്പം പോലീസ് ന്നു വെച്ചാ ആരാ??
വേണെങ്കെ ആരാന്റെ ബൈക്കിന്റെ കണ്ണാടി വരെ തല്ലിപൊട്ടിക്കാം.. ആരും ചോദിക്കില്ല.

പനേലിരിക്കുമ്പോ, ഇപ്പം ജീൻസും ലെഗ്ഗിങ്‌സുമൊക്കെ ആക്കിയ കാരണം മരത്തിൽ കേറാൻ നല്ല
ഈസിയായി പറ്റും.

സംഗതി, ഞങ്ങൾടെ ഓർത്തഡോക്സ് പാലങ്കര,കരിമ്പന സഭയുടെ പുണ്യാളനായ ലൂസിഫർ ചേട്ടായി,
ഇടക്കൊക്കെ വേണെങ്കി ചുടു ചോര കുടിച്ചോളാൻ അനുവാദം തന്നിട്ടുണ്ടെങ്കിലും, ആൾക്കാർ
നെലോളിക്കണ കാണുമ്പോ കയ്യും കാലും വിറയ്ക്കുന്ന കാരണം, ഞാൻ, ചോര കുടിക്കാൻ തോന്നിയാ
തന്നെ, ഫ്രഷ് ആയി തട്ടിപോയ ആരെയെങ്കിലും കിട്ടിയാലേ ആ പണിക്കു നില്ക്കു…

അല്ലെങ്കി, ശക്തൻ മാർക്കറ്റി പോയി ഏതേലും കടേന്നു ഒരു തണ്ണിമത്തൻ അടിച്ചു മാറ്റി
ഓട്ടയിട്ട്, ചോരയാണെന്നു വിചാരിച്ച് വലിച്ചു കുടിക്കും…
പല്ലിനു നല്ല നീളമുള്ള കാരണം സ്ട്രോ വേണ്ട.. അങ്ങനൊരു ഉപകാരമുണ്ട്..

അല്ലാണ്ട് ജീവനുള്ള മനുഷ്യന്മാരടെ അടുത്തിക്ക് പോവില്ല… (വല്ല ഗോവിന്ദ ചാമി മോഡൽ
ടീമുകളാണെങ്കി…
അയ്യോ!!!… അവറ്റോൾക്ക് യക്ഷിന്നൊന്നും ഇല്ല… ചെലപ്പോ…. ഹൂ…ആലോയ്ക്കാൻ വയ്യെന്റെ
പൊന്നേ…)

പനയിൽ നിന്നിറങ്ങി താഴെ പതുങ്ങി നിന്നു..
റേഡിയോ നാടകം കേട്ട് പേടിച്ചു വിറച്ചാ പീക്കുട്ടൻ വരുന്നെന്നു തോന്നുന്നു… കയ്യിൽ
മൊബൈൽ ടോർച്ചുണ്ട്….

കണ്ണടച്ച് മന്ത്രം ചൊല്ലി…

“ക്യാറ്റ് മോഹോ… ക്യും കരിം ക്യാറ്റായിതേ.. ക്യും ക്യും ക്യും …”

“മ്യാവ്!!!!…. “
ശരീരത്തിലേക്കൊന്നു നോക്കി…
ശ്ശേ!!!… വെള്ളനിറം!!!… കരിമ്പൂച്ചയാവാനാണല്ലോ വിചാരിച്ചത്..
ഈയിടെ കോണ്സെന്ട്രേഷൻ കുറവാ.. കളറൊക്കെ മാറിപ്പോണു..

അല്ലെങ്കെ വേണ്ട…
കരിമ്പൂച്ചയായാൽ ചെക്കൻ ചെലപ്പോ പേടിച്ചു തട്ടിപ്പൂവും…

പീക്കു മുറ്റത്തെ തുളസി ചെടീടെ അരികെ വന്നു നിന്നു…

“പുല്ലാണേ പുല്ലാണേ.. പ്രേതവും ഭൂതവും പുല്ലാണേ..”
പീക്കു പാടുന്നുണ്ട്… പേടിച്ചിട്ടാ…

“അമ്പടാ!!!..
അത്രയ്ക്കയാ നീ…
ഇന്ന് ശരിയാക്കി തരാം….”

മെല്ലെ നഖം ഉള്ളിലേക്ക് വലിച്ച്, പമ്മി പമ്മി തുളസീടെ പിന്നിലെത്തി…

“ഹോ… എന്തുവാ ഇത്???…”
സുന പുറത്തേക്കിട്ട് ടോരച്ചടിച്ചു നോക്കുന്നു… ഇവനിതെന്താ മുൻപ് കണ്ടിട്ടില്ലേ…

ഞാനൊന്ന് പതുങ്ങി…
ശർർ ർ ർ ർ ർ!!!!!….
തുളസിയിലകൾ മൂത്രത്തിന്റെ താളത്തിൽ ചാഞ്ചാടി…..

“മ്യാആവ്വ്വ്!!!!!!!!!!!!!!!…. ”
ഞാൻ അലറി മേലോട്ട് ചാടി….

“യെന്റമ്മോ!!!!!!!!…………………. ”
മൂത്രോഴിച്ചോടത്തുന്നു എന്തോ ഒരു സാധനം ചാടി മേലോട്ട് പൊങ്ങിയ കണ്ട്,
“അയ്യോ.. അതെന്റെ സുനെന്നു പോയതാണോന്ന്” പേടിച്ച് പീക്കു വീട്ടിലേക്ക് തിരിച്ചോടി….

മൂത്രം കൊണ്ട്, തുളസിച്ചെടി മുതൽ അവന്റെ വീടിന്റെ കോലായി വരെ, സിഗ് സാഗ് വരച്ച്,
പീക്കുട്ടന്റെ കുഞ്ഞൂട്ടൻ പാന്റിന്റെ പുറത്ത് കിടന്ന്, അങ്ങോട്ടും ഇങ്ങോട്ടും
തുള്ളിച്ചാടി..

പിന്നവിടെ നിന്നില്ല…
വേഗം പനച്ചുവട്ടിലേക്ക് തന്നെ തിരിച്ചോടി….. വാർ ഫുട്ട് ബേസിസിൽ തിരികെ രൂപം മാറി
പനയിലേക്ക് നൂറേ നൂറിൽ പെടച്ചു കയറി ഒളിച്ചിരുന്നു…
അല്ലെങ്കെ പേട്ട ചെക്കൻ തിരികെവന്ന് വല്ല ചെരവ എടുത്തെറിഞ്ഞാലോ..
ഓൺ ദി സ്പോട്ടിൽ പന മരത്തുമ്മേ “കാണ്മാനില്ല” പോസ്റ്ററൊട്ടിച്ചോണം ആവും…

രണ്ടു കയ്യും തിരുമ്മി ചൂടാക്കി, കവിളിൽ വെച്ച്, ചുമ്മാ വെറുതെ ഒന്ന് പൊട്ടി
ചിരിച്ചു… സൗണ്ട് പോരാ… അലറിയ കാരണാവും…
മുറുക്കാത്ത കാരണം സൗണ്ടിനൊന്നും ഒരു ശക്തിയില്ല.

നല്ല തളിർവെറ്റില ഇട്ടു മുറുക്കിയാലേ യക്ഷീടെ സൗണ്ടൊക്കെ നല്ല കിളി
പോലിരിക്കോള്ളോ.. എന്നാലേ പാട്ടുപാടി വശീകരിക്കാനൊക്കെ പറ്റുത്രെ…

കഷ്ടപ്പെട്ട് തൊണ്ട കീറി പാടീട്ട് ആകെ പതിനാറ് ഫോള്ളോവെഴ്‌സിനെയാ കിട്ടീത്,
സമ്യുളിൽ… അതിനെങ്ങനാ.. ഒക്കേറ്റിനും വിഡിയോ ഇടണ പെൺപിള്ളേരെയേ വേണ്ടു..

ഇന്നാള് സമ്യുളിൽ വിഡിയോ കൊളാബ് ഇടാൻ നോക്കീട്ട് പടം വന്നില്ല. ആകെ പൊകയായിരുന്നു…
പിന്നെ ലൂസിഫർ പുണ്യാളനെ കണ്ട് സങ്കടം പറഞ്ഞപ്പോഴാ പറഞ്ഞെ, ഹുവായിടെ പുത്തൻ
മൊബൈലിലെ യക്ഷീടെ പടം പതിയണ ക്യാമറ ഉള്ളു ത്രേ…
നമ്മടേൽ പഴേ ഓപ്പോ അല്ലേ… അത് വെറും ഒപ്പിക്കലാ..അതിലൊന്നും യക്ഷീനേം പ്രേതത്തിനേം
കിട്ടില്ല്യ…

ഞാൻ, എന്റെ സൗന്ദര്യം തന്നെ ഒന്ന് കണ്ടിട്ട് നാളെത്രയായിന്നാ…
പാവം ഞാൻ… എന്നാലും ഫ്രെൻസൊക്കെ പറഞ്ഞെ എന്നെ കാണാൻ നല്ല സൗന്ദര്യാന്നാ…
അപ്സരസ്സുമാരുടെ റാണി, സ്മിതാമ്മ മാത്രം “മന്തക്കാളീ” ന്നാ വിളിക്കാറ്..
അത് പിന്നെ എടക്കെടക്ക് കവിളു പിടിച്ച് തുറിപ്പിച്ചിട്ടാ.. എന്നെ കളിയാക്കാൻ..
എന്നാലും എന്നെ നല്ലിഷ്ടാ…

പുണ്യാളൻ പുത്യേ ഫോൺ നേർച്ചയായി കിട്ടിയാൽ കൊണ്ടന്ന് തരാംന്ന് പറഞ്ഞ് ണ്ട്..
എന്നിട്ടു വേണം കുറെ നേരം എന്നെത്തന്നെ ഒന്ന് നോക്കിയിരിക്കാൻ…
ശ്യോ.. .എനിക്കെന്നെ തന്നെ കൊതിയാവുന്നു…
“കടിച്ചു തിന്നും ഞാൻ… അല്ലാ!!!…. “

അല്ലേലും പുണ്യാളൻ ഒരു സഹൃദയനാ… എന്നെ പാട്ടുപാടാനൊക്കെ നന്നായി
പ്രോത്സാഹിപ്പിക്കും…

ഒന്ന് രണ്ടു പ്രാവശ്യം, എന്റെ പാട്ട് കേട്ട്, സഹികെട്ട്, അപ്പുറത്തോട്ട് മാറി,
രണ്ടു ചെവിയും മാന്തിപ്പൊളിക്കണ കണ്ടു…
എന്നാലും സൂപ്പർ ന്നേ പറയൂ… അല്ലെങ്കി എനിക്ക് സങ്കടം വരും… കഷ്ടപ്പെട്ട്
പാടീട്ട്…..
അതിപ്പോ എല്ലാര്ക്കും യേശുദാസും ചിത്രാമ്മേം ആവാൻ പറ്റോ????..
അല്ലാ പിന്നെ…

അല്ലേലും “ലൂസിഫർ” ന്നു പേരെ ഒള്ളോ..
പുണ്യാളൻ ഇന്നേവരെ ആരേം കുറ്റം പറയണത് ഞാൻ കേട്ടിട്ടില്ല… ആരോടും ഒരു വഴക്കിനും
പോവാത്ത പാവാണ്…
അതുകാരണം എനിക്ക് നല്ലിഷ്ടാ…

പീക്കൂന്റെ വീടിന്റെ കതകടയ്ക്കുന്ന ശബ്ദം കേട്ടപ്പോ താഴോട്ട് നോക്കി..
“അവന്റെ അമ്മയാണല്ലോ…..
അവനെവിടെ പോയി??… “

വേഗം ജീൻസും കുർത്തയും ഊരികളഞ്ഞ് സാരിയുടുത്തു..
കുർത്ത, ഇന്നാള് അപ്പുറത്തെ ശവക്കോട്ടേടെ സൈഡിലെ, പാലയിൽ താമസിക്കണ ഋഷി ഗന്ധർവ്വൻ
തന്നതാ.. സ്നേഹൊള്ളോനാ ട്ടാ…

കഴിഞ്ഞെന്റെ മുന്നത്തെ ആഴ്ച,, ഹൈവേയില് വെച്ച്, ബൈക്കിൽ പാഞ്ഞുവന്ന ഒരുത്തൻ, തമിഴൻ
ലോറി കേറി വാൾ പോസ്റ്റായപ്പോൾ കിട്ടിയ “ഓ നെഗറ്റീവ്” ചോര ഒരു ഗ്ളൂക്കോസ്
കുപ്പീലാക്കി കൊണ്ടന്നു തന്നു..

ഓ നെഗറ്റീവ് ചോര നിങ്ങടെ മട്ടൻ ബിരിയാണി പോല്യാ.. പുറത്തിന്ന് വാങ്ങാൻ ഭയങ്കര കാശാ…
പുള്ളിക്ക് വേണെങ്കി ഒറ്റക്ക് കുടിക്കാർന്നു…
പക്ഷെ കുപ്പീലാക്കി കൊണ്ടന്നില്ലേ…. അതാ സ്നേഹം… ഞങ്ങള് രണ്ടാളും, പനനൊങ്കിന്റെ
തൊണ്ടിലൊഴിച്ച്, ചിയേഴ്സ് പറഞ്ഞാ കുടിച്ചേ.. നല്ല ടേസ്റ്റ് ഇണ്ടാരുന്നു… ഫ്രഷ്
ചോരക്ക് നല്ല ടെയ്സ്റ്റാ…

ഇന്നാളൊരു ദിവസം, മടി കാരണം, ചോര കുടിക്കാൻ പോവാണ്ട്, ലാസ്റ്റ് പറക്കാൻ തീരെ
പറ്റാണ്ടായപ്പോ, തൃശൂർ വിമല കോളേജിന്റെ സൈഡിലെ ബ്ലഡ് ബാങ്കില് രാത്രി പോയെരുന്നു…
ഹോ… ആകെ ഒരു കുഞ്ഞിപാക്കറ്റ് ചോരയാ കുടിച്ചേ… എന്നിട്ടെന്താ…. ലൂസ്‌മോഷൻ വന്ന്,
എന്റെ മേൽ ബാക്കി ഇണ്ടായിരുന്ന ചോര കൂടി പോയിക്കിട്ടി…
എന്തുട്ട് മായാണാവോ??? ഒക്കെ വെള്ളം ചേർത്തതാന്നെ…

ജീൻസുമാറി സാരി ഉടുത്ത് പീക്കൂന്റെ വീടിന്റെ ഓട്ടുമ്പുറത്തേക്ക് പറന്നിറങ്ങി…
സാരിയുടുത്താലേ പറക്കാൻ പറ്റു ഞങ്ങൾ യക്ഷികൾക്ക്… അതാ ഞങ്ങളുടെ ഒഫീഷ്യൽ യൂണിഫോം…
ഗന്ധർവന്മാർക്ക് അങ്ങനില്ല… തുണീം കോണോം ഇല്ലേലും പറക്കാം…

ഭയങ്കര പക്ഷപാതാണെന്നേ…
(രഹസ്യമായി ഞങ്ങളൊരു ഫെമിനിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കുന്നുണ്ട്… )
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ…

ഇന്നാള് ജീൻസിട്ട് പറക്കാൻ, ഒരു ട്രയല് നോക്കീതാ ഒരൂസം… ഭാഗ്യത്തിന് താഴെ വൈക്കോൽ
കൂന ഇണ്ടായിരുന്നു… മുന്നും കുത്തി വീണ് രണ്ടൂസം പിന്നെ ബ്രാ ഇടാൻ പറ്റീല. ടൈഗർ ബാം
വാരിത്തേച്ച് നടക്കായിരുന്നു…
നാണം കാരണം പനയിൽ ഒളിച്ചിരുന്നു.. ഭാഗ്യത്തിന് വീണത് ആരും കണ്ടില്ല..

ആ കിച്ചു ഗന്ധർവ്വനെങ്ങാൻ കണ്ടിരുന്നേൽ അപ്പൊ കഥയെഴുതി മാനം കെടുത്തിയേനെ…
ട്വന്റിയി ട്വന്റിയിൽ, ഫൈനൽ ടീമിന്റെ പേരിൽ ബെറ്റ് വെച്ച്, കാശു പോയതിന്റെ കലിപ്പ്
തീർക്കാൻ അപ്പുറത്തെ ഇടവകേലെ ഒരു രക്ഷസ്സിന്റെ പേരിൽ, ഒരു ഫുൾ കഥയെഴുതി, ഇപ്പൊ
രക്ഷസ്സിനെ അമ്പലത്തി പോലും അടുപ്പിക്കുന്നില്ലെന്നാ കേട്ടത്… അജ്ജാതി എഴുത്താ…

ഉരുക്കു മനിതൻ വാരികയിലെ വായനക്കാരൊക്കെ ഇപ്പൊ രക്ഷസ്സിനെ അന്വേഷിച്ച് നടക്കാണ്
ത്രേ.. പാവം രക്ഷസ്സ്. സുകുമാരക്കുറുപ്പിന്റെ പോലായി.

പീക്കൂന്റെ വീടിന്റെ മേൽക്കൂരയിൽ പാദം തൊടീക്കാണ്ടെ പമ്മി പമ്മി ഓടിന്റെ
ഗ്യാപ്പിലൂടെ വീടിന്റെ അകത്തേക്ക് കണ്ണ് തുറിപ്പിച്ചു നോക്കി…
പീക്കുർണി, പുതപ്പ് ചുരുട്ടി കാലിന്റെ ഇടയിൽ കേറ്റി എന്തൊക്കെയോ ജപിച്ചു
കൂട്ടുന്നുണ്ട്… ചെവി കൂർപ്പിച്ചു..

“ഫൽഗുനൻ.. ജിഷ്ണു.. കിരീടി…ശ്വേത….”
ഉവ്വ. വിളിക്ക്!!!…
അയാള് തന്നെ ഗതികിട്ടാണ്ട് അലഞ്ഞു നടക്കാണ്… പിന്നാ…

മെല്ലെനെ ഓട്ടുംപുറത്തിരുന്നു..

ഹായ്!!… നല്ല നിലാവ്!!..
സ്മിതാമ്മ അപ്സരസ്സ് കണ്ടിരുന്നേൽ, മൊത്തം കോരിക്കൊണ്ടോയി വീടിന്റെ ഉമ്മറത്ത്
നിക്കണ ശിശിരപുഷ്പത്തിന് ഒഴിച്ച് കൊടുത്തേനെ…
ഉള്ള നിലാവും കാറ്റുമൊക്കെ കൊണ്ടോയി ഒഴിച്ച്, അതിപ്പോ ഒരു വെല്യേ പൂമരം
പോലായിണ്ട്..
നല്ല ഭംഗ്യാ അവരടെ വീടിന്റെ മുറ്റം കാണാൻ..
പിന്നെ പാലപ്പൂവിന്റെ നല്ല മണൊക്കെ ഇണ്ട് ആ വഴിക്ക് പോവുമ്പോ…

അത് കാരണം സകല യക്ഷ കിന്നര ഗന്ധർവ്വന്മാരും, യക്ഷി അപ്സര മറുത ചുടല കാളികളും
രാത്രിയായാ അവരടെ വീടിന്റെ ഉമ്മറത്താ സഭ കൂടല്.. ഞാനും പോവും… (കല്യാണപ്രായായെ…
ഇടക്ക് ഇടക്ക് ഓർമ്മിപ്പിക്കണതാ നിങ്ങളെ ഒക്കെ ട്ടാ.. ബോർ അടിക്കല്ലേ..)

എനിക്കാണേൽ ആ ശിശിരപുഷ്പത്തിന്റെ മണോം കാറ്റും ഒക്കെ അടിക്കുമ്പോ… എന്തോ പോലാ…
ഒരു കുളിരും വിറയലും ഒക്കെ വരും…
വന്നിട്ടെന്തിനാ??…
ഒന്ന് കെട്ടിപിടിക്കാനും കൂടി ആരേം കിട്ടില്യാ.. അത് കാരണം ഞാൻ ആ ഏരിയ ലിക്ക്
പോവുമ്പോ വല്ല സ്വെറ്റർ ഇട്ടേ പോവുള്ളു.. കുളിരും വിറയലും മൂത്ത് വല്ല പനി
പിടിച്ചാലോ…
പ്രേമപ്പനി..

ഇടക്കെടക്ക് പക്ഷെ ശിശിരപുഷ്പത്തിന്ന് ചോരേടെ മണം വരണ പോലെ തോന്നാറുണ്ട്.. അത്
കാരണം ഞാൻ നോട്ടം വെച്ചിരിക്കാ.. ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ???
ചെലപ്പോ വെർതെ കൊതിപ്പിക്കാനാവും.. കള്ളി അപ്സരസ്സ്… (എന്നാലും പാവാണ് ട്ടാ)

ഇളം കാറ്റടിക്കിണ്ട്…
ഹായ്!!!.. എന്തൊരു സുഖാ!!..
കൈ കൂട്ടി തിരുമ്മി മേല് ചുറ്റിപിടിച്ചിരുന്നു..

ശ്ശേ… മൊബൈലെടുത്തില്ല… സമ്യുളിൽ ഒരു പാട്ടു പെടയ്ക്കാരുന്നു…
നല്ല മൂഡ് തോന്ന്ണ്ട്..

കണ്ണടച്ച് ആ ഏരിയ ലുള്ള ശ്വാസം മൊത്തം ഉള്ളിലേക്കെടുത്തു.. ആറര കട്ടക്ക് ഒറ്റ പിടി
പിടിച്ചു…..

നിലാവിന്റെ പൂങ്കാവിൽ… നിശാപുഷ്പഗന്ധം…
കിനാവിന്റെ തേന്മാവിൻ… രാപ്പാടി പാടീ..
…………….……..
വെണ്ണ തോൽക്കുമെൻ മേനീൽ..
മുറുകെ ഒന്ന് പുണരാനായ്…
എൻ മടിയിൽ തല ചായ്ക്കാനായ്…

“അയ്യേ!!!.. അയ്യേ!!!..
നാണം വന്നു… ലജ്ജിച്ചുപോയ് ഞാൻ…
മതി മതി… പാടീത്”

ഓടിനുള്ളിലൂടെ വീണ്ടും നോക്കിയപ്പോ പീക്കൂന്റെ കണ്ണടഞ്ഞിട്ടുണ്ട്.. ജപിക്കണ
കാണാനില്ല…
“യ്യോ!!!!… തട്ടിപോയിക്കാണുവോ???…”

ഋഷി ഗന്ധർവ്വൻ ലാസ്റ്റ് ടൈം കണ്ടപ്പോ പറഞ്ഞതാ..
പാടുന്നതൊക്കെ കൊള്ളാം, കുളിമുറീലോ കക്കൂസിലോ വെച്ച് മാത്രം മതി ന്ന്…
നാട്ടാരെകൊണ്ട് കൊലപാതകിന്നുള്ള പേരുദോഷം കേൾപ്പിക്കരിക്കോ ന്ന്…
ഒറ്റ പ്രാവശ്യം പേര് വീണാ മതി.. അപ്പോ വരും.. ഓരോരുത്തന്മാർ ആണീം കൊണ്ട്… ആളോളെ
പറ്റിക്കാൻ.. യക്ഷീനെ തറയ്ക്കനാത്രേ…
പിന്നേ!!!..
യക്ഷി, ഫോട്ടോ ഫ്രയിമല്ലേ, ആണിയടിച്ച് പിടിപ്പിക്കാൻ..

“പുണ്യാളാ… ഈ ചെക്കൻ പോയേരിക്കൊ??? ”
ഒന്നൂടെ ഓടിന്റെ വിടവിക്കൂടെ കണ്ണുരുട്ടി നോക്കി…
ഇല്ല.. അനക്കമില്ല!!..

മെല്ലെനെ ഒരു കുഞ്ഞി ഓടും കഷ്ണം എടുത്ത് മേലേക്കിട്ടു…
“അയ്യോ!!!”… ന്നു പറഞ്ഞ് ചാടി എണീറ്റ് ചുറ്റും നോക്കണ കണ്ടു..

“ഭാഗ്യം… ജീവനുണ്ട്..”
വേഗം പനയിലേക്ക് ഷട്ടിലടിച്ചു..

എടയ്‌ക്കൊക്കെ ഇങ്ങനൊരോന്നൊപ്പിക്കും ന്നല്ലാണ്ട്, നമ്മക്ക് ആരേം ദ്രോഹിക്കണ്ട…
“മിണ്ടാണ്ട് പനേലിരുന്നാ പോരേ??….” ന്ന് തോന്നും ഇടയ്ക്ക്…
എന്നാലും…
വല്ലപ്പളും എന്തേലും ഒപ്പിച്ചില്ലേൽ ഒരു സുഖല്യായ്മ പോലാണ്..

അല്ലാണ്ട്… നമ്മക്കെന്തുട്ട് കിട്ടാനാ വല്ലോരടെ മനസ്സ് വിഷമിപ്പിച്ചിട്ട്??
നമ്മക്ക് ചുമ്മാ ഉള്ളതുകൊണ്ട് സന്തോഷായി അങ്ങ് ജീവിച്ചാ പോരെ.. നാട്ടുകാരെ കൊണ്ട്
അപ്പനേം അമ്മേനേം തുമ്മിച്ചിട്ട് തന്നെ ജീവിക്കണോ??
അത് മനസ്സിലായില്ലെങ്കി ഈ മനുഷ്യന്മാരോക്കെ എന്തുട്ട് ജാതിയാണാവോ??? അല്ലാ പിന്നെ…

മിനിഞ്ഞാന്നത്തെ പല്ലിൻറേം നഖത്തിൻറേം കളക്ഷൻ ചെക്കെയ്‌തിട്ടില്ല… ഒരു
അയ്യപ്പന്മാരുടെ വണ്ടി മറിഞ്ഞിരുന്നു… മലേന്ന് തല്ലുണ്ടാക്കി തിരിച്ചു വരണ
വഴിയാന്നാ തോന്നിയെ.. നല്ല കള്ളിന്റെ മണായിരുന്നു ഒക്കേറ്റിനും.. ഉഡായിപ്പുകള്…

എന്തായാലും ഞാൻ ചോര കുടിക്കാൻ പോയില്യ.. എനിക്കീ കള്ളിന്റെ നാറ്റം ഇഷ്ടല്ല..
ഗന്ധർവന്മാരൊക്കെ അവിടെ കിടന്ന് കൂക്കും വിളീം ആകെ ബഹളായിരുന്നു..
ഞാൻ കിട്ടിയ താപ്പിന് എല്ലാ ഡെഡ്‌ബോഡീന്നും പല്ലും നഘോo ഊരിയെടുത്ത് ആരും കാണണ്ടെ
സ്കൂട്ടായി…

മാസാവസാനം പള്ളി കൂടുമ്പോ കണക്കു കൊടുക്കണം…
മനുഷ്യന്റെ പല്ലിനും നഖത്തിനും അമേരിക്കെന്ന് ഓർഡറുണ്ട്.. ഡ്രാക്കുള രാജാവിന്റെ
കൊട്ടാരത്തിൽ മിനിയേച്ചറുണ്ടാക്കാൻ…
പകരത്തിനു നല്ലോണം ചോര കിട്ടുംന്നാ പുണ്യാളൻ പറഞ്ഞേ…

ഡ്രാക്കുള സാറിന്റെ ഒക്കെ ഒരു ഭാഗ്യം… കോടീശ്വരനാ..കോടീശ്വരൻ..
എന്താ കൊട്ടാരം ന്നാ???…
ഞാൻ കണ്ടിട്ടില്ല… എന്നാലും പള്ളിയിൽ പടം വെച്ചിട്ടുണ്ട്… ഭയങ്കര രസോള്ള സ്ഥലാ
ത്രേ.. കണ്ടാ തന്നെ പേടിയാവും..

പണ്ട്, രാവണപ്രഭൂൽ അഭിനയിക്കുമ്പോ, മോഹൻലാൽ ബോക്‌സിങ്ങൊക്കെ ചെയ്ത് ഹോർലിക്‌സും
കുപ്പിയിൽ ഇട്ടു വെച്ച പല്ലുകളൊക്ക, മൂപ്പരോടെ ഫോറസ്ററ് കാരടെ റെയ്‌ഡ്‌ വന്നപ്പോ
ഞാനിങ് എടുത്തോണ്ട് പോന്നിരുന്നു…
എന്തോരം പല്ലായിരുന്നു…

അത് കാരണം, ഞങ്ങടെ ഇടവകേല് ആ മാസത്തെ “യക്ഷി ഓഫ് ദി മന്ത്” ഞാനായിരുന്നു.. മൂപ്പര്
വല്ല പല്ലുഡോക്റ്ററായിരുന്നാവോ..
അത്രക്ക് കളക്ഷൻ ഇതുവരെ കിട്ടീട്ടില്ല… കുറെ പേരെ ഇടിച്ച് പല്ലു തെറിപ്പിച്ചു
കാണണം…

എന്തായാലും അയ്യപ്പൻ കനിഞ്ഞ കാരണം ഇത്തവണ വല്യേ മോശമില്ല…
പല്ലും നഖവും എണ്ണി എടുത്ത് പള്ളിയിൽനിന്ന് തന്ന നേര്ച്ച പ്പെട്ടിയിലിട്ടു..

“ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരിപട്ടാളം..
ഡുമിക്കി ഡുമിക്കി ഡുമിക്കി ഡുമിക്കി ഡൂക്കിലി പട്ടാളം…”

ഓപ്പോ നെലോളിക്കിണു…
ഇതാരാ ഈ നേരത്ത്???…

“നീ ഒറങ്യാ ഡീ കാന്താരീ??….”
ഋഷി ഗന്ധർവ്വനാണ്…

“ഇല്ല ഗന്ധേട്ടാ… എന്ത്യേ???”

“നീ ഉത്രാളിക്കാവ് പൂരത്തിന് പോര് ണ്ടാ?? വെടിക്കെട്ടാ ഇന്ന്…
അമിട്ട് താഴെ നിന്ന് പൊട്ടി കുറെ എണ്ണം തട്ടിപോവും ന്നൊരു ന്യുസ്, നമ്മടെ
ഇന്റെലിജെൻസിന്ന് കിട്ടീണ്ട്… പോര്ണ്ടെങ്കെ വാ…
ചോരേം പല്ലും ഒക്കെ ഇഷ്ടംപോലെ കിട്ടും…”

“അയ്യേ.. ഇനിക്ക് വേണ്ട…
വെന്ത ചോര ഇനിക്കിഷ്ടല്ല്യ…..
ഞാൻ രണ്ടു പാട്ടു പാടി സമ്യുളിൽ ഇടാൻ പോവായിരുന്നു…
ഗന്ദേട്ടൻ ഇങ്ക് ഡ് വാ.. നമ്മക്കൊരു ഡ്യുയറ്റ് പാടാം….”

“പീ.. പീ… പീ… പീ….”
ഏഹ്!!.. കട്ട് ചെയ്തു… ദുഷ്ടൻ…
എന്റെ പാട്ടിനോട് പുച്ഛം… ഞാൻ പാടി പാടി ഒരൂസം സില്മേല് പാടുമ്പോ പിന്നാലെ നടക്കും…
എന്റെ ഓട്ടോ ഗ്രാഫ് കിട്ടാൻ… കള്ള സന്യാസി….

നന്നായി പാടി സ്വരം തെളിഞ്ഞാ മാഡി കിന്നരൻ സില്മേലിക്ക് റെക്കമെന്റ് ചെയ്യാന്ന്
പറഞ്ഞിട്ട്ണ്ട്..
പുള്ളി പണ്ടൊരു ഡയറക്ടറായിരുന്നു…
പിന്നെ ശ്രീക്കുട്ടി ന്നു പറയണ ഏതോ പെങ്കൊച്ചിനേം കൊണ്ട് സില്മയ്ക്ക് പോയപ്പോ
തിയേറ്ററിൽ ഇരുന്ന് സെന്റി അടിച്ച് പടമായിപ്പോയി..
അങ്ങനെ ഞങ്ങടെ കൂട്ടത്തിൽ ചേർന്നതാ…

എന്തായാലും അത് നന്നായി..
അല്ലെങ്കെ എന്നെ ആരാ സില്മേലിക്ക് റെക്കമെന്റ് ചെയ്യാ???

ഇന്നലെ ഇട്ട ഇൻവിറ്റേഷൻ വല്ലോരും കൂടെ പാടിയോ എന്തോ.. കഷ്ടപ്പെട്ട് പാടുന്നതിന്റെ
വിഷമം ഈ ജോയിൻ ചെയ്യണ കുന്ത്രാപ്പികൾക്കുണ്ടോ അറിയുന്നു..
കാര്യം ഗന്ധർവ്വന്മാര് നല്ല പാട്ടുകാരൊക്കെ ആണെന്നാ നിങ്ങള് മനുഷ്യരടെ ഒക്കെ
വിചാരം. പക്ഷെ എന്താന്നാ???

ഞങ്ങള് യക്ഷികള് പാടണെന്റെ ഏഴയലത്ത് എത്തില്ല്യ.

പാടാൻ നല്ലത് കിന്നരന്മാരാ…
പാടാൻ മാത്രല്ല..നന്നായി കിന്നരിക്കാനും പുന്നരിക്കാനും ഒക്കെ അറിയാം അവർക്ക്…

ശ്യോ അത് പറഞ്ഞപ്പളാ…
ഇന്നാള് ഫോളോ ചെയ്ത ഡാർക്ക് നൈറ്റ് മൈക്കിൾ കിന്നരനെ പിന്നെ ചാറ്റിൽ കണ്ടില്ലല്ലോ..
മൈക്കിൾ കിന്നരൻ നല്ല സൂപ്പറായിട്ട് പാടും.

എന്നെ പഞ്ചാരേ ന്നൊക്കെയാ പുന്നാരിച്ച് വിളിക്കാറ്…
എനിക്കെന്താന്നറിയില്ല……. അതൊക്കെ കേക്കുമ്പോ വല്ലാണ്ടെ നാണാവും..
പക്ഷെ യക്ഷികള് കിന്നരന്മാരെ പ്രേമിക്കാൻ പാടില്ലെന്നാ നിയമം. കിന്നരന്മാര് കൂടിയ
ജാതിയാ…

പണ്ടൊക്കെ കിന്നരന്മാർ വരുമ്പോ “പൂഹോയ്!! പൂഹോയ്!!” ന്നു വിളിച്ചു പറയും..
അപ്പൊ വഴീലുള്ള യക്ഷികളൊക്കെ വഴിമാറി നിക്കണം ന്നാ…

കിന്നരന്മാർക്ക് അപ്സരസ്സുമാരെയാ പ്രേമിക്കാൻ പാടൊള്ളു… യക്ഷീനെ പ്രേമിക്കണേൽ
അപ്സരസ്സിന്റെ റാണീടെ അനുവാദം വേണം…
എന്നെ പ്രേമിച്ചോട്ടേന്ന് ചോദിച്ചപ്പോ നാണിച്ചുപോയി ഞാൻ… സ്മിതാമ്മ അപ്സരസ്സിന്റെ
അടുത്തിക്ക് വിട്ടു അനുവാദം ചോദിയ്ക്കാൻ…
അതോടെ കിന്നരന്റെ അഡ്രസ്സില്ലാണ്ടായി ഈ വഴിക്ക്…

അല്ലേലും എനിക്കറിയാം…
ഈ അപ്സരസ്സുമാര് കൊച്ചിക്കാരി പെണ്ണുങ്ങളെ പോലാ… അവറ്റോളെ കണ്ടാ പിന്നെ അച്ചിയെ വരെ
ആരും തിരിഞ്ഞു നോക്കൂല്യ.. പിന്നല്ലേ കാമുകീനെ…
പാവം ഞാൻ… എന്തോരം ആശിച്ചതാർന്നു…

പിന്നെ കുറെ നാള് കൂടീട്ട്, ഇന്നാളൊരൂസം, തൃശൂർ പൂരത്തിന്, നല്ല മദാമ്മമാരടേം
സായിപ്പന്മാരടേം ചോര കിട്ടുവോന്ന് നോക്കാൻ റിഷി ഗന്ധർവ്വന്റെ കയ്യും പിടിച്ച്
പൂരപ്പറമ്പീക്കോടെ നടക്കുമ്പളാ, മൈക്കിൾ കിന്നരൻ വിദ്യാർത്ഥി കോര്ണറിന്റവിടെ,
ആരുടെയോ പ്രസംഗം കേട്ട്, വിസിലടിച്ച്, കൂക്കി വിളിക്കണ കണ്ടേ…
എന്നെ കണ്ടപ്പളക്കും മനസ്സിലായി ട്ടാ… അപ്പൊ തന്നെ ഓടി വന്നു…

ഋഷി ഗന്ധർവ്വൻ, നല്ല ഉയരോം തൂക്കോം ഒക്കെ ഉള്ള ഒരു മദാമ്മേനെ കണ്ടപ്പോ,
“ഇത്തിരി ചോര കുടിച്ചിട്ട് വരാടീ….” ന്നും പറഞ്ഞ് ഒറ്റ പോക്കാ പോയി..
പിന്നെ കിന്നരനേം പിടിച്ച് തെക്കോട്ടിറക്കം കാണാൻ പോയി ഞാൻ…

എന്നിട്ടെന്താ???…
പൂരപ്പറമ്പീന്ന്, ഇത്തിരി ചാന്തും, രണ്ടു കരിവളേം വാങ്ങി തരാൻ പറഞ്ഞപ്പം, ജീൻസിന്റെ
പോക്കറ്റ് പുറത്തോട്ട് വലിച്ചിട്ട് കാണിച്ചു തന്നു… പത്തിന്റെ പൈസില്ല്യ ത്രെ!!!…
“ആലുക്കാസിന്റെ ബാറിൽ പോയി ഇടക്കെടക്ക് ബീറ് കുടിക്കാൻ കാശുണ്ടല്ലോ” ന്നു
ചോദിച്ചപ്പോ കള്ളത്തരം കണ്ടു ആ ഫേസില്…
ഞാൻ പിന്നൊന്നും പറഞ്ഞില്ല…

കാശില്ലാണ്ടൊന്നും അല്ല…
കിന്നരന്മാരടെ രാജാവ് പറഞ്ഞു പേടിപ്പിച്ചേക്കാ…
ഞാൻ ഭയങ്കര ധാരാളിയാണ്, പൂരത്തിന് കൊണ്ടോയാ കണ്ണീ കണ്ടതൊക്കെ വാങ്ങിപ്പിക്കും
ന്നൊക്കെ….

നമ്മക്ക് ഐ ടെക്സിന്റെ ഇത്തിരി ചാന്തോ… ഒരു കണ്മഷിയോ… സ്വർണ്ണ കളർ കുത്തിയ
ഡിസൈനുള്ള രണ്ടു സ്പ്രിങ് വളയോ ഒക്കെ മതി…

അല്ലെങ്കെ തന്നെ പൊന്നും കുടത്തിനെന്തിനാ പൊട്ട്??…
ശ്യോ!!!!…
വീണ്ടും എനിക്ക് എന്നെത്തന്നെ കൊതിയാവുന്നു… ഇക്കണക്കിന് ഞാൻ എന്നെ തന്നെ കടിച്ചു
തിന്നാവോ???

അത് പറഞ്ഞപ്പളാ…
കിന്നരന്മാരടെ രാജാവും അപ്സരസ്സുമാരുടെ റാണിയും തമ്മിൽ ഭയങ്കര ലൈനാ ട്ടാ.. ഞാൻ
പറഞ്ഞുന്ന് ആരോടും പറയല്ലേ… എന്നെ സഭേന്ന് പിടിച്ചു പുറത്താക്കും…
ഞങ്ങടെ കാര്യോന്നും നിങ്ങളോടു പറഞ്ഞൂടാ…

ഞങ്ങടെ വേദപുസ്തകത്തിൽ 2:10-13 ലും 7:10-12 ലും സങ്കീർത്തനത്തിൽ പറഞ്ഞ് ണ്ട് അവരടെ
കാര്യൊക്കെ…അതാ…
ഞാൻ പറഞ്ഞൂന്ന് പറയല്ലേ… (അല്ലേലും അവര് നല്ല മാച്ച് മാച്ചാ… കാണാനും കഥ എഴുതാനും
ഒക്കേം..)

നമ്മടെ മാച്ച് എവിടാണാവോ… ആരും അങ്ങനെ അടുക്കണില്ല ന്നേ..
ആകെ ഇണ്ടായിരുന്ന മൈക്കിൾ കിന്നരനാണേൽ തവളേനെ പിടിച്ച് എണ്ണം വെച്ച കൂട്ടാ…
ഇപ്പം കണ്മുന്നിൽ കണ്ടാ, ഒന്ന് തല തിരിച്ച് നോക്കുമ്പളക്കും ചാടിപ്പോയിണ്ടാവും…

ഇനി തളിർവെറ്റില കിട്ടിയാ, നന്നായൊന്ന് മുറുക്കി ഒരു വീഡിയോ കൊളാബ് ഇട്ടുനോക്കണം
സമ്യുളിൽ… അതിലും മുൻപ് പുണ്യാളൻ ഫോണും കൊണ്ട് വന്നാ മതിയാരുന്നു…
സൗണ്ട് കേട്ടിട്ട് ആരും അടുക്കണില്ല…
ഇനി ഇപ്പൊ സൗന്ദര്യം കാട്ടി മയക്കെ നിവൃത്തിയുള്ളു…

“സിമോ…”
“സിമോ…”

“ഏഹ്… എവിടുന്നാണീ ശബ്ദം??? ”
സിമോണ തിരിഞ്ഞുനോക്കി…
(ഹേയ്.. അത് ഞാനെന്ന്യല്ലേ?? പിന്നെന്തിനാ ഒരു തേഡ് പേഴ്‌സൺ??)

“ആരാടാ അത്??”

“ഞാനാ… ഇവിടെ ഇവിടെ..
നിന്റെ പനേടെ ഓലത്തുമ്പിൽ…”

“ഏഹ്!!…”
ഇതേതാ ഈ അടക്കാകുരുവീടെ അത്രേം പോന്നൊരു ജീവി?
“നീ ആരാ??? എന്തിനാ എന്റെ പനേല് വന്നേ???”

“ഹൂ!!… ഹൂ!!…. മിഹി!! മിഹി!! മിഹി!!!… “

(ഹേയ് ഇതെന്ത് ശബ്‌ദാ ദ്???)
“എന്താന്ന്??? നീ എന്തിനാ വെർതെ ചിരിക്കണേ???”

“സത്യായിട്ടും ഞാൻ ചിരിച്ചതല്ല.. കരഞ്ഞതാ…
എനിക്ക് നല്ല സങ്കടം വന്നാ ഇങ്ങനാ ഞാൻ നെലോളിക്കാ???”
ജീവി അലമുറയിട്ടു..

“കാര്യം പറയടോ??? നീ ആരാന്ന്???”

“ഞാനേ ഗ്രന്ധനാ.. ഗ്രന്ഥൻ…”

“ഏതു കുന്തൻ???”

“ഞാനേ.. ഞാൻ…
നിങ്ങടെ കൂട്ടത്തിലെ ആ കിച്ചു ഗന്ധർവ്വന്റെ കഥെലെ നായകൻ… ഗ്രന്ഥൻ..”

“ആ!!…
ഗ്രന്ഥരക്ഷസ്സിലെ നായകൻ… അയ്യേ.. അത് നീയാ???”
ഞാൻ ആ അടക്കാ കുരുവിയോളം പോന്ന സാധനത്തിനെ സൂക്ഷിച്ചൊന്ന് നോക്കി…
കാഴ്ചയിലെ അറിയാം.. ഒരു പച്ച പ്രാക്ക്.. കണ്ണൊക്കെ എഴുതീട്ട്ണ്ട്..
മൂക്കീന്ന് കൊതുകിന്റെ കൊമ്പ് പോലെ രണ്ടു കുഞ്ഞു സൂചികൾ കൂർത്തു വളഞ്ഞ് മേല്പോട്ട്
നിക്ക് ണ്ട്…

“അയ്യേ!!!…”
ഈ ആട്ടും കാട്ടം പോലത്തെ സാധനത്തിനെ വെച്ചാണോ ആ കിച്ചു ഗന്ധർവ്വൻ ഇത്രേം ദിവസം
ആളോളെ പേടിപ്പിച്ചിരുന്നെ???
അയ്യയ്യേ!!!…

“അയ്യേ…നീ ആരുന്നോ ഈ ഗ്രന്ഥരക്ഷസ്സ്???
നിന്നെ കണ്ടാ കൊതുകും കൂടി പേടിക്കില്ല്യല്ലോ… നീ എന്താ ഈ രാത്രി എന്റെ പനേല്??
എന്തിനാ നീ നെലോളിക്കണേ???”

“അവൻ!!!!…
ആ കള്ള കിച്ചൻ എന്നെ പുറത്താക്കീടീ സിമോ… എന്നെ ഇനി കഥെല് ഇടുക്കൂല്യ ന്നു പറഞ്ഞു..
അയ്യോ!!!!….ഹൂ!!…. മിഹി!! മിഹി!!”
രക്ഷസ്സ് നെറും തലയ്ക്ക് കയ്യിട്ടടിച്ച് നെലോളിച്ചു…

“അയ്യോ!!.. അതെന്താ???…
ആ സീരിയലിനു നല്ലോണം പ്രേക്ഷകരുണ്ടായിരുന്നല്ലോ… പിന്നെന്താ പറ്റീത്??
നീ വല്ലോം ഒപ്പിച്ചുകാണും… കിച്ചു ഗന്ധർവ്വൻ ചുമ്മാ അങ്ങനെ പറഞ്ഞയക്കില്ലല്ലോ..
സത്യം പറയടാ….”
ഞാൻ തല താഴ്ത്തി, രക്ഷസ്സിനെ, കണ്ണിന്റെ രണ്ടു മേൽപ്പീലിയും മേലോട്ട്
വിടർത്തിതുറിപ്പിച്ചു വെച്ച് പേടിപ്പിച്ചു…

“അയ്യോ!!!.. അയ്യോ!!!… എന്നെ പേടിപ്പിക്കല്ലേ..”
രക്ഷസ്സ് കണ്ണുപൊത്തിപിടിച്ചു..

എന്റടുത്താ കളി…ഹും!!!

“അത് പിന്നെ…. അത്…”
രക്ഷസ്സ് വിക്കി കളിച്ചു…

“സത്യം പറഞ്ഞോണം..
അല്ലെങ്കെ പിടിച്ചു കുപ്പീലടക്കും ഞാൻ…. അല്ലാ…..”
ഞാൻ, പല്ലും നഖോം ഇട്ടുവെക്കണ കുപ്പി കാണിച്ച് രക്ഷസ്സിനെ ഭീഷണിപ്പെടുത്തി..

“അയ്യോ!!..
എന്നെ കുപ്പീലടക്കല്ലേ..
കഥ നല്ലോണം ഫേമസ് ആയപ്പോ ഞാൻ ഇത്തിരി ശമ്പളം കൂട്ടി ചോദിച്ചു.. അതിനാ…
അതിനാ ആ ഉദ്ദണ്ഡൻ എന്നെ പുറത്താക്കീത്.. ”
“ഇപ്പൊ, ആകെ തരണേ, എട്ടു രൂപേം, ഒരു കിറ്റ്കാറ്റിന്റെ പകുതി കോലും, പിന്നൊരു
ടീസ്പൂൺ ആട്ടിൻ ചോരയും മാത്രാ..
ഒരു ഫുൾ കിറ്റ്കാറ്റെങ്കിലും തരണം ന്നു പറഞ്ഞേനാ എന്നെ പുറത്താക്ക്യേ…
അയ്യോ!!!.. എനിക്ക് സഹിക്കാൻ മേലേ…”
രക്ഷസ്സ് നെലോളി നിർത്താനുള്ള ഭാവമില്ല.

“കഥയിലൊക്കെ എടുത്തപ്പോ, ഇത്തിരി ഗമയൊക്കെ കാണിക്കണം ല്ലോ ന്നു വിചാരിച്ച്, ഞാൻ
ഞങ്ങടെ ഫ്രെണ്ട്സ് ഗ്രൂപ്പിനൊക്കെ എക്സിറ്റായെടി സിമോ…
ഇപ്പൊ കഥെന്നു പുറത്തായപ്പോ എന്നെ തിരിച്ചെടുക്കാണില്ലാ അവന്മാര്…
അയ്യോ……….ഹൂ!!… ഹൂ!!…. മിഹി!! മിഹി!!”
രക്ഷസ്സ് ഒടുക്കത്തെ നെലോളിയാണ്…. (ഈ കിച്ചൻ… ഓരോന്നൊപ്പിച്ചിട്ട്)

“നീ നെലോളിക്കല്ലേ.. ഞാൻ ലൂസിഫർ പുണ്യാളനോട് സംസാരിക്കാ…
പള്ളീലെ പനങ്കുരു സഭെടെ സെക്രട്ടറി ന്നുള്ള നിലയ്ക്ക് ഞാൻ വിളിച്ചു പറഞ്ഞാ
പുണ്യാളന് കേക്കാണ്ടിരിക്കാൻ പറ്റില്ല…
ആട്ടെ…. ഏതാ നിന്റെ ഗ്രൂപ്പ്..”

“വാട്സ്ആപ്പിൽ രക്ത രക്ഷസ്സ്…
പിന്നെ ഫേസ് ബുക്കിൽ ബ്രഹ്മരക്ഷസ്സും…
രണ്ടീന്നും പുറത്താക്കി സിമോ… രണ്ടീന്നും പുറത്താക്കി..”
രക്ഷസ്സ് ഏങ്ങലടിച്ചു…

പാവം.. നല്ല സങ്കടണ്ട് അതിന്… എനിക്ക് പ്രാക്ക് തോന്നി..
ഈ കിച്ചു ഗന്ധർവ്വനിത് എന്തിന്റെ കേടാരുന്നു.. നല്ലൊരു രക്ഷസ്സായിരുന്നു… കുഞ്ഞി
കൊമ്പും, നീട്ടി എഴുതിയ കണ്ണും, ഒക്കെ ആയിട്ട്… കാണാൻ നല്ല ശേലുണ്ട്..
പാവം… അതിനെ ഈ പരുവത്തിലാക്കീട്ട്??
ഈ രക്ഷസ്സിന്റെ ബാല ശാപോക്കെ എവിടെ കൊണ്ട് കളയാവോ???

“മമ്!!.. നെലോളിക്കണ്ട… എന്റെ കയ്യി കേറിക്കോ..”
ഞാൻ ഉള്ളം കൈ നീട്ടി കൊടുത്തു…
രക്ഷസ്സും കുട്ടി എന്റെ ഉള്ളം കയ്യിലിരുന്ന്, തള്ള വിരലിൽ, കുഞ്ഞിക്കൊമ്പുകൊണ്ട്
മാന്തിക്കളിച്ചു..

സ്നേഹം കൂടി, മടിയിൽ വെച്ചപ്പളാ അതിന്റെ തനി സ്വഭാവം മനസ്സിലായെ..
മടീൽ വെച്ചോണം ഓടിവന്ന്, മാറി കിടന്നിരുന്ന സാരീടെ പല്ലൂന്റെ ചോട്ടീക്കൂടെ കണ്ട
പൊക്കിളുമ്മെ കൊമ്പോണ്ടു കുത്താൻ വരണു..
കള്ള വരാല്!!!!..
വെറുതെ ആണോ കിച്ചൻ ഓടിപ്പിച്ചത്…

വേഗം എടുത്ത് പനയോലെലിക്കിട്ടു..

“വലിച്ചു തേമ്പി ഒട്ടിക്കും ഞാൻ!!!..
വേണ്ടാതീനം കാണിച്ചാ.. അല്ലാ..
ഒരു മിനിറ്റ് ഇവിടെ കണ്ടു പോവരുത്.. ഓടടാ.. എടാ ഓടാൻ…”
ഞാൻ പല്ലും കുപ്പി കയ്യിലെടുത്ത് ,കുപ്പിയിലാക്കാനുള്ള മന്ത്രം ചൊല്ലാൻ തുടങ്ങി…..

“ഹൂ!!…. മിഹി!! മിഹി!!”
രക്ഷസ്സ് നെലോളിച്ചോണ്ട് നൂറേ നൂറിൽ പറന്നു പോണ കണ്ടു…

പാവം… പൊക്കിള് കണ്ട് ചെലപ്പോ വല്ലോം തോന്നിക്കാണും..
അജ്ജ്ജാതി എഴുത്തല്ലേ എഴുതി വെക്കണേ ഈ കിച്ചു ഗന്ധർവ്വൻ… പിന്നെ അതിനെ
പറഞ്ഞിട്ടെന്തിനാ??..

എന്തായാലും ലൂസിഫർ പുണ്യാളനോട് പറഞ്ഞേക്കാം.. പ്രാക്കിനെ തിരിച്ചെടുക്കാൻ
ഗ്രൂപ്പുകാരോട് റെക്കമെന്റ് ചെയ്യാൻ…
ഫോണെടുത്ത് പുണ്യാളനെ കറക്കി…

“ശ്ശെഡാ!!.. ഈയിടെ ഈ പുണ്യാളൻ ടോട്ടലി ഔട്ട് ഓഫ് റേഞ്ചാണല്ലോ…
ഇനി ഡ്രാക്കുള പ്രഭൂന്റെ കൊട്ടാരത്തിലിക്ക് വല്ല മീറ്റിംഗിന് പോയേരിക്കൊ??
എന്നാലും പറയാണ്ട് പോവാറില്ലല്ലോ..”
പുണ്യാളൻ പോയതോടെ പുള്ളീടെ ശിഷ്യൻ അനുകുമാറിനേം കാണാറില്ല.. രണ്ടും കൂടി വേറെ ഇടവക
നോക്കി പോയാവോ???

ശ്ശേ!!…
രണ്ടും നല്ല സഹൃദയന്മാരായിരുന്നു…. ഇനി ആരാ നമ്മളെ ഒക്കെ ഒന്ന് കൈ തട്ടി
പ്രോത്സാഹിപ്പിക്കാൻ???
പാടാനുള്ള മൂടും പോയി….

“മമ്.. വരും… വരാണ്ടിരിക്കില്ല്യ… പുണ്യാളൻ സ്നേഹൊള്ളോനാ…
വരും… ഉറപ്പാ..”

“ഹാവ്!!… ഹാവ്!! ഹാവ്!!!..ഹാ….ഹാ…വൂ!!!…. ”
ഒറക്കം വരുണു..
ഇന്നിനി പാട്ടൊന്നും പാടാൻ പറ്റും ന്ന് തോന്നണില്ല..
നാളെ നോക്കാ…

വേഗം സാരി ഊരി, ലെഗ്ഗിങ്ങ്സും ടീഷർട്ടും വലിച്ച് കേറ്റി, ഒടിയൻ സിൽമാ കഴിഞ്ഞപ്പോ
ലാലേട്ടൻ പ്രെസെന്റായി തന്ന കരിമ്പടോം പൊതച്ച് ഞാൻ സൈഡായി…
“ങ്ങുർ!!…. ങ്ങുർ!!………ങ്ങുർ!!……….”

(അവസാനിച്ചു.)

തെറി പറയല്ലേ…

പീസ് ഇഷ്ടംപോലെ എഴുതി ഇട് ണ്ടല്ലോ… ഞാനും എല്ലാരും… ഇടയ്ക്ക് ഇങ്ങനൊരൊന്ന്
എഴുതീലെങ്കി ഒരു മനസ്സമാധാന കുറവാ.. അതോണ്ടാ ട്ടാ… ക്ഷമിച്ചേക്കെ..
അല്ലേലും എല്ലാരും യക്ഷികഥ എഴുതി പേടിപ്പിക്കുമ്പോ…
അവറ്റോൾക്കും കാണില്ലേ ഒരു മനസ്സൊക്കെ… അതാ… ഇങ്ങനെ ചുമ്മാ എഴുതി ഇട്ടേ..

സസ്നേഹം..
സിമോണയക്ഷി
യക്ഷിപ്പാലയിൽ ഹൌസ്
കരിമ്പനക്കാട്
തൃശൂർ ഡിസ്ട്രിക്ട്.

33830cookie-checkലൂസിഫർ

Leave a Reply

Your email address will not be published. Required fields are marked *